മാനവീയത്തിൽ ഗായിക പുഷ്പവതിക്ക് വിലക്ക്; കോർപറേഷൻ സെക്രട്ടറിയെ തടഞ്ഞു
text_fieldsമാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് വിലക്കേർപ്പെടുത്തിയ തിരുവനന്തപുരം കോർപറേഷന്റെ നടപടിയിൽ പ്രതിഷേധിച്ച് നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചതിനെ തുടർന്ന് സാഹിത്യകാരൻ വിനോദ് വൈശാഖിയെ പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോകുന്നു
തിരുവനന്തപുരം: മാനവീയം വീഥിയില്‍ ഗായിക പുഷ്പവതിക്ക് പാടാന്‍ വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ച് കോർപറേഷൻ സെക്രട്ടറിയെ ഉപരോധിച്ച സേവ് മാനവീയം കൂട്ടായ്മ പ്രവർത്തകർ. പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കലയും സംഗീതവും നാടകവും കൂട്ടായ്മകളും നിറഞ്ഞുനിന്നിരുന്ന മാനവീയം വീഥിയിൽ പരിപാടികൾക്കും പ്രതിഷേധങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കമാണ് കോർപറേഷൻ നടത്തുന്നതെന്ന് ആരോപിച്ചാണ് ഒരുകൂട്ടം സാംസ്‌കാരിക പ്രവർത്തകർ രംഗത്തെത്തിയത്.
രാവിലെ പതിനൊന്നിന് നഗരസഭാ കൗണ്‍സില്‍ യോഗം ചേരാനിരിക്കെയായിരുന്നു നഗരസഭാസെക്രട്ടറിയെ ഉപരോധിക്കാനുള്ള സാംസ്‌കാരിക പ്രവര്‍ത്തകരുടെ അപ്രതീക്ഷിത നീക്കം. കൗണ്‍സില്‍ യോഗത്തില്‍ സെക്രട്ടറിയെ പങ്കെടുക്കാന്‍ അനുവദിക്കാതെ ഉപരോധം ഏര്‍പ്പെടുത്തിയതോടെ പൊലീസ് ബലം പ്രയോഗിക്കുകയായിരുന്നു. ഉപരോധിച്ച സംസ്‌കാരിക പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
സമാധാനപരമായി പ്രതിഷേധിച്ച തങ്ങളെ പൊലീസ് കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദിച്ചതായി സംസ്‌കാരിക പ്രവര്‍ത്തകര്‍ പറഞ്ഞു. മാനവീയം വീഥിയില്‍ നൈറ്റ് ലൈഫിന് വിലക്കില്ലെന്ന് മന്ത്രി പറയുമ്പോള്‍ അതിന് വിരുദ്ധമായാണ് മേയര്‍ പറയുന്നതെന്നും അവർ ആരോപിച്ചു. മാനവീയം വീഥിയിലെ പരിപാടികളുടെ സ്വഭാവം പരിശോധിച്ച ശേഷമേ അനുമതി നൽകാനാകൂ എന്ന കോർപറേഷൻ നിലപാട് സാംസ്‌കാരിക കൂട്ടായ്മകളുടെ സ്വാതന്ത്ര്യത്തിന് തടയിടാൻ ലക്ഷ്യമിട്ടുള്ളതാണെന്നാണ് വിമർശനം.
പുഷ്പവതിയെ പാടാൻ അനുവദിക്കണമെന്നും മാനവീയം വീഥിയിൽ പാടാനുള്ള അവസരം നിഷേധിച്ച കോർപറേഷൻ നടപടി പുനപരിശോധിക്കണമെന്നും സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥും പ്രതികരിച്ചിട്ടുണ്ട്.
സംഘർഷങ്ങൾ തുടങ്ങിയപ്പോഴാണ് നിയന്ത്രണങ്ങൾ ആരംഭിച്ചത്: മേയർ
തിരുവനന്തപുരം: മാനവീയം വീഥിയിൽ നിലവിലുണ്ടായിരുന്ന സംവിധാനമനുസരിച്ചാണ് പരിപാടികൾ നടന്നിരുന്നതെന്നും സംഘർഷങ്ങൾ ആരംഭിച്ചതോടെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും മേയർ വി.വി. രാജേഷ്. മാനവീയം വീഥിയിൽ ഒരു പ്രശ്‌നവുമില്ല. അവിടെ നിലവിലുണ്ടായിരുന്ന ഒരു സിസ്റ്റം അനുസരിച്ചാണ് കാര്യങ്ങൾ നടന്നുകൊണ്ടിരുന്നത്. അനുമതിയില്ലാതെ പലരും പരിപാടികൾ നടത്തിയിരുന്നു.
കഴിഞ്ഞദിവസം വന്ന അപേക്ഷ ‘മാനവീയം രജതജൂബിലി സാംസ്‌കാരിക സമിതി’ എന്ന പേരിലാണ്. അങ്ങനെയൊരു സമിതി ആരാണെന്നോ എന്താണെന്നോ വ്യക്തമല്ല. അതുമായി ബന്ധപ്പെട്ട് ഒരു സർക്കാർ ഉത്തരവോ കോർപറേഷൻ തീരുമാനമോ ഇല്ല. അപേക്ഷയിലുള്ള സംഘടനയെക്കുറിച്ച് എനിക്ക് അറിവില്ല. ഞാൻ മേയറായിട്ട് ഇന്നുവരെ അതുമായി ബന്ധപ്പെട്ട് ആരും വന്നിട്ടില്ല. അതിന്റെ രേഖകളും കണ്ടിട്ടില്ല. മാനവീയം കോർപറേഷന്റെ ചുമതലയിലുള്ള സ്ഥലമാണ്. കോർപറേഷൻ സെക്രട്ടറിയോ മേയറോ ഡെപ്യൂട്ടി മേയറോ ആരെങ്കിലും ആ സമിതിയിൽ ഉണ്ടാവേണ്ടതല്ലേ. നാളെ വേറെ പത്തുപേർ വന്ന് ഞങ്ങളാണ് മാനവീയം സാംസ്‌കാരിക സമിതി എന്ന് പറഞ്ഞാൽ ഞങ്ങൾ എന്ത് ചെയ്യുമെന്നും മേയർ ചോദിക്കുന്നു.
മാനവീയത്ത് വിലക്കേർപ്പെടുത്താനുള്ള നീക്കം അംഗീകരിക്കില്ല: സി.പി.ഐ
തിരുവനന്തപുരം: മാനവീയം വീഥിയിൽ സാംസ്കാരിക പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയ കോർപറേഷൻ നടപടി നീതീകരിക്കാനാകില്ലെന്ന് സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ. തലസ്ഥാനത്തിന്‍റെ സാംസ്കാരിക ഇടനാഴിയാണ് മാനവീയം വീഥി. സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളെയും, കലയെയും സാഹിത്യത്തെയും ഭയപ്പെടുകയും, കലാകാരൻമാരെയും സാംസ്കാരിക പ്രവർത്തകരെയും വേട്ടയാടുകയും ചെയ്യുന്ന നയമാണ് രാജ്യവ്യാപകമായി ബി.ജെ.പി പിന്തുടരുന്നത്. ഈ നയം തലസ്ഥാനത്ത് നടപ്പാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഈ നീക്കം പ്രബുദ്ധരായ തലസ്ഥാനിവാസികൾ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

