അൻവറിന്‍റെ യാത്ര യു.ഡി.എഫിന്‍റെ തിരക്കഥക്കനുസരിച്ച് -എ. വിജയരാഘവൻ
text_fieldsതൃശൂർ: യു.ഡി.എഫ് തയാറാക്കിയ തിരക്കഥക്കനുസരിച്ചാണ് പി.വി. അൻവർ യാത്ര ചെയ്യുന്നതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. മുമ്പ് അൻവർ വാർത്തകളുണ്ടാക്കി മാധ്യമ ശ്രദ്ധനേടാൻ സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ചിരുന്നു. ഇതെല്ലാം യു.ഡി.എഫുമായുള്ള വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിൽ ആയിരുന്നുവെന്ന് വിജയരാഘവൻ തൃശൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അൻവറിന്‍റെ സമര പരിപാടി മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമദ് ബഷീറാണ് ഉദ്‌ഘാടനം ചെയ്‌തത്. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും അൻവർ പറയുന്നതിന്‍റെ അനുബന്ധം പറയുന്നവരായി മാറി. കേരളത്തെ വർഗീയമായി ചേരിതിരിരിക്കുക, ആ വർഗീയചേരിയെ യു.ഡി.എഫിന് പിന്നിൽ അണിനിരത്തുക എന്നതാണ് ലക്ഷ്യം. കേരളത്തിലെ ഇടതുപക്ഷത്തെ രാഷ്‌ട്രീയമായി പ്രതിരോധിക്കാൻ കഴിയാത്തതിനാൽ എല്ലാ വിഷയവും വർഗീയവൽക്കരിക്കുകയും സാമുദായികവൽക്കരിക്കുകയും ചെയ്യുകയാണ്. വന്യജീവി സംഘർഷം പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ ഭാഗമാണ്. അത് രാഷ്‌ട്രീയ വിഷയമല്ല. എന്നാൽ അത് രാഷ്‌ട്രീയം മാത്രമല്ല, വർഗീയ വിഷയവുമാക്കുന്നു.
യു.ഡി.എഫിന് പറയാൻ പറ്റാത്ത കാര്യങ്ങൾ അൻവറിനെക്കൊണ്ട് പറയിപ്പിക്കുകയാണ്. പറയുന്നതെല്ലാം പതിരാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ ആരോപണങ്ങൾ ആവർത്തിച്ചാൽ പ്രത്യേക പിന്തുണ കിട്ടുമെന്നത് തെറ്റിധാരണയാണ്. രാഷ്‌ട്രീയ നേട്ടമുണ്ടാക്കാൻ യു.ഡി.എഫ് എളുപ്പവഴി തേടുകയാണ്. ജനങ്ങൾ പുറംതള്ളുമെന്നതിനാലാണ് വീണ്ടും മത്സരിക്കാനില്ലെന്ന് അൻവർ പറയുന്നത്. ഇതൊന്നും ഇടത് മുന്നണിയുടെ ബഹുജന അടിത്തറ ഇല്ലാതാക്കാൻ പര്യാപ്‌തമല്ല. സാമുദായിക സൗഹാർദമുള്ള നാടാണ് കേരളം. എൽ.ഡി.എഫിന് സമഗ്ര വികസന കാഴ്ചപ്പാടാണ്. ഇടതുപക്ഷത്തെ മാറ്റി ഏറ്റവും പ്രതിലോമ ചേരിക്കൊപ്പം കേരളം നിൽക്കില്ലെന്നും എ. വിജയരാഘവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

