പുത്തൂർ സുവോളജിക്കൽ പാർക്ക്; മാനുകൾ ചത്തത് വിഷയമല്ല, ചിത്രങ്ങൾ പുറത്ത് വന്നതിൽ നടപടി
text_fieldsതെരുവുനായ്ക്കളുടെ ആക്രമണത്തിൽ ചത്ത മാനുകൾ
തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ തെരുവുനായ്ക്കൾ കടന്നുകയറി നടത്തിയ ആക്രമണത്തിൽ പത്ത് പുള്ളിമാനുകൾ ചത്ത സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടിയില്ല. അതേസമയം, ചത്ത മാനുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്ന സംഭവത്തിൽ കുറ്റക്കാരനാണെന്ന് ആരോപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മാന്ദാംമംഗലം ഡിവിഷനിലെ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ഗ്രേഡ് പി.കെ. മുഹമ്മദ് ഷമീമിനെ സസ്പെൻഡ് ചെയ്തത്. തൃശൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ, തൃശൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ, എറണാകുളം ഫ്ലൈയിങ് സ്ക്വാഡ് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ, തൃശൂർ അസി. ഫോറസ്റ്റ് കൺസർവേറ്റർ (സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് പ്രൊട്ടക്ഷൻ) എന്നിവരുടെ റിപ്പോർട്ടുകൾ അനുസരിച്ചാണ് നടപടി.
ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിടുകയും സർക്കാറിനെയും വനംവകുപ്പിനെയും പൊതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്തിയും എന്ന് കാണിച്ചാണ് നടപടി. അതേസമയം, പുത്തൂർ പാർക്കിൽ തെരുവ്നായ്ക്കൾ അതിക്രമിച്ച് കയറുകയും മാനുകളെ ആക്രമിക്കുകയും ചെയ്തത് അറിയാതിരിക്കുകയും കുറ്റകരമായ വീഴ്ച വരുത്തുകയും ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. തിങ്കളാഴ്ച രാത്രി തെരുവ്നായ്ക്കൾ നടത്തിയ ആക്രമണം അറിയാതിരുന്ന ജീവനക്കാർ ചൊവ്വാഴ്ച രാവിലെയാണ് മാനുകളെ ചത്ത നിലയിൽ കണ്ടത്.
സംഭവത്തിൽ വനം വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപടിയുണ്ടായില്ല. പുത്തൂർ പാർക്കിലെ മൃഗങ്ങളുടെയും ചുറ്റുമുള്ള മനുഷ്യരുടെയും സുരക്ഷിതത്വം സംബന്ധിച്ച ഗൗരവതരമായ ചോദ്യങ്ങൾ ഉയർന്നതിനിടെയാണ് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസറെ സസ്പെൻഡ് ചെയ്തത്. വനംവകുപ്പ് ഉദ്യോഗസ്ഥനെ ബലിയാടാക്കി വിഷയം വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആക്ഷേപം വകുപ്പിലെ ജീവനക്കാർ തന്നെ ഉന്നയിക്കുന്നുണ്ട്. മാനുകൾ ചത്ത സംഭവത്തിൽ കാര്യമായ അന്വേഷണം നടക്കാതിരിക്കെ, ഉദ്യോഗസ്ഥനെതിരെ നാല് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയിട്ടുണ്ട്.
നവംബർ 11ന് മാനുകൾ ചത്ത സംഭവം പുറത്തറിഞ്ഞത് മുതൽ എല്ലാ കാര്യങ്ങളും രഹസ്യമാക്കിവെക്കാനായിരുന്നു പുത്തൂർ പാർക്ക് അധികൃതരുടെ ശ്രമം. മാധ്യമങ്ങൾക്ക് പ്രവേശനം തടഞ്ഞതിനൊപ്പം തന്നെ ചത്ത മാനുകളുടെ എണ്ണം പോലും പുറത്തുവിടാൻ തയാറായിരുന്നില്ല. മാനുകളുടെ പോസ്റ്റ്മോർട്ടം വേഗത്തിൽ പൂർത്തിയാക്കി പെട്ടെന്ന് തന്നെ സംസ്കരിക്കുകയാണ് ചെയ്തതതെന്ന ആക്ഷേപവുമുണ്ട്.
ഈ വിഷയത്തിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കാണിച്ച് തൃശൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മാന്ദാമംഗലം ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർക്ക് കാരണം കാണിക്കൽ നോട്ടിസും നൽകിയിരുന്നു. വിഷയം രഹസ്യമായി വെക്കാനുള്ള ശ്രമം പരാജയപ്പെട്ടതിലുള്ള വിരോധമാണ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് കാരണമായതെന്നും പറയുന്നുണ്ട്. അതേസമയം, കേന്ദ്ര സൂ അതോറിറ്റി വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് നൽകിയ പരാതിയിലാണ് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ വനംവകുപ്പിനോട് നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

