അൻവറിന്റെ പാർക്ക്: മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് തേടി
text_fieldsതിരുവമ്പാടി: നിലമ്പൂർ എം.എൽ.എ പി.വി. അൻവറിെൻറ കക്കാടംപൊയിലിലെ വിവാദ വാട്ടർ തീം പാർക്ക് സംബന്ധിച്ച് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മലിനീകരണ നിയന്ത്രണ ബോർഡിനോട് റിപ്പോർട്ട് തേടി. മലിനീകരണ നിയന്ത്രണ ബോർഡ് പാർക്കിന് അനുമതി റദ്ദാക്കിയെന്ന പ്രചാരണത്തെ തുടർന്നാണ് നിജസ്ഥിതി തേടിയിരിക്കുന്നതെന്ന് കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എ. നസീർ പറഞ്ഞു.
വാട്ടർ തീം പാർക്കിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ സമ്മതപത്രം നിലവിലുണ്ടോയെന്ന കാര്യവും ഗ്രാമപഞ്ചായത്ത് പരിശോധിക്കുന്നുണ്ട്. അനുമതി കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം 31ന് ചേരും. പാർക്കിെൻറ വിവിധ രേഖകൾ നിയമാനുസൃതമാണോ എന്ന് പരിശോധിക്കാൻ പഞ്ചായത്ത് ഭരണസമിതി ഏഴംഗ ഉപസമിതിയെ നിയോഗിച്ചിരുന്നു. ഉപസമിതി റിപ്പോർട്ട് 31ന് ചേരുന്ന ഭരണസമിതിയിൽ സമർപ്പിക്കും. റിപ്പോർട്ട് ചർച്ചചെയ്ത ശേഷം ഗ്രാമപഞ്ചായത്ത് തുടർ നടപടി സ്വീകരിക്കുമെന്നാണ് സൂചന. യു.ഡി.എഫാണ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത്.
പ്രാദേശിക കോൺഗ്രസ്, ലീഗ് നേതൃത്വം വാട്ടർ തീം പാർക്കിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. പാർക്കിെന അനുകൂലിച്ച മണ്ഡലം കോൺഗ്രസ് കമ്മിറ്റിയോട് കെ.പി.സി.സി വിശദീകരണം ചോദിച്ചിരുന്നു. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർക്കിലേക്ക് മാർച്ച് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
