അജിത് കുമാറിന്റെ ഭാര്യ മറ്റൊരാളുമായി സംസാരിക്കുന്ന കോള്‍ റെക്കോഡ് കൈയിലുണ്ട് -പി.വി. അൻവർ
text_fieldsമലപ്പുറം: എല്ലാ മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും മാധ്യമപ്രവർത്തകരുടെയും ഫോണ്‍കോള്‍ ചോർത്താൻ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന് സംവിധാനമുണ്ടെന്ന് പി.വി. അൻവർ എം.എൽ.എ. ‘കാര്യങ്ങൾ നിയന്ത്രിക്കാൻ അജിത് കുമാര്‍ അസിസ്റ്റന്റിനെ വെച്ചിട്ടുണ്ട്. സൈബര്‍ സെല്ലില്‍ പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ലക്ഷ്യം എല്ലാ മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും മാധ്യമപ്രവർത്തകരുടെയും ഫോണ്‍കോള്‍ ചോർത്തലാണ്. അജിത് കുമാറിന്റെ ഭാര്യ മറ്റൊരാളുമായി സംസാരിക്കുന്ന കോള്‍ റെക്കോഡുണ്ട് എന്റെ കൈയില്‍. അവർ സംസാരിക്കുന്നത് അവരുടെ സഹോദരനോടാണ്. എന്നാൽ, ആ കോളിന്റെ അങ്ങേയറ്റത്ത് മറ്റൊരാളുണ്ട്. അതിന്റെ വിവരങ്ങൾ താൻ ഇപ്പോൾ പുറത്ത് വിടുന്നില്ല. അവസരം വരുമ്പോൾ പുറത്ത് വിടും. അജിത് കുമാറിന്റെ വീട് കേന്ദ്രീകരിച്ച് ഇടപാടുകൾ നടക്കുന്നുണ്ട്’ -മലപ്പുറത്ത് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ അൻവർ പറഞ്ഞു.
‘മാമിയെ കൊണ്ടുപോയി കൊന്നതാണെന്നാണ് കരുതുന്നത്’
അജിത് കുമാർ കൊലപാതകം നടത്തിച്ചിട്ടുണ്ട്. ഇതിനുള്ള തെളിവുകളും തന്റെ പക്കലുണ്ട്. ഇത് സംബന്ധിച്ച് വിശദീകരിക്കാൻ വാദിയും പ്രതിയും നിങ്ങളുടെ മുന്നില്‍ വരും. സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ടാണിത്. മാമി എന്ന കോഴിക്കോട്ടെ കച്ചവടക്കാരനെ കാണാതായിട്ട് ഒരു വര്‍ഷമായി. കൊണ്ടുപോയി കൊന്നതാണെന്നാണ് കരുതുന്നത്. അതും ഈ സംഘവുമായി ബന്ധപ്പെട്ട മറ്റൊരു വിഷയത്തില്‍. എല്ലാം കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ടാണ്.
‘കസ്റ്റംസുകാർ വിമാനത്താവളത്തിൽനിന്ന് സ്വർണം പിടിക്കാത്തതിന്റെ കാരണം മറ്റൊന്നാണ്’
സുജിത് ദാസ് മലപ്പുറം എസ്.പിയായിരുന്ന സമയത്ത് വിദേശത്തുനിന്ന് സ്വര്‍ണം വരുമ്പോൾ ഒറ്റുകാര്‍ വഴി അദ്ദേഹത്തിന് വിവരം കിട്ടും. ഇത് എങ്ങനെ സാധിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? കടത്തുകാർ കൊണ്ടുവരുന്ന സ്വർണം വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്‌കാനിങ്ങില്‍ കാണുന്നുണ്ട്. അത്യാധുനിക ഉപകരണങ്ങളാണ് കരിപ്പൂരിലുള്ളത്. എന്നാൽ, അവര്‍ കണ്ടതായി നടിക്കില്ല. രക്ഷപ്പെട്ടെന്ന ധാരണയിൽ സ്വർണവാഹകർ പുറത്തിറങ്ങും. ഇവര്‍ പുറത്തിറങ്ങുമ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ പൊലീസിന് വിവരം കൈമാറും. പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടും. എന്നിട്ട് 50-60 ശതമാനം സ്വര്‍ണം അടിച്ചുമാറ്റും. ഇതാണ് പൊലീസ് സംഘത്തിന്റെ രീതി.
കസ്റ്റംസുകാർ വിമാനത്താവളത്തിൽനിന്ന് സ്വർണം പിടിക്കാത്തതിന്റെ കാരണം മറ്റൊന്നാണ്. സി.സി ടി.വി നിരീക്ഷണത്തിലാണ് വിമാനത്താവളമുള്ളത്. ഇവിടെനിന്ന് പിടികൂടുന്ന ഓരോ സാധനത്തിനും കണക്ക് കൊടുക്കേണ്ടി വരും. പുറത്ത് നിന്നാകുമ്പോൾ ഈ പ്രശ്നമില്ല. സുജിത് ദാസിന് കസ്റ്റംസില്‍ നല്ല ബന്ധമുണ്ട്. സുജിത് ദാസ് ഐ.പി.എസിലേക്ക് വരുന്നതിന് മുമ്പ് അയാള്‍ കസ്റ്റംസിലായിരുന്നു. കസ്റ്റംസിലെ ഉദ്യോഗസ്ഥരുമായി വലിയ ബന്ധം നിലനിര്‍ത്തുന്നുണ്ട്. ആ ബന്ധങ്ങളാണ് സ്വര്‍ണം തട്ടിയെടുക്കാൻ സഹായിക്കുന്നത്. സുജിത് ദാസിനെ നിയന്ത്രിക്കുന്നത് എം.ആര്‍. അജിത്കുമാറാണ്.
‘പരാതിക്കാരൻ എന്ന നിലയിൽ തന്റെ മൊഴിയെടുക്കാൻ പോലും പൊലീസ് തയാറായില്ല’
എം.എൽ.എ എന്ന നിലയിൽ നേരത്തെ പ്രതിപക്ഷ നേതാവിനെതിരെ നിയമസഭയിൽ താൻ ഉന്നയിച്ച പരാതിയിൽ വിജിലൻസ് കോടതി കേസെടുക്കുകയുണ്ടായി. കോടതി പൊലീസിനോട് റിപ്പോർട്ട് തേടുമ്പോൾ പരാതിക്ക് ഒരു അടിസ്ഥാനവുമില്ലെന്നാണ് റിപ്പോർട്ട് നൽകിയത്. പരാതിക്കാരൻ എന്ന നിലയിൽ തന്റെ മൊഴിയെടുക്കാൻ പോലും പൊലീസ് തയാറായില്ല. ഈ പൊലീസാണോ നീതി നടപ്പാക്കുന്നത്? എം.ആര്‍. അജിത് കുമാറാണോ സർക്കാരിനെ സഹായിക്കുന്നത്? താന്‍ അങ്ങനെ വിശ്വസിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

