അപമാനിതനായി പ്രതികാരദാഹത്തോടെ പി.വി. അൻവർ; സമ്മർദ തന്ത്രത്തിന് പുല്ലുവില നൽകി കോൺഗ്രസ്, പ്രതികരിക്കാനില്ലെന്ന് ഷൗക്കത്ത്
text_fieldsനിലമ്പൂർ: ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ എല്ലാ തരത്തിലുമുള്ള സമർദതന്ത്രങ്ങളും പയറ്റിയിട്ടും കോൺഗ്രസ് അവഗണിച്ചതോടെ അപമാനിതനായി തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ഷൗക്കത്തിനെതിരെ പ്രതികാരബുദ്ധിയോടെയുള്ള പ്രതികരണമാണ് അൻവർ നടത്തിയത്. സി.പി.എമ്മിൽ ചേരാൻ അവസരം കാത്തിരുന്നയാളാണ് ഷൗക്കത്തെന്നും എന്നാൽ, നിലമ്പൂരിലെ മുഴുവൻ ബ്രാഞ്ച് കമ്മിറ്റികളും ഏരിയാകമ്മിറ്റിയും ഷൗക്കത്തിനെതിരെ രംഗത്തുവന്നതായും അൻവർ പറഞ്ഞു. അതേസമയം ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ആര്യാടൻ ഷൗക്കത്ത്.
ഷൗക്കത്ത് വലതുപക്ഷത്തെ ഇടതുപക്ഷപാതിയാണെന്നും സി.പി.എമ്മിൽ പോകാൻ ശ്രമിച്ച് രക്ഷയില്ലാതെ മടങ്ങിയയാളാണെന്നും അൻവർ പറഞ്ഞു. രണ്ടുകൊല്ലത്തിനിടെ സി.പി.എമ്മിനെതിരെയോ പിണറായിക്കെതിരെയോ ഷൗക്കത്ത് ഫേസ്ബുക്കിൽ ഒരുവരിയെങ്കിലും എഴുതിയത് കാണിക്കാൻ കഴിയുമോ എന്ന് പി.വി. അൻവർ വെല്ലുവിളിച്ചു. മുസ്‍ലിം ലീഗുമായും താൻ കാര്യങ്ങൾ സംസാരിച്ചതായി അദ്ദേഹം പറഞ്ഞു.
ഷൗക്കത്തിനെതിരെ അൻവർ മത്സരിക്കുമോ എന്ന ചോദ്യത്തിന് രണ്ടുദിവസം കൂടി കാത്തിരുന്ന് മണ്ഡലത്തിലെ ജനമനസ്സ് പഠിച്ച ശേഷം തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അൻവർ പറഞ്ഞത്. ‘ഇക്കഴിഞ്ഞ രണ്ട് വർഷം ഷൗക്കത്ത് സി.പി.എമ്മിനെയോ പിണറായിയെയോ വിമർശിച്ച് ഒരുവരിയെങ്കിലും ഫേസ്ബുക്കിൽ എഴുതിയോ? ദേശാഭിമാനിയുടെ പരിപാടിയിൽ ക്ഷണിതാവായി പോയയാളാണ് ഷൗക്കത്ത്. അങ്ങനെയുള്ളയാൾക്ക് എങ്ങനെ പിണറായിസത്തിനെതിരെ പ്രവർത്തിക്കാൻ കഴിയും?’ -അൻവർ ചോദിച്ചു.
വി.എസ്. ജോയിക്ക് ഗോഡ്ഫാദർ ഇല്ലാത്തതിനാലാണ് അദ്ദേഹം കോൺഗ്രസിൽ തഴയപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു. ‘എന്റെ സഹോദരിയുടെ മകനായതു കൊണ്ടല്ല വി.എസ്.ജോയിയെ പിന്തുണച്ചത്. ഏറ്റവും കൂടുതൽ കുടിയേറ്റ കർഷകരുള്ള മണ്ഡലമാണ് നിലമ്പൂർ. ആ സമൂഹത്തിൽ നിന്ന് ഒരാൾ മത്സരിക്കാൻ വരുമെന്ന് കരുതി. എന്നാൽ യുഡിഎഫ് അത് പരിഗണിച്ചില്ല. ജോയിക്ക് കോൺഗ്രസിൽ ഇന്ന് ഗോഡ് ഫാദറില്ല. ഉമ്മൻ ചാണ്ടി സാറിന്റെ ആശിർവാദത്താലാണ് ജോയ് ഇവിടെ വരെയെത്തിയത്. എന്നാൽ, ഇന്ന് ഉമ്മൻ ചാണ്ടി സാറില്ല. വേറെയാരും ജോയിക്കു വേണ്ടി ഇന്ന് സംസാരിച്ചിട്ടില്ല. ജോയ് സൈഡ് ലൈൻ ചെയ്യപ്പെട്ടു. ഗോഡ് ഫാദർ ഇല്ലാത്തവർക്ക് കോൺഗ്രസിൽ നിലനിൽക്കാനാവില്ല’ -അൻവർ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച് അൻവർ പടിയിറങ്ങിയതോടെ കടന്നു വന്ന ഉപ തെരഞ്ഞെടുപ്പിൽ എങ്ങനെയെങ്കിലും വിജയിക്കേണ്ടത് കോൺഗ്രസിനും സി.പി.എമ്മിനും ഒരുപോലെ അഭിമാന പ്രശ്നമാണ്. ഇടതു സ്വതന്ത്രനായി അൻവർ വിജയിച്ച മണ്ഡലം കൈവിട്ടു പോകുന്നത് ഇടതുപക്ഷത്തിന് കനത്ത അടിയാണ്. ആദ്യ ഘട്ടത്തിൽ കരിപ്പൂർ സ്വർണക്കടത്തും എ.ഡി.ജി.പി അജിത് കുമാറിനെതിരെ ആരോപണവും വനം വകുപ്പിന്റെ ജനദ്രോഹ നടപടികൾക്കെതിരെയും മറുനാടൻ മലയാളി ചാനലിനുമെതിരെയും ജനകീയ പ്രശ്നങ്ങൾ ഉയർത്തി രംഗത്തു വന്ന അൻവർ പിന്നീട് ആവശ്യത്തിനും അനാവശ്യത്തിനും വാർത്ത സമ്മേളനങ്ങളും പ്രസ്താവനകളും നടത്തി സ്വയം ചെറുതാകുന്ന കാഴ്ചയും രാഷ്ട്രീയ കേരളം കണ്ടു. നിലവിൽ സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിനെയും പ്രത്യേകിച്ച് യു.ഡി.എഫിനെ തന്നെയും വൻ പ്രതിസന്ധിയിലാക്കുകയാണ് അൻവർ ചെയ്യുന്നതെന്ന് കോൺഗ്രസുകാർ തന്നെ പറയുന്നു. അൻവറിന്റെ പിന്തുണ ഉണ്ടെങ്കിൽ ജയം സാധ്യമാണെങ്കിലും അംഗീകരിക്കാൻ കഴിയാത്ത ആവശ്യങ്ങളാണ് അൻവർ മുന്നോട്ടു വെക്കുന്നത്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19നും വോട്ടെണ്ണൽ ജൂൺ 23നും നടത്തും. ഇടത് മുന്നണി സ്വതന്ത്രനെ നിർത്തി മണ്ഡലം നിലനിർത്താനുള്ള ശ്രമത്തിലാണ്. പാർട്ടിക്കും മണ്ഡലത്തിനും പരിചിതനായ ഒരാളെ കണ്ടെത്താനാണ് സി.പി.എം നീക്കം. കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒരാഴ്ചക്കുള്ളിൽ ഇടത് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

