മന്ത്രിയായിരിക്കേ ഒരു ചുക്കും ചെയ്യാത്ത കെ.ടി. ജലീൽ ഇപ്പോൾ ഖുർആനും പൊക്കിപ്പിടിച്ച് നടക്കുകയാണ്; പി.വി. അൻവർ
text_fieldsപി.വി. അൻവർ, കെ.ടി. ജലീൽ
മലപ്പുറം: മന്ത്രിയായിരിക്കേ സമൂഹത്തിനും സമുദായത്തിനുമായി ഒരു ചുക്കും ചെയ്യാത്ത കെ.ടി. ജലീൽ ഇപ്പോൾ ഖുർആൻ പൊക്കിപിടിച്ച് നടക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ. ഇതിലും വലിയ വഷളത്തരമില്ല. ജലീലിന്റെ നടപടി സത്യപ്രതിജ്ഞ, ഭരണ ഘടനാ വിരുദ്ധമാണ്. താൻ പറയുന്നത് ആരും വിശ്വസിക്കില്ലെന്ന് അറിയാവുന്നതിനാലാണ് ജലീൽ ഖുർആനുമായി നടക്കുന്നതെന്നും പി.വി. അൻവർ മലപ്പുറം പ്രസ് ക്ലബിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മലപ്പുറത്തിനും മുസ്‍ലിംകൾക്കുമെതിരായ വിഷലിപ്ത പ്രസ്താവനകൾ വെള്ളാപ്പള്ളി സ്വന്തം അഭിപ്രായപ്രകാരം പറയുന്നതല്ല. പിന്നിൽ പിണറായി വിജയനാണ്. വെള്ളാപ്പള്ളിയെ പിൻതുണക്കാൻ ഇടതുപക്ഷത്ത് നിന്ന് കെ.ടി. ജലീൽ മാത്രമാണ് മുന്നോട്ടുവന്നത്. വെള്ളാപ്പള്ളി പറഞ്ഞത് വർഗീയതയല്ലെന്ന് ഖുർആൻ പിടിച്ചുപറയാൻ ജലീലിന് ധൈര്യമുണ്ടോയെന്നും അൻവർ ചോദിച്ചു.
വൃത്തികെട്ട പ്രസ്താവനകൾക്ക് ഖുർആനെ കൂട്ടുപിടിക്കേണ്ട ആവശ്യമില്ല. തവനൂരിൽ വീണ്ടും മത്സരിക്കാൻ ഇങ്ങനെയൊന്നും കാട്ടിക്കൂട്ടേണ്ട ആവശ്യമില്ല. മലബാറിന്റെ അവികസിതാവസ്ഥയടക്കം ജനത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ജലീലിന് അഭിപ്രായങ്ങളില്ല. ജലീലിന്റെ കൈവശം എപ്പോഴും രണ്ട് സഞ്ചികളുണ്ടാകും. ഒന്നിൽ ഖുർആനും മറ്റൊന്നിൽ യൂത്ത് ലീഗുകാർ ഉടുത്ത തുണിയുമാണെന്നും അൻവർ പരിഹസിച്ചു. നാടിന്റെ ബാധിക്കുന്ന വിഷയങ്ങളിലും പൊതു ആവശ്യങ്ങൾക്കും എല്ലാ പാർട്ടികളും ചലഞ്ചുകൾ നടത്തിയിട്ടുണ്ട്. അതിൽ താൽപര്യമുള്ളവർ പങ്കെടുക്കും. പി.കെ ഫിറോസ് പൊതുപ്രവർത്തകൻ മാത്രമാണ്. ദുബൈ വിസയുള്ളതും ബിസിനസ് ചെയ്യുന്നതും വ്യക്തിപരമായ കാര്യങ്ങളാണ് -അൻവർ പറഞ്ഞു.
പ്രതിപക്ഷത്തെ അസ്ഥിരപ്പെടുത്താനുള്ള വലിയ നീക്കം സി.പി.എം നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നും പി.വി. അൻവർ പറഞ്ഞു. രാഹുൽ മാങ്കൂട്ടം വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ ആക്രമണം ഇതിന്റെ ഭാഗമാണ്. ഇതിനെ പ്രതിരോധിക്കാൻ യു.ഡി.എഫിലെ ഒരു മുതിർന്ന നേതാവും തയാറാകുന്നില്ല. യു.ഡി.എഫിലെ ഉത്തരവാദപ്പെട്ട നേതാക്കളെയും അവർക്ക് സഹായമായുള്ള സാമുദായിക, സാമൂഹിക സംഘടന നേതാക്കളെയും ഒറ്റതിരിഞ്ഞ് ആക്രമിച്ച് ഇല്ലാതാക്കാനാണ് നീക്കം. ഈ സമയം മിണ്ടാതെ മാറി നിൽക്കുന്നവർ തങ്ങളുടെ കഴുത്തിലും പിടിവീഴുമെന്നത് ഓർക്കണം. പി.ഡബ്യു.ഡി മന്ത്രി ഇപ്പോൾ അറ്റകുറ്റപ്പണി മന്ത്രിയാണ്. പാലം ഉണ്ടാക്കുമ്പോൾ അതിന് എസ്റ്റിമേറ്റ് ഉണ്ടാകും. എന്നാൽ അറ്റകുറ്റപ്പണിക്ക് കൈയും കണക്കുമുണ്ടാകില്ലെന്നും അൻവർ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ 20,000 വാർഡിലെങ്കിലും മത്സരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും പി.വി. അൻവർ പറഞ്ഞു. ആരെയും കാത്തുനിൽക്കാതെ സമദൂരം പാലിച്ചാണ് മുന്നോട്ടുപോകുന്നത്. സംസ്ഥാന ഭരണത്തിൽ നിന്ന് മോചനം ആഗ്രഹിക്കുന്ന ജനങ്ങളെ കൂട്ടിയോജിപ്പിച്ച് സർക്കാരിനെതിരായ വോട്ടാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും അൻവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

