150 കോടി കോഴ ആരോപണം; വി.ഡി. സതീശനോട് മാപ്പ് ചോദിക്കുന്നുവെന്ന് പി.വി. അൻവർ, ‘എല്ലാം ചെയ്യിച്ചത് പി. ശശി’
text_fieldsതിരുവനന്തപുരം: നിയമസഭയിൽ 150 കോടിയുടെ കോഴ ആരോപണം ഉന്നയിച്ച വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് മാപ്പ് ചോദിക്കുന്നുവെന്ന് പി.വി. അൻവർ. എം.എൽ.എ സ്ഥാനം രാജിവെച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ നിർദേശം പ്രകാരം ചെയ്തതാണെന്നും അൻവർ പറഞ്ഞു.
വലിയ പാപഭാരം പേറിയാണ് ഞാൻ നിൽക്കുന്നത്. അതിൽ പ്രധാനം പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ച വലിയ അഴിമതി ആരോപണമാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കെതിരെ സഭക്ക് അകത്തും പുറത്തും വല്ലാത്ത രീതിയിൽ ആരോപണം ഉന്നയിക്കുന്ന സാഹചര്യമായിരുന്നു അത്. മാത്യു കുഴൽ നാടൻ എം.എൽ.എയൊക്കെ മുഖ്യമന്ത്രിയുടെ കുടുംബത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നത് പതിവാക്കിയിരിക്കുകയായിരുന്നു.
ആഘട്ടത്തിൽ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയാണ് പ്രതിപക്ഷ നേതാവിനെതിരെയുള്ള ആരോപണം അറിയിക്കുന്നത്. അക്കാര്യം എനിക്ക് ടൈപ്പ് ചെയ്തു നൽകുകയായിരുന്നു. തുടർന്നാണ്, പ്രതിപക്ഷ നേതാവിനെതിരെ 150 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ചത്.
പാർട്ടിയുടെ ഉത്തരവാദപ്പെട്ട എം.എൽ.എമാർ ഉന്നയിച്ചാൽ പോരെ എന്ന് പി. ശശിയോട് ചോദിച്ചപ്പോൾ പോര എം.എൽ.എ തന്നെ ഉന്നയിക്കണമെന്ന് പറഞ്ഞത്. എനിക്ക് മുഖ്യമന്ത്രിയെയും കുടുംബത്തെയും വളഞ്ഞിട്ട് അക്രമിക്കുന്നതിൽ വലിയ അമർഷമുണ്ടായിരുന്നു. അതുകൊണ്ടാണ് എന്നെ പാർട്ടി ഏൽപിച്ച കാര്യം ഞാൻ ഏറ്റെടുത്തത്.
ശശിയേട്ടാ ഇത്, ശരിയല്ലെയെന്ന് ഞാൻ ചോദിച്ചിരുന്നു. പൂർണമായും ശരിയാണെന്നാണ് ശശി പറഞ്ഞത്. അങ്ങനെ എന്നെ കൊണ്ട് ചെയ്യിക്കുന്നതിലൂടെ ഇവിടുത്തെ കോൺഗ്രസ് നേതൃത്വത്തിനുമുൻപിൽ വലിയ ശത്രുവാക്കാനുള്ള ഗൂഡാലോചനയുണ്ടായോ എന്ന സംശയിക്കുകയാണിപ്പോൾ.
ഈ സാഹചര്യത്തിൽ കേരളത്തിലെ മുഴുവൻ ജനതയോടും പ്രതിപക്ഷ വി.ഡി. സതീശനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും സ്നേഹിക്കുന്നവരോടും ആത്മാർത്ഥമായി മാപ്പ് ചോദിക്കുകയാണെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രി എന്നെ തള്ളിപ്പറയുന്നവരെ ഞാൻ കരുതിയത് പി. ശശിയുടെയും എം.ആർ. അജിത് കുമാറിന്റെയും കോക്കസിൽ കുരുങ്ങികിടക്കുകയായിരുന്നുവെന്നാണ്.
എന്നാൽ, പി. ശശിക്കെതിരെ ഞാൻ ഉന്നയിച്ച ആരോപണം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പിന്നീടാണ് ഞാൻ, മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചത്. അതോടെ, എനിക്ക് അതുവരെ പിന്തുണ നൽകിയ സി.പി.എം നേതാക്കൾ ഫോൺ എടുക്കാതെയായി. രണ്ട് ദിവസം വിളിച്ചു. പിന്നെ, ആ ശ്രമം ഞാൻ ഉപേക്ഷിച്ചു. അവരുടെ പേരുകളിപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും അൻവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

