അന്ന്, പിണറായി പിതൃതുല്യൻ; ഇന്ന് പിണറായിസം അവസാനിപ്പിക്കാൻ 482 ദിവസം; അൻവറിന്റെ രാഷ്ട്രീയം കേട്ടതിങ്ങനെ...
text_fieldsഇന്നലെ രാത്രി മുതൽ കേട്ട വാർത്തകൾക്ക് വിരാമമായി. പി.വി. അൻവർ എം.എൽ.എ സ്ഥാനം രാജിവെച്ചു. ഇനി തൃണമൂൽ കോൺഗ്രസിന്റെ കേരളത്തിലെ നേതാവാകും. ഏറെക്കാലമായി അൻവർ വൻ വിവാദങ്ങളാണ് ഉയർത്തിക്കൊണ്ട് വന്നത്. തുടക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പിതൃതുല്യാണെന്ന് പറഞ്ഞായിരുന്നു പ്രതികരണം മുഴുവൻ. ഇന്ന് പിണറായിസം അവസാനിപ്പിക്കാൻ 482 ദിവസം മാത്രമാണുള്ളതെന്നാണ് അൻവർ പറയുന്നത്.
ആഭ്യന്തര വകുപ്പ്, മുഖ്യമന്ത്രിയുടെ െപാളിറ്റിക്കൽ സെക്രട്ടറി പി. ശശി, എ.ഡി.ജി.പി എം.ആർ. അജിത് കുമാർ, സ്വർണക്കടത്ത്, തൃശൂർ പൂരം കലക്കൽ, റിയൽ എസ്റ്റേറ്റ്, പൊലീസിലെ ആർ.എസ്.എസ് വൽക്കരണം ഉൾപ്പെടെയുളള വിവിധ വിഷയങ്ങൾ അൻവർ ഉന്നയിച്ചു. ഇടത്, സർക്കാറിന്റെ ഭാഗമായി നിന്ന എം.എൽ.എയെന്ന നിലയിൽ അൻവർ നടത്തിയ പരസ്യപ്രകടനം ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടത്. എന്നാൽ, പിന്നീട് സി.പി.എം നേതൃത്വം പരസ്യപ്രതികരണം വിലക്കി. തുടർന്ന്, എല്ലാറ്റിൽ നിന്നും മാറി നിന്ന അൻവർ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും മുഖ്യമന്ത്രിയെയും കണ്ടു. എന്നാൽ, പ്രതീക്ഷിച്ച പിൻതുണ ലഭിച്ചില്ല. പിന്നെ, കണ്ടത് ഇടത് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്ന അൻവറിനെയാണ്. കോടിയേരിയുടെ മരണത്തോടെ സി.പി.എമ്മില്‍ കാര്യങ്ങൾ പന്തിയല്ലെന്ന് പറഞ്ഞാണ് അന്‍വര്‍ എല്‍.ഡി.എഫില്‍നിന്ന് പുറത്തേക്ക് ഇറങ്ങിയത്. എല്ലാ നീക്കങ്ങളും അൻവർ ഫേസ് ബുക്കിലൂടെയാണ് അറിയിച്ചത്. നേരത്തെ പിണറായിയോടൊപ്പം നിൽക്കുന്ന ഫോട്ടോ മാറ്റി വിയോജിപ്പ് പരസ്യമാക്കിയതുൾപ്പെടെ ഇതിൽ ചിലതാണ്.
കോടിയേരിയുണ്ടായിരുന്നെങ്കില്‍ തനിക്ക് പാര്‍ട്ടിയുമായി ഏറ്റുമുട്ടേണ്ട സാഹചര്യമുണ്ടാവില്ലെന്ന് അന്‍വര്‍ തന്നെ ആദ്യഘട്ടത്തില്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, അദ്ദേഹത്തിന്റെ വിശ്വസ്തനും പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ പി. ശശി, പോലീസ് വകുപ്പിലെ ശക്തനായിരുന്ന എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചാണ് അന്‍വര്‍ പുറത്തേക്കുള്ള വഴിതുറന്നത്.
രാജിയോടെ തന്റെ രാഷ്ട്രീയ സാധ്യത അവസാനിക്കുന്നില്ലെന്ന സന്ദേശം ബാക്കിവെച്ചാണ് അന്‍വറിന്റെ ഇന്നത്തെ വാർത്താസമ്മേളനം പോലും. ആഭ്യന്തരവകുപ്പിനെതിരായ ആരോപണങ്ങളില്‍ തുടങ്ങിയ അന്‍വര്‍ ഇപ്പോള്‍ മനുഷ്യ- വനംവന്യജീവി സംഘര്‍ഷത്തിന്റെ രാഷ്ട്രീയമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ ജയിൽ വാസം അനുഭവിക്കുക കൂടി ചെയ്ത സാഹചര്യത്തിൽ വരും കാല രാഷ്ട്രീയത്തിലും വനംവന്യജീവി പ്രശ്നം സജീവമാകും.
എന്നാൽ, ഇടത് സ്വതന്ത്രനാണെങ്കിലും പിണറായിയുടെ നാവായി നിന്ന അൻവർ എം.എൽ.എ സ്ഥാനം രാജിെവച്ചതോടെ എവിടെപ്പോയാലും പ്രശ്നമില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചത്. യു.ഡി.എഫ് അൻവറിനെ പൂർണമായി സ്വീകരിക്കുമോയെന്ന ചോദ്യമാണിപ്പോൾ പ്രധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

