യു.ഡി.എഫ് പ്രവേശനം തടഞ്ഞത് പിണറായി, പറവൂർ പറഞ്ഞ് സതീശനെ ഭീഷണിപ്പെടുത്തി; തന്നെ വെട്ടിയ അനിൽകുമാർ ഇനി നിയമസഭ കാണില്ല -പി.വി. അൻവർ
text_fieldsനിലമ്പൂർ: ഉപതെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വണ്ടൂർ എം.എൽ.എ എ.പി. അനിൽ കുമാറിനും എതിരെ രൂക്ഷ വിമർശനവും ആരോപണവും ഉന്നയിച്ച് പി.വി. അൻവർ. പറവൂർ നിയമസഭ സീറ്റ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സതീശനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് അൻവർ ആരോപിച്ചു.
25 വർഷമായി സി.പി.ഐയാണ് പറവൂരിൽ മത്സരിക്കുന്നത്. ഒരു ധാരണയുടെ പുറത്താണ് സതീശൻ ജയിക്കുന്നത്. പറവൂരിൽ ശക്തനായ എതിരാളിയുണ്ടാകുമെന്നും സതീശനെ നിയമസഭ കാണിക്കില്ലെന്നുമാണ് പിണറായിയുടെ ഭീഷണി. ക്രമക്കേട് ആരോപണം ഉയർന്ന പുനർജനി പദ്ധതി സംബന്ധിച്ചുള്ളതാണ് മറ്റൊരു ഭീഷണി. പദ്ധതിയിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്. മുഖ്യമന്ത്രി ഒപ്പിട്ടാൽ അത് എഫ്.ഐ.ആറാകുമെന്നും അൻവർ പറഞ്ഞു.
തനിക്കെതിരെ സതീശൻ നിലപാട് സ്വീകരിക്കാൻ പാടില്ലായിരുന്നു. തന്നെ മുന്നണി പ്രവേശനം തടഞ്ഞതിന് പിന്നിൽ പ്രവർത്തിച്ചത് എ.പി. അനിൽ കുമാർ ആണ്. ആര്യാടൻ ഷൗക്കത്ത് മത്സരിച്ചാൽ എന്താകുമെന്ന് അനിൽകുമാറിന് അറിയാം. മലപ്പുറത്ത് ഒരു എം.എൽ.എ മതിയെന്നാണ് അനിൽ കുമാർ ആഗ്രഹിക്കുന്നത്. തന്നെ പിന്തുണച്ചില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വണ്ടൂരിൽ ചില പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഷൗക്കത്ത് അനിൽ കുമാറിനെ അറിയിച്ചിട്ടുണ്ട്. ഷൗക്കത്തിനെ മത്സരിപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യാനാണ് അനിൽ കുമാർ തീരുമനിച്ചത്.
അൻവർ മത്സരിച്ചാൽ രണ്ടായിരമോ മൂവായിരമോ വോട്ട് കിട്ടൂവെന്ന കണക്ക് കൊടുത്തത് അനിൽ കുമാർ ആണ്. കെ.സി. വേണുഗോപാലുമായുള്ള അടുപ്പവും 20 വർഷമായി നാട്ടിലുള്ളതെന്നും അനിൽ കുമാറിന്‍റെ വാക്കുകൾക്ക് വിശ്വാസം വരാൻ ഇടയാക്കും. 20 വർഷമായി ഫ്രീയായി അനിൽ കുമാർ ജയിക്കുകയാണ്. ഇനി വണ്ടൂരിൽ ജയിക്കുമോ എന്ന് നമുക്ക് നോക്കാം.
തന്നെ വെട്ടിയതിൽ അനിൽ കുമാറിന് നിർണായക പങ്കുണ്ട്. അതിൽ സദുദ്ദേശ്യമില്ല. വണ്ടൂരിൽ സീറ്റ് ഉറപ്പിക്കുകയാണ് അനിൽകുമാറിന്‍റെ ലക്ഷ്യം. അൻവർ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ ഇനി അത് നടക്കില്ല. അനിൽ കുമാർ നിയമസഭ കാണില്ല, അതിനുള്ള പണി തുടങ്ങി കഴിഞ്ഞു. പിണറായി വിരുദ്ധ മുന്നേറ്റത്തിന് യു.ഡി.എഫ് നേതൃത്വം പരിശ്രമിക്കുമ്പോൾ അതിന് തുരങ്കം വെച്ചവനാണ് അനിൽകുമാർ -അൻവർ വ്യക്തമാക്കി.
ഒളിച്ചല്ല രാഹുൽ മാങ്കൂട്ടത്തിൽ തന്‍റെ വീട്ടിൽ വന്നത്. ഫോണിൽ വിളിച്ച ശേഷം നിറയെ പ്രവർത്തകർ ഉള്ളപ്പോഴാണ് വീട്ടിൽ എത്തിയത്. എന്തെങ്കിലും മാർഗമുണ്ടെങ്കിൽ ഒരുമിച്ച് പോകണമെന്നാണ് രാഹുൽ ആവശ്യപ്പെട്ടത്. പിണറായിസത്തിന്‍റെ മറ്റൊരു ഇരയാണ് രാഹുൽ.
ഒരു മുന്നണിയുടെ ഭാഗമായില്ലെങ്കിലും കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം നടക്കും. രാഷ്ട്രീയ പ്രവർത്തനത്തെ സമൂഹ്യ പ്രവർത്തനമായാണ് കാണുന്നത്. സ്വന്തം കാലിൽ നിൽക്കുന്ന തന്‍റെ പിൻബലം സാധാരണക്കാരാണ്. മലയോര വിഷങ്ങൾ ഉയർത്തി കേരളത്തിൽ പ്രവർത്തിക്കും. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഒരാഴ്ചക്കകം ഭാവി പരിപാടികൾ കൂടിയാലോചിച്ച് തീരുമാനിക്കും.
സ്വതന്ത്ര സ്ഥാനാർഥിയായി 15 ശതമാനം വോട്ട് പിടിച്ചാൽ രാഷ്ട്രീയ പ്രവർത്തനത്തിനും അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമുള്ള സാമ്പത്തിക സഹായം നൽകാമെന്ന് തൃണമൂൽ കോൺഗ്രസ് നേതൃത്വം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിൽ പല തവണ തൃണമൂൽ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തെങ്കിലും സ്വീകരിച്ചില്ല. അൻവർ ഫാക്ടർ ആണോ എന്ന് ജനം തീരുമാനിക്കട്ടെ എന്നും പി.വി. അൻവർ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

