കപ്പലും കപ്പിത്താനും ഒന്നുമല്ല കാര്യം, നമ്മളൊരു ടീമാണ്, എത്ര ഫൗൾ ചെയ്യാൻ ശ്രമിച്ചാലും ഗോളടിക്കും -പി.വി.അൻവർ
text_fieldsമലപ്പുറം: യു.ഡി.എഫിൽ അസോസിയേറ്റ് അംഗമായതിന് പിന്നാലെ നിമയസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം സജീവമാക്കി തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി.അൻവർ. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്. യു.ഡി.എഫിനായി പരമാവധി നിയോജകമണ്ഡലങ്ങളിലെ പ്രചാരണപ്രവർത്തനങ്ങളിൽ പങ്കാളിയാവണം എന്നാണ് ആഗ്രഹമെന്ന് അൻവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് യു.ഡി.എഫ് ഭരണംപിടിക്കുമെന്ന ആത്മവിശ്വാസവും അൻവർ പങ്കുവെച്ചിരുന്നു. 'കപ്പലും കപ്പിത്താനും ഒന്നുമല്ല കാര്യം, നമ്മൾ യു.ഡി.എഫ് ഒരു ടീമാണ്. എത്ര ഫൗൾ ചെയ്യാൻ ശ്രമിച്ചാലും കേരളത്തിലെ ജനങ്ങൾക്കായി നമ്മൾ ആ ഗോൾ നേടിയിരിക്കും.'-എന്നാണ് ഈ ഫോട്ടോക്കൊപ്പം അൻവർ കുറിച്ചത്.
തൃണമൂൽ കോൺഗ്രസ് എത്ര സീറ്റിൽ മത്സരിക്കുന്നു എന്നതിൽ പ്രസക്തിയില്ലെന്നും കേരളത്തിൽ എവിടെയും മത്സരിക്കാൻ തൃണമൂൽ കോൺഗ്രസ് തയാറാണെന്ന് കഴിഞ്ഞ ദിവസം അന്‍വർ വ്യക്തമാക്കിയിരുന്നു.
കേരളത്തിൽ പിണറായിസം അവസാനിക്കാൻ പോകുകയാണ്. പിണറായിയുടെ തകർച്ചയുടെ കാരണം മുഹമ്മദ് റിയാസ് ആണ്. മരുമോനിസമാണ് കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ നടപ്പാകുന്നത്. യു.ഡി.എഫിൽ ഒരു സീറ്റും ആവശ്യപ്പെട്ടിട്ടില്ലെന്നും തനിക്ക് ഒരു ഉപാധിയുമില്ലെന്നും പറഞ്ഞ അൻവർ എല്ലാം യു.ഡി.എഫ് നേതൃത്വത്തിന് തീരുമാനിക്കാമെന്നും വ്യക്തമാക്കി.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ കോഴിക്കോട് ബേപ്പൂരില്‍ മത്സരിക്കണമെന്ന നിര്‍ദേശം അൻവറിന് യു.ഡി.എഫ് നേതൃത്വം നൽകിയതായാണ് വിവരം.
നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രം നല്‍കാനാണ് മുന്നണിയിലെ ആലോചന. നേരത്തെ തവനൂരും പട്ടാമ്പിയുമടക്കമുള്ള മണ്ഡലങ്ങള്‍ അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബേപ്പൂര്‍ തന്നെയാണ് മുന്നണി നേതൃത്വം മുന്നോട്ടുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

