സതീശന്‍ അഹങ്കാരത്തിന് കൈയും കാലും വെച്ച നേതാവ്, യു.ഡി.എഫ് വലിയ വില നൽകേണ്ടി വരും; കടന്നാക്രമിച്ച് പി.വി. അൻവർ
text_fieldsനിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും യു.ഡി.എഫിലേക്കില്ലെന്നും പ്രഖ്യാപിക്കാൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പി.വി. അൻവർ യു.ഡി.എഫ് ചെയർമാനും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശനെതിരെ കടന്നാക്രമണമാണ് നടത്തിയത്. അഹങ്കാരത്തിന് കൈയും കാലും വെച്ച നേതാവാണ് സതീശൻ എന്നും അത്തരമൊരാൾ നയിക്കുന്ന യു.ഡി.എഫിലേക്ക് താനില്ലെന്നും അൻവർ പറഞ്ഞു.
കെ.സി. വേണുഗോപാലിനെ കാണാൻ പോലും സതീശൻ സമ്മതിച്ചില്ല. യു.ഡി.എഫിലെ മറ്റ് നേതാക്കൾക്കൊന്നും തന്നോട് എതിർപ്പില്ല. ഇനിയൊരു യു.ഡി.എഫ് നേതാവും തന്നെ കാണേണ്ടതില്ല. സതീശന്‍റെ വാശിക്ക് യു.ഡി.എഫ് വലിയ വില നൽകേണ്ടി വരും. യു.ഡി.എഫിലെ ചിലർ തനിക്കെതിരെ പ്രവർത്തിച്ചെന്നും അൻവർ ആരോപിച്ചു.
മലമ്പുഴ സീറ്റ് തൃണമൂൽ കോൺഗ്രസ് ഏറ്റെടുക്കാമെന്ന് യു.ഡി.എഫിനോട് പറഞ്ഞിരുന്നു. യു.ഡി.എഫ് സ്ഥിരമായി തോൽക്കുന്ന രണ്ട് സീറ്റാണ് പിന്നീട് ആവശ്യപ്പെട്ടത്. അവസാനം ഒരു സീറ്റ് ചോദിച്ചു. ഘടകക്ഷി സ്ഥാനം വേണ്ട അസോഷ്യേറ്റ് പദവി മതിയെന്നും പറഞ്ഞു. യു.ഡി.എഫ് നേതൃത്വത്തിന്‍റെ മനസിലുള്ളത് അറിയാനാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. ബേപ്പൂരിൽ മത്സരിച്ചു കൂടെ എന്ന് ചില യു.ഡി.എഫ് നേതാക്കൾ ചോദിച്ചു. തന്നെ കൊന്നു കൊലവിളിക്കാനാണ് തീരുമാനം. ഒറ്റ വ്യക്തിയാണ് ഇതിന് പിന്നിൽ.
യു.ഡി.എഫിൽ ചേർക്കണമെന്ന് ആവശ്യപ്പെട്ട് താൻ ആരുടെയും പുറകെ പോയിട്ടില്ല. യു.ഡി.എഫുമായി സഹകരിക്കണമെന്ന് പറഞ്ഞത് മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. അത് ഇപ്പോഴും തുടരുന്നുണ്ട്. സതീശനെ കണ്ടപ്പോൾ രണ്ട് ദിവസത്തിനകം യു.ഡി.എഫ് പ്രവേശനം പ്രഖ്യാപിക്കാമെന്നാണ് പറഞ്ഞത്. ഇതുവരെ ഒന്നും പ്രഖ്യാപിച്ചില്ല.
താന്‍ ഷൗക്കത്തിനെ എതിര്‍ക്കുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ട്. ഇത്തവണ മലയോര ജനതയുടെ പ്രശ്നമാണ് പ്രധാനം. അതുകൊണ്ടാണ് വി.എസ്. ജോയിയെ സ്ഥാനാർഥിയാക്കണമെന്ന് പറഞ്ഞത്. അല്ലാതെ ഒരു സ്ഥാനാർഥിയെയും എതിർത്തിട്ടില്ല. താൻ പിന്തുണ നൽകിയിട്ടും ഷൗക്കത്ത് തൊറ്റാൽ എന്തു ചെയ്യും. അതുകൊണ്ടാണ് എതിർത്തതെന്ന് അന്‍വര്‍ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

