‘കഴിവുള്ളവരെയും ജനകീയരെയും അൽപം ഭയമുള്ള കൂട്ടത്തിലാണ് മുഖ്യമന്ത്രിയും മരുമകനും’; എ. പ്രദീപ് കുമാറിന്‍റെ നിയമനത്തിൽ പ്രതികരണവുമായി പി.വി. അൻവർ
text_fieldsകോഴിക്കോട്: എ. പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കിയതിൽ പിണറായി വിജയനും മന്ത്രി പി.എ. മുഹമ്മദ് റിയാസിനും എതിരെ രൂക്ഷ വിമർശനവുമായി നിലമ്പൂർ മുൻ എം.എൽ.എ പി.വി. അൻവർ. പിണറായിസത്തിൽ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളുടെ എണ്ണം വർധിച്ചിരിക്കുകയാണെന്ന് അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
കഴിവുള്ളവരെയും ജനകീയരെയും അൽപം ഭയമുളള കൂട്ടത്തിലാണ് മുഖ്യമന്ത്രിയും മരുമകനും. അപസ്വരങ്ങളെ അധികാര ദണ്ഡ് ഉപയോഗിച്ച് പിണറായിസം അടിച്ചമർത്തിയെന്നും അൻവർ പറയുന്നു.
കോഴിക്കോട് ജില്ലയിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവിനെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഒരു വർഷത്തെ ക്ലാർക്കിന്റെ പണിക്ക് നിയോഗിക്കപ്പെട്ടിരിക്കുകയാണ്. ഒരു വെടിക്ക് രണ്ട് പക്ഷിയെയാണ് വീഴ്ത്തിയിരിക്കുന്നത്. നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ. രാഗേഷിനെ മൂന്നു ജയരാജന്മാരെയും വെട്ടിനിരത്തി കണ്ണൂരിലേക്ക് നിയോഗിച്ചിരിക്കുകയാണ്. എല്ലാം മരുമകന് വേണ്ടിയാണെന്ന് ആലോചിക്കുമ്പോഴാണ് ഒരു ആശ്വാസമെന്നും പി.വി. അൻവർ എഫ്.ബി. പോസ്റ്റിൽ പറയുന്നു.
പി.വി. അൻവറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ആദ്യം വെട്ടിയത് സഖാവ് എളമരം കരീം ഇക്കയെയാണ്. പിന്നൊരിക്കൽ സഖാവ് മോഹനൻ മാസ്റ്ററെ കൂടെ കൂട്ടി മുഹമ്മദ് റിയാസിന്റെ നോമിനിയായ എം. മെഹബൂബിനെ ജില്ലാ സെക്രട്ടറിയാക്കി. പിന്നീട് മോഹനൻ മാഷെയും മെല്ലെ താഴെയിട്ടു. കോഴിക്കോട് ജില്ലയിൽ സഖാവ് എ. പ്രദീപ് കുമാർ സാധാരണക്കാരുടെ നേതാവാണ്. കഴിഞ്ഞ ദിവസം ആ ദൗത്യവും പൂർത്തീകരിച്ചു.
കോഴിക്കോട് ജില്ലയിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവിനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഒരു വർഷത്തെ ക്ലാർക്കിന്റെ പണിക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നു. ഒരു വെടിക്ക് രണ്ട് പക്ഷിയെയാണ് വീഴ്ത്തിയിരിക്കുന്നത്. നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെകെ രാഗേഷിനെ മൂന്നു ജയരാജന്മാരെയും വെട്ടി നിരത്തി മുഖ്യമന്ത്രിക്കും കുടുംബത്തിനും അനുകൂലമാക്കിയ കണ്ണൂരിലേക്ക് നിയോഗിച്ചിരിക്കുകയാണ്. എല്ലാം മരുമകനു വേണ്ടിയാണ് എന്ന് ആലോചിക്കുമ്പോഴാണ് ആകെ ഒരു ആശ്വാസം!!
മുമ്പ് വയനാട്ടിലും ഉണ്ടായി സമാന സംഭവം. ജനകീയനായ സഖാവ് ഗഗാറിനെ ഒരു പരിഗണനയും നൽകാതെ എടുത്തു പുറത്തിട്ട് മുഹമ്മദ് റിയാസിന്റെ നോമിനിയായ റഫീഖിനെ ജില്ലാ സെക്രട്ടറിയാക്കിയത് അന്ന് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. പക്ഷേ അപസ്വരങ്ങളെ അധികാര ദണ്ഡുപയോഗിച്ച് അടിച്ചമർത്തി പിണറായിസം.
എന്തോ കഴിവുള്ളവരെയും ജനകീയരെയും അൽപം ഭയമുളള കൂട്ടത്തിലാണ് മുഖ്യമന്ത്രിയും മരുമകനും. എന്തായിരുന്നാലും രക്തസാക്ഷികളുടെ എണ്ണം വർദ്ധിക്കുകയാണ്. പിണറായിസത്തിന്‍റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ!!
മുന്‍ എം.എല്‍.എയും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ എ. പ്രദീപ് കുമാറിനെയാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. കെ.കെ. രാഗേഷ് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറിയായ ഒഴിവിലാണ് നിയമനം. മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ പി.എ. മുഹമ്മദ് റിയാസുമായുള്ള അടുപ്പമാണ് പ്രദീപ് കുമാറിനെ പരിഗണിക്കാൻ പ്രധാന കാരണമായി പറയുന്നത്.
കഴിഞ്ഞ ദിവസം നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രദീപ് കുമാറിന്റെ പേര് ചർച്ചയായിരുന്നു. മുന്‍ ചീഫ് സെക്രട്ടറി ഡോ.വി. വേണു അടക്കമുള്ള പേരുകള്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. മൂന്ന് തവണ കോഴിക്കോട് നോര്‍ത്തില്‍ നിന്ന് എ. പ്രദീപ് കുമാര്‍ എം.എൽ.എ ആയിട്ടുണ്ട്.
എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും സംസ്ഥാന നേതൃനിരയില്‍ പ്രദീപ് കുമാർ പ്രവര്‍ത്തിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കേ പാർട്ടിയിലെ ഗ്രൂപ്പിസം സ്ഥാനത്തേയും ബാധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

