കവടിയാറിൽ എം.ആർ. അജിത് കുമാർ 12,000 സ്ക്വയർ ഫീറ്റിൽ 'കൊട്ടാരം' പണിയുന്നുവെന്ന് പി.വി. അൻവർ
text_fieldsമലപ്പുറം: തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിന് സമീപം എ.ഡി.ജി.പി എം.ആർ. അജിത് കുമാർ 12,000 സ്ക്വയർ ഫീറ്റിൽ 'കൊട്ടാരം' പണിയുന്നുവെന്ന് പി.വി. അൻവർ എം.എൽ.എ. വാർത്തസമ്മേളനത്തിലാണ് എം.എൽ.എയുടെ ആരോപണം. 10 സെന്‍റ് ഭൂമി എം.ആർ. അജിത്ത് കുമാറിന്‍റെ പേരിലും 12 സെന്‍റ് അദ്ദേഹത്തിന്‍റെ അളിയന്‍റെ പേരിലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വീടുപണി നടന്നുകൊണ്ടിരിക്കുകയാണ്. 60 മുതൽ 75 ലക്ഷം വരെയാണ് കവടിയാർ കൊട്ടാരത്തിന് സമീപം ഭൂമിവിലയെന്നും അൻവർ പറഞ്ഞു.
ഒരു അഴിമതിയും കള്ളക്കച്ചവടവും ഇല്ലെന്ന് പറയുന്ന പൊലീസ് ഓഫിസറാണ് ഇത്ര ചെലവേറിയ വീടുണ്ടാക്കുന്നതെന്നും അൻവർ പറഞ്ഞു.
സോളാർ കേസ് അട്ടിമറിച്ചതിൽ എ.ഡി.ജി.പി അജിത്കുമാറിനു പങ്കുണ്ടെന്നും എടവണ്ണയിൽ റിദാൻ എന്ന ചെറുപ്പക്കാരൻ തലക്ക് വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ നിരപരാധിയെ കുടുക്കിയെന്നും അൻവർ പറഞ്ഞു. കേസിൽ പ്രതിയായി പൊലീസ് കുറ്റപത്രം കൊടുത്തിട്ടുള്ള ഷാൻ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നാണ് കൊല്ലപ്പെട്ട റിദാന്‍റെ ഭാര്യ പറഞ്ഞത്. കൊല്ലപ്പെട്ടതിന്‍റെ പിറ്റെ ദിവസം റിദാന്‍റെ ഭാര്യയോട് വളരെ മോശമായാണ് പൊലീസ് പെരുമാറിയത്. ഷാനുമായി അവിഹിതബന്ധമുണ്ടായിരുന്നെന്ന് സമ്മതിക്കണമെന്നാണ് പൊലീസ് പറഞ്ഞത്. ഇതേതുടർന്ന് റിദാനെ ഷാൻ വെടിവെച്ച് കൊന്നെന്ന് പറയണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. ഇത് പറയാൻ റിദാന്‍റെ ഭാര്യയെ നിർബന്ധിച്ചു. പറഞ്ഞില്ലെങ്കിൽ ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തി. റിദാന്‍റെ ഭാര്യ അത് സമ്മതിക്കാൻ തയാറായില്ല. താൻ ജയിലിലേക്ക് പോകാമെന്നാണ് അവർ പറഞ്ഞതെന്നും കേസിൽ പൊലീസ് കള്ളക്കഥകൾ ചമക്കുകയാണെന്നും അൻവർ ആരോപിച്ചു.
എ.ഡി.ജി.പി അജിത് കുമാറിനെതിരെ കൊലപാതകമടക്കമുള്ള അതീവ ഗുരുതര കുറ്റങ്ങൾ ഇന്നലെയും അൻവർ ഉയർത്തിയിരുന്നു. എ.ഡി.ജി.പിയെ നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി പരാജയമാണെന്നും ആരോപിച്ചിരുന്നു. പാർട്ടിയെയും സർക്കാരിനെയും തകർക്കാൻ ശ്രമിക്കുന്ന ഗ്രൂപ്പായി എ.ഡി.ജി.പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പൊലീസിൽ പ്രവർത്തിക്കുന്നു. സംസ്ഥാനത്ത് പ്രമുഖരുടെ വിവരങ്ങൾ ചോർത്താൻ സൈബര്‍ സെല്ലില്‍ എ.ഡി.ജി.പി പ്രത്യേക സംവിധാനം ഒരുക്കി. എല്ലാ മന്ത്രിമാരുടേയും രാഷ്ട്രീയക്കാരുടേയും മാധ്യമപ്രവർത്തകരുടെയും ഫോണ്‍കോള്‍ ചോർത്തുന്നു. ഇതിനായി അസിസ്റ്റന്റിനെ വെച്ചിട്ടുണ്ട്. കരിപ്പൂരിലെ സ്വർണക്കടത്തുമായി അജിത് കുമാറിന് ബന്ധമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ട്. പത്തനംതിട്ട എസ്.പി സുജിത് ദാസ് മലപ്പുറം എസ്.പിയായിരിക്കെ അജിത്ത് കുമാറിന്റെ നിർദേശ പ്രകാരം സ്വർണ്ണം പിടികൂടി പങ്കിട്ടെടുത്തുവെന്നും അൻവർ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

