മുകേഷിനെതിരെ കേസെടുത്ത പൊലീസ് പൊന്നാനിയിലെ ബലാത്സംഗ പരാതിയിൽ കേസെടുക്കാത്തതെന്ത്? - പി.വി. അൻവർ
text_fieldsമലപ്പുറം: പൊന്നാനിയിലെ വീട്ടമ്മയുടെ പരാതിയിൽ എഫ്.ഐ.ആർ ഇടാത്ത പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് പി.വി. അൻവർ എം.എൽ.എ. 10-15 വർഷം മുമ്പ് തൊട്ടു, പിടിച്ചു എന്ന് ചൂണ്ടിക്കാട്ടി ഒരു സ്ത്രീ നടത്തിയ ആരോപണത്തിൽ സി.പി.എം എം.എൽ.എ മുകേഷിനെതിരെ കേസെടുത്ത കേരള പൊലീസ്, രണ്ടുവർഷം മുമ്പുണ്ടായ സംഭവത്തിൽ എന്തുകൊണ്ട് വീട്ടമ്മയുടെ പരാതിയിൽ എഫ്.ഐ.ആർ ഇടാത്തതെന്ന് അദ്ദേഹം ചോദിച്ചു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണസംഘത്തിന് മുമ്പാകെ മൊഴി നൽകാൻ മലപ്പുറം ഗസ്റ്റ് ഹൗസിൽ എത്തിയതായിരുന്നു അൻവർ. തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ് ആണ് അൻവറിന്റെ മൊഴിയെടുക്കുന്നത്. രാവിലെ 11 മണിയോടെ അൻവർ അന്വേഷണസംഘത്തിന് മുന്നിലെത്തി. അതിന് മുമ്പ് മാധ്യമങ്ങളെ കണ്ടപ്പോഴാണ് പൊലീസിനെതിരെ ആഞ്ഞടിച്ചത്.
എ.ഡി.ജിപി എം.ആർ. അജിത്കുമാറിന് കോൺഗ്രസും ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് അൻവർ പറഞ്ഞു. ആർ.എസ്.എസ് നേതാവുമായി എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയ വിവരം തനിക്ക് കിട്ടിയതറിഞ്ഞാണ് പ്രതിപക്ഷനേതാവ് വേഗം പത്രസമ്മേളനം നടത്തി രംഗത്ത് വന്നത്. സോളാർ കേസ് അട്ടിമറിച്ചത് കോൺഗ്രസ് നേതാക്കളാണ്.
പി. വി. അൻവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതികളിലാണ് പ്രത്യേക അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. സ്വർണക്കടത്തിൽ എ.ഡി.ജി.പി-മലപ്പുറം എസ്.പി എന്നിവർക്കുള്ള പങ്ക്, എടവണ്ണ റിദാൻ വധക്കേസിൽ സ്വർണക്കടത്ത്-പൊലിസ് ബന്ധത്തിനുള്ള പങ്ക്, മലപ്പുറം എസ്.പി. ഓഫിസിലെ മരംമുറി തുടങ്ങിയ 15ഓളം പരാതികളിലാണ് അൻവർ മൊഴി നൽകുന്നത്. എല്ലാതെളിവുകളും അന്വേഷണസംഘത്തിന് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണസംഘത്തിൽ തനിക്ക് വിശ്വാസമുണ്ട് എന്നും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.