മരുമോന്റെ നേതൃത്വത്തിലുള്ള സംഘം തരംതാണു, പെന്തക്കോസ്ത് സമുദായത്തെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുന്നു -പി.വി. അൻവർ
text_fieldsനിലമ്പൂർ: ഉപതെരഞ്ഞെടുപ്പ് പ്രചാരണവുമായി സ്ഥാനാർഥികൾ മുന്നോട്ടുപോകുന്നതിനിടെ മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ വീണ്ടും രംഗത്ത്. ചില ശക്തികൾ വോട്ട് കച്ചവടം നടത്തുകയാണെന്നും നേതൃത്വം നൽകുന്നവരിൽ ചിലർ മന്ത്രിമാരാണെന്നും അൻവർ പറഞ്ഞു. പെന്തകോസ്ത് വിശ്വാസികളെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുന്നു. അവരുടെ പ്രയാസങ്ങളും പ്രശ്നങ്ങളും മുതലെടുക്കുന്നു. രണ്ട് ലോറി പണം വന്നെന്നാണ് കേൾക്കുന്നത്. മരുമോന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസംഘം ഈ നിലയിൽ തരംതാണെന്നും അൻവർ ആരോപിച്ചു.
“ഇവിടെ ചില ശക്തികൾ വ്യാപക വോട്ട് കച്ചവടം നടത്തുകയാണ്. നേതൃത്വം നൽകുന്നവരിൽ ചിലർ മന്ത്രിമാരും ഉത്തരവാദപ്പെട്ടവരുമാണ്. പള്ളിക്കുത്തിൽ പെന്തകോസ്ത് വിശ്വാസിയായ ഒരു വ്യക്തിയുടെ വീട്ടിലേക്ക് പാസ്റ്റർമാരെയെല്ലാം ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടുണ്ട്. മന്ത്രിമാരൊക്കെ അതിൽ പങ്കെടുക്കുന്നുണ്ട്. ഒരു കുടിയേറ്റ മലയോര കർഷകനെ സ്ഥാനാർഥിയാക്കണമെന്ന് പറഞ്ഞപ്പോൾ യു.ഡി.എഫ് അംഗീകരിച്ചില്ല. വി.എസ്. ജോയ് പെന്തകോസ്ത് വിഭാഗത്തിൽ പെട്ടയാളാണ്.
ചതി പ്രയോഗത്തിലൂടെ പെന്തകോസ്ത് വിഭാഗക്കാരുടെ വോട്ട് നേടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അവരുടെ പ്രയാസങ്ങളും പ്രശ്നങ്ങളും മുതലെടുക്കാൻ രണ്ട് മന്ത്രിമാർ ഇവിടെ എത്തിയിട്ടുണ്ട്. ഈ നിലയിൽ തരംതാഴുകയാണ് മരുമോന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസംഘം. രണ്ട് ലോറി പണം വന്നെന്നാണ് കേൾക്കുന്നത്. പണം കൊടുത്ത് സ്വാധീനിക്കാനുള്ള ശ്രമം കഴിഞ്ഞ രണ്ട് യോഗത്തിൽ അവർ ചർച്ച ചെയ്തു. വിലയ്ക്കുവാങ്ങാനുള്ള ശ്രമം ഇവിടുത്തെ കുടിയേറ്റ കർഷകർ നേരിടുകതന്നെ ചെയ്യും” -അൻവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

