മലബാറിലെ വെള്ളാപ്പള്ളിയാക്കി കെ.ടി. ജലീലിനെ പിണറായി രംഗത്തിറക്കിയിരിക്കുന്നു -പി.വി. അൻവർ
text_fieldsകോഴിക്കോട്: കെ.ടി. ജലീലിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമർശനവുമായി പി.വി. അൻവർ. മലബാറിലെ വെള്ളാപ്പള്ളിയാക്കി കെ.ടി. ജലീലിനെ പിണറായി രംഗത്തിറക്കിയിരിക്കുകയാണെന്ന് പി.വി. അൻവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വെള്ളാപ്പള്ളിയുടെ വർഗീയ പ്രസ്താവനകളെക്കുറിച്ചുള്ള ചർച്ചയെ വഴിതിരിച്ചുവിടാൻ ജലീലിനെ പോലുള്ള ഒരാളെ ചിലപ്പോൾ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ടാകുമെന്നും അൻവർ പറഞ്ഞു.
രാഷ്ട്രീയത്തിൽനിന്ന് വിട്ട് ജലീൽ വേറെ രീതിയിലേക്ക് പോകുകയാണ്. ഒരു കൈയിൽ കീറത്തുണിയും മറുകൈയിൽ ഖുർആനും പിടിച്ച് സത്യം ചെയ്യുന്നു. വർഗീയ പ്രസ്താവനകൾ നടത്തുന്ന വെള്ളാപ്പള്ളിയെ തലോടി പിന്തുണ കൊടുക്കുന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ കേരളം കാണുകയാണ്. അതാണ് കേരളം ചർച്ച ചെയ്തുകൊണ്ടിരുന്നത്. ആ ചർച്ചയെ വഴിതിരിച്ചുവിടാൻ ജലീലിനെ പോലുള്ള ഒരാളെ ചിലപ്പോൾ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ടാകും. ഫിറോസ് ജനപ്രതിനിധിയല്ല, സർക്കാറിന്‍റെ ഭാഗമല്ല. ജലീൽ ഉത്തരം പറയേണ്ട കാര്യങ്ങളുണ്ട്. വെള്ളാപ്പള്ളി നടേശൻ മലപ്പുറത്ത് വന്ന് ഈ സമുദായത്തിനെതിരെ പറഞ്ഞിട്ട് ജലീൽ പ്രതികരിച്ചിട്ടില്ല. -പി.വി. അൻവർ കുറ്റപ്പെടുത്തി.
മലബാറിലെ വെള്ളാപ്പള്ളിയാക്കി കെ.ടി. ജലീലിനെ പിണറായി രംഗത്തിറക്കിയിരിക്കുകയാണ്. അതാണ് വസ്തുത. വളയം കേസിൽ എന്താണ് ജലീൽ അഭിപ്രായം പറയാത്തത്? ഒന്നുമല്ലാത്ത ഫിറോസിന്‍റെ പിന്നാലെ കൂടിയിട്ട് ഈ രാഷ്ട്രീയത്തെ തിരിച്ചുവിടുന്നു. ന്യൂനപക്ഷങ്ങളുടെ വോട്ട് വേണ്ട, വർഗീയവാദികളുടെ വോട്ടുകൊണ്ട് ഞങ്ങൾ വിജയിക്കും എന്ന് പിണറായി പറയാതെ ആവർത്തിച്ചാവർത്തിച്ച് പറയുന്നു. ന്യൂനപക്ഷ സംഗമം ഒക്കെ എല്ലാവർക്കും മനസ്സിലാകും. അയ്യപ്പ സംഗമം ചർച്ചാവിഷയമായപ്പോൾ അതിനെ കൗണ്ടർ ചെയ്യാൻ വേണ്ടിയാണ് ന്യൂനപക്ഷ സംഗമം -അൻവർ പറഞ്ഞു.
പൊലീസിനകത്തെ വർഗീയവത്കരണം വലിയ രീതിയിൽ നടക്കുന്നുണ്ട്. അതിനെ തടയിടാൻ മുഖ്യമന്ത്രിക്കും സർക്കാറിനും സാധിക്കുന്നില്ല എന്ന് മാത്രമല്ല, അജിത് കുമാറിനെ പോലുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്നു.
അൻവർ മലപ്പുറത്തെ പി.സി ജോർജ് -കെ.ടി. ജലീൽ
മലപ്പുറം: തന്നെ മലബാറിലെ വെള്ളാപ്പള്ളി എന്ന് പറഞ്ഞ് വിമർശിച്ച പി.വി. അൻവറിന് മറുപടിയുമായി കെ.ടി. ജലീൽ താൻ മലപ്പുറത്തെ വെള്ളാപ്പള്ളി ആണെങ്കിൽ പി.വി. അൻവർ മലപ്പുറത്തെ പി.സി. ജോർജ് ആണെന്ന് കെ.ടി. ജലീൽ പരിഹസിച്ചു. ആഫ്രിക്കയിൽ പോയി സ്വർണം എടുക്കാൻ തനിക്ക് കഴിയില്ലെന്നും കെ.ടി ജലീൽ പറഞ്ഞു. താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് പി.കെ. ഫിറോസ് മറുപടി പറഞ്ഞിട്ടില്ലെന്നും കെ.ടി ജലീൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

