‘എന്നോടൊന്ന് പറഞ്ഞിരുന്നെങ്കിൽ, ഒന്ന് വിളിച്ചിരുന്നുവെങ്കിൽ...’; അബു അരീക്കോടിന്‍റെ വേർപാടിൽ പി.വി. അൻവർ
text_fieldsകോഴിക്കോട്: കോളജ് വിദ്യാർഥിയും ഇടത് രാഷ്ട്രീയ, സമൂഹ മാധ്യമരംഗത്തെ സജീവ സാന്നിധ്യമായിരുന്ന അബു അരീക്കോടിനെ വിയോഗവേളയിൽ ഓർമകളുമായി മുൻ എം.എൽ.എ പി.വി. അൻവർ. വേരു പിടിക്കുന്നതിന് മുമ്പേ ഒരു പൂമരം വേരറ്റെന്നും ഹൃദയത്തിൽ സൗഹൃദത്തിന്‍റെ ചരടുപൊട്ടിയ വേദനയാണെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
പി.വി. അൻവറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ട അബുവിന്റെ വിയോഗദുഃഖം ഘനീഭവിച്ച പകലാണിന്ന്.
വേരു പിടിക്കുന്നതിന് മുമ്പേ ഒരു പൂമരം വേരറ്റ് ….
മറയില്ലാതെ നിഷ്കളങ്കമായി ചിരിക്കുന്ന, സംസാരിക്കുമ്പോൾ ആശയങ്ങളും,ശബ്ദവും ഒരുപോലെ ഗാംഭീര്യമുള്ളതായി മാറുന്ന അബു.
ആത്മീയതയും ഇടതു സൈദ്ധാന്തികതയും സമന്വയിപ്പിച്ച് ഫാഷിസത്തിനെതിരെ ഉറച്ച നിലപാട് എഴുതിയും പറഞ്ഞും അബു എന്നോ ഒരിക്കൽ എന്റെയും പ്രിയപ്പെട്ടവനായി.
ആശയധാരകൾക്കും രാഷ്ട്രീയ ചിന്തകൾക്കും അതീതമായി ആ ബന്ധം നിലനിന്നു.
ഹൃദയത്തിൽ സൗഹൃദത്തിന്റെ ഒരു ചരട് പൊട്ടിയ വേദനയാണെനിക്ക്
പറയാതെ വന്ന്, നമ്മളറിയാതെ കടന്നുപോവുന്ന ചിലരുണ്ട്.
“നക്ഷത്രങ്ങളെപ്പോലെ”
എങ്കിലും,
“എന്തായിരുന്നാലും”
ഒരു വാക്ക്
എന്നോടൊന്ന് പറഞ്ഞിരുന്നെങ്കിൽ
ഒന്ന് വിളിച്ചിരുന്നുവെങ്കിൽ
എന്ന് ഓർത്തു പോവുന്നു.
(പി.വി അൻവർ)
അബുവിനെ അനുസ്മരിച്ച് കെ.ടി. ജലീൽ എം.എൽ.എയും ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ജീവിതത്തോട് പൊരുതി നിന്നിരുന്ന സാമൂഹ്യ പ്രവർത്തകനാണ് അബു എന്ന് കെ.ടി. ജലീൽ എഫ്.ബി. പോസ്റ്റിൽ കുറിച്ചു.
കെ.ടി. ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
അബു അരീക്കോട് ഇനി യു ട്യൂബിൽ വരില്ല!
ജീവിതത്തോട് പൊരുതി നിന്നിരുന്ന സാമൂഹ്യ പ്രവർത്തകനാണ് അബു അരീക്കോട്. ജനിച്ച കാലം തൊട്ട് യുവാവായി നിയമ പഠനം നടത്തുന്ന നാൾ വരെയും പ്രയാസകരമായ കുടുംബ പശ്ചാതലത്തിലൂടെ കടന്ന് പോയ അബു അഭിമാനം അടിയറ വെക്കാതെയാണ് അവസാന നിമിഷം വരെ ജീവിച്ചത്. അരീക്കോട്ടുകാരൻ അബു രാഷ്ട്രീയത്തിൽ ഒഴുക്കിനെതിരെ നീന്താനാണ് എന്നും ഇഷ്ടപ്പെട്ടത്.
നിലപാടുകളും അഭിപ്രായങ്ങളും പേറി ദുരിതപർവ്വങ്ങൾ താണ്ടേണ്ടി വന്നപ്പോഴും...
ആരുടെ മുമ്പിലും ആദർശം അബു അടിയറ വെച്ചില്ല. യു ട്യൂബർ എന്ന നിലയിൽ കടുത്ത രാഷ്ട്രീയ വിമർശനങ്ങൾ അദ്ദേഹം നടത്തിയിരുന്നു. അതൊന്നും ആരോടെങ്കിലുമുള്ള വ്യക്തി വിദ്വേഷം കൊണ്ടല്ല. താൻ ശരിയെന്ന് ഉറച്ചു കരുതുന്ന രാഷ്ട്രീയത്തോടുള്ള അതിരുകളില്ലാത്ത അടുപ്പം കൊണ്ടാണ്. ഇടതു വേദികളിൽ കത്തിക്കയറിയിരുന്ന പ്രഭാഷകനും കൂടിയാണ് അകാലത്തിൽ അരങ്ങൊഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

