കുപ്പായം തുന്നി അൻവർ; ആവേശമില്ലാതെ യു.ഡി.എഫ്
text_fieldsപി.വി. അൻവർ
തിരുവനന്തപുരം: എം.എൽ.എ സ്ഥാനം രാജിവെച്ചും ചെയ്ത തെറ്റുകൾക്ക് മാപ്പ് പറഞ്ഞും തൃണമൂൽ വഴി യു.ഡി.എഫ് പ്രവേശനത്തിന് പി.വി. അൻവർ കുപ്പായം തുന്നിയെങ്കിലും അത്ര ആവേശം വലത് ക്യാമ്പിനില്ല. നിർണായക നീക്കത്തിന് 24 മണിക്കൂർ പിന്നിടുമ്പോഴും നേതാക്കളുടെ പ്രതികരണങ്ങളിൽ വലിയ മമതയില്ല. ടി.എം.സി പ്രവേശനത്തിന്റെയും നിരുപാധികം യു.ഡി.എഫിന് പിന്തുണ നൽകാനുള്ള തീരുമാനത്തിന്റെയും ആവേശത്തിൽ അൻവർ നടത്തിയ സ്ഥാനാർഥി ശിപാർശയാണ് കല്ലുകടിയാവുന്നത്. സ്വന്തം രാജിയെ തുടർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ താൻ പിന്തുണ കൂടി പ്രഖ്യാപിച്ചതിനാൽ സ്ഥാനാർഥിയുടെ പേര് പറയാനുള്ള അവകാശമുണ്ടെന്നാണ് അൻവറിന്റെ വാദമെങ്കിൽ ഇതേ അർഥത്തിലല്ല യു.ഡി.എഫിലും കോൺഗ്രസിലും പരാമർശം പ്രതിഫലിക്കുന്നത്. ഘടകകക്ഷി പോലുമല്ലാത്തയാൾ സ്ഥാനാർഥിത്വം പോലുള്ള മുന്നണിയുടെ ആഭ്യന്തരകാര്യങ്ങളിൽ സമ്മർദം ചെലുത്തുകയാണെന്ന് കോൺഗ്രസിലെ ഒരുവിഭാഗം കരുതുന്നു. പാർട്ടി ചർച്ചയാരംഭിക്കും മുമ്പേ ആര്യാടൻ ഷൗക്കത്തിനെ തള്ളിപ്പറയുകയും വി.എസ്. ജോയിയെ പിന്തുണക്കുകയും ചെയ്യുക വഴി കോൺഗ്രസിനെ വെട്ടിലാക്കി എന്നാണ് ഇവരുടെ വാദം. നിലമ്പൂരിലെ സ്ഥാനാർഥിയെ പാർട്ടി തീരുമാനിക്കുമെന്ന് കെ. മുരളീധരൻ പറഞ്ഞതും ഇതിനോട് ചേർത്തുവായിക്കണം. അതേസമയം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പ്രധാന എതിരാളികളായ ഇടതുപക്ഷത്തെ നേരിടുന്നതിൽ അൻവറിന്റെ പിന്തുണ ഗുണംചെയ്യുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
നിലമ്പൂരിൽ മത്സരിക്കാനില്ലെന്ന അൻവറിന്റെ പ്രഖ്യാപനം കോൺഗ്രസിന്റെ സാധ്യത വർധിപ്പിക്കുമെന്നും ഇവർ കരുതുന്നു. ഈ രണ്ട് നിലപാടുകളുമല്ലാതെ അൻവറിനോട് പുറമേ അരിശവും അകമേ അടുപ്പവും പുലർത്തുന്നവരുമുണ്ട്. ഇത്തരത്തിൽ പ്രത്യക്ഷത്തിൽ വ്യത്യസ്ത നിലപാടുകൾ ശക്ത്തിപ്പെടുന്നതിനാലാണ് വിഷയത്തിൽ അൻവറിനോട് ‘വെറുപ്പുമില്ല മതിപ്പുമില്ലെ’ന്ന സന്തുലിത നിലപാട് സ്വീകരിക്കാൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ നിർബന്ധിതനായത്. അന്വറിന്റെ സ്ഥാനാർഥി ശിപാർശയെ തള്ളിപ്പറയാൻ സുധാകരൻ തയാറായതുമില്ല. ‘പിന്തുണ നൽകാനാഗ്രഹിക്കുമ്പോൾ ഇന്നയാൾ സ്ഥാനാർഥിയാകണമെന്ന് അദ്ദേഹം പറയുന്നതിൽ എന്താ തെറ്റ്’ എന്നായിരുന്നു സുധാകരന്റെ പ്രതികരണം.
ഇതിനിടെ അൻവറിന്റെ നീക്കങ്ങൾ കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി എന്ന നിലപാടുള്ള ഘടകകക്ഷികളും യു.ഡി.എഫിലുണ്ട്. ടി.എം.സി പ്രവേശനമാണ് ഇതിന് കാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നത്. അൻവറിനെയല്ല, ഇനി ടി.എം.സിയെയാണ് യു.ഡി.എഫിൽ എടുക്കേണ്ടിവരിക. സ്വാഭാവികമായും എ.ഐ.സി.സി നേതൃത്വത്തിന്റെ അനുമതിയടക്കം ഇതിന് വേണം. അൻവറിന്റെ കരുത്ത് എം.എൽ.എ എന്നതായിരുന്നു. രാജിവെച്ചതോടെ അതില്ലാതായി. മത്സരിക്കില്ലെന്ന് കൂടി പ്രഖ്യാപിച്ചതോടെ ആ നിലയ്ക്കുള്ള വെല്ലുവിളിയും യു.ഡി.എഫിന് മുന്നിലില്ലെന്നും ഇവർ പറയുന്നു.
സ്ഥാനാർഥിയെ തീരുമാനിക്കേണ്ടത് ഹൈകമാൻഡെന്ന് വി.എസ്. ജോയ്
മലപ്പുറം: നിലമ്പൂരിലെ കോൺഗ്രസ് സ്ഥാനാർഥിയെ തീരുമാനിക്കേണ്ടത് കോൺഗ്രസ് ഹൈകമാൻഡാണെന്ന് ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്. സ്ഥാനാർഥിനിർണയത്തിന് ഹൈകമാൻഡിന് കൃത്യമായ നടപടിക്രമങ്ങളുണ്ട്. യുക്തമായ സമയത്ത്, ശക്തനായ സ്ഥാനാർഥിയെ ഹൈകമാൻഡ് പ്രഖ്യാപിക്കും. ആ സ്ഥാനാർഥിക്കു പിറകിൽ യു.ഡി.എഫ് ഒറ്റക്കെട്ടായി അണിനിരക്കും.
നിലമ്പൂരിലെ സ്ഥാനാർഥിത്വം സംബന്ധിച്ച പി.വി. അൻവറിന്റെ അഭിപ്രായം വ്യക്തിപരമാണ്. യു.ഡി.എഫ് ഏതു സ്ഥാനാർഥിയെ തീരുമാനിച്ചാലും പിന്തുണക്കുമെന്ന് അൻവർ പറഞ്ഞതോടെ ആ വിവാദം അവസാനിച്ചു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നേരിടാൻ പാർട്ടി പൂർണ സജ്ജമാണ്.
തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ഇടയിൽ വരുന്ന ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫിന് നിർണായകമാണ്. തൃക്കാക്കരക്കും പുതുപ്പള്ളിക്കും പാലക്കാടിനും ശേഷം നിലമ്പൂരിലും യു.ഡി.എഫ് വൻ വിജയം നേടുമെന്ന് വി.എസ്. ജോയ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

