തോറ്റിട്ടും ജയിച്ച് ‘അമ്പുക്ക’; തന്നെ അവഗണിച്ച് നിലമ്പൂരിൽ ജയിക്കാനാവില്ലെന്ന് ബോധ്യപ്പെടുത്തി അൻവർ
text_fieldsമലപ്പുറം: ഉപതെരഞ്ഞെടുപ്പിൽ വിജയത്തോളം മധുരമുള്ള തോൽവിയുമായി തൃണമൂൽ കോൺഗ്രസ് പിന്തുണച്ച സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ. ഇരു മുന്നണികളോടും നേർക്കുനേർ പോരാടി 19,760 വോട്ട് (11.23 ശതമാനം) നേടിയ അൻവർ തന്റെ രാഷ്ട്രീയ പ്രസക്തി ആവർത്തിച്ചുറപ്പിച്ചു. സംസ്ഥാന സർക്കാറിനെതിരെ അദ്ദേഹം ഉയർത്തിയ രാഷ്ട്രീയ വിഷയങ്ങൾ നിലമ്പൂരുകാർ ഏറ്റെടുത്തതിന്റെ കൂടി തെളിവാണ് അൻവറിന് ലഭിച്ച മികച്ച വോട്ടും യു.ഡി.എഫിന്റെ മികച്ച വിജയവും.
ഇരുമുന്നണികളുടെയും വോട്ട് ചോർത്തിയ അൻവർ, തന്നെ മാറ്റിനിർത്തി നിലമ്പൂരിൽ ജയിക്കാനാവില്ലെന്ന് സി.പി.എമ്മിനെയും അവഗണിച്ച് അധികകാലം മുന്നോട്ടുപോകാനാകില്ലെന്ന് യു.ഡി.എഫിനെയും ബോധ്യപ്പെടുത്തി. കഴിഞ്ഞ രണ്ടുതവണയും അൻവർ വിജയിച്ചത് സി.പി.എം വോട്ടുകൾ കൊണ്ടായിരുന്നു എന്നാണ് ഇടതുകേന്ദ്രങ്ങൾ വാദിച്ചിരുന്നത്. ഇത്തവണ വോട്ടെടുപ്പ് കഴിഞ്ഞ് തയാറാക്കിയ ബൂത്തുതല കണക്കിൽ പാർട്ടി അൻവറിന് കണ്ടതാകട്ടെ 5000 വോട്ടുകളും. എന്നാൽ, നിലമ്പൂരിൽ തനിക്ക് സ്വന്തമായി വോട്ടുകളുണ്ടെന്ന അൻവറിന്റെ അവകാശവാദത്തെ സാധൂകരിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.
2021ൽ ഇടതു പിന്തുണയിൽ നിലമ്പൂരിൽ 81,227 വോട്ടാണ് അൻവറിന് ലഭിച്ചത്. ഇത്തവണ സ്വരാജിന് കിട്ടിയ വോട്ട് ഇതിൽനിന്ന് കുറച്ചാൽ ലഭിക്കുന്നത് 14,567. ഇത്തവണ അൻവറിന് സ്വന്തം നിലക്ക് ലഭിച്ച വോട്ട് 19,760. ഇരുമുന്നണികളും തങ്ങളുടെ സംവിധാനങ്ങൾ എല്ലാം ഉപയോഗിച്ച് കൊണ്ടുപിടിച്ച പ്രചാരണം നടത്തിയിട്ടും അൻവറിന്റെ വോട്ടുകളിൽ ഇളക്കം തട്ടിക്കാനായില്ല.
2011ൽ ഏറനാട് നിയോജക മണ്ഡലത്തിലാണ് അൻവർ കന്നിയങ്കത്തിനിറങ്ങുന്നത്. സ്വതന്ത്രനായ അൻവർ അന്ന് ഏവരെയും ഞെട്ടിച്ച് 41.5 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തെത്തി. 2014ൽ വയനാട് ലോക്സഭ മണ്ഡലത്തിൽ സ്വതന്ത്രവേഷത്തിൽ 37,123 വോട്ടുപിടിച്ച അൻവർ നിലമ്പൂർ മണ്ഡലത്തിൽനിന്ന് മാത്രം 7000ത്തോളം വോട്ട് സ്വന്തമാക്കിയിരുന്നു. വോട്ട് പെട്ടിയിലാക്കാനുള്ള അൻവറിന്റെ മിടുക്ക് മുതലാക്കാനാണ് 2016ലും 2021ലും സി.പി.ഐയുടെ എതിർപ്പ് മറികടന്നും സി.പി.എം അൻവറിനെ നിലമ്പൂരിൽ പരീക്ഷിച്ചത്.
പതിറ്റാണ്ടുകളായി യു.ഡി.എഫ് കുത്തകയാക്കിവെച്ച മണ്ഡലം അന്ന് അൻവർ എൽ.ഡി.എഫിന് ഏൽപിച്ചുകൊടുത്തു. പൊലീസിലെ സംഘിവത്കരണവും മലപ്പുറത്തെ ക്രിമിനൽ കേന്ദ്രമാക്കാനുള്ള ആസൂത്രിത ശ്രമവും ആഭ്യന്തരവകുപ്പിന്റെ സംഘ്പരിവാർ പ്രോത്സാഹന നിലപാടുമെല്ലാം ഉയർത്തിയാണ് അൻവർ എൽ.ഡി.എഫുമായുള്ള സഹകരണം അവസാനിപ്പിച്ചതും എം.എൽ.എസ്ഥാനം രാജിവെച്ചതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

