തൃശൂർ പൂരം വെടിക്കെട്ട്; ഹൈകോടതി ഉത്തരവിൽ പ്രതീക്ഷയർപ്പിച്ച് പൂരം സംഘാടകർ
text_fieldsതൃശൂർ: പാറമേക്കാവ്, തിരുവമ്പാടി വേല വെടിക്കെട്ടുകൾക്ക് ഹൈകോടതി നൽകിയ അനുമതി വരാനിരിക്കുന്ന തൃശൂർ പൂരം വെടിക്കെട്ടിനെക്കുറിച്ചുള്ള ശുഭസൂചനയാണെന്ന പ്രതീക്ഷയിൽ പൂരം സംഘാടകർ. പൂരത്തിന്റെ മുഖ്യ സംഘാടകരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിനുള്ള തടസം നീങ്ങിയത് പ്രതീക്ഷക്ക് വക നൽകുന്നതാണെന്ന് ബന്ധപ്പെട്ടവർ പങ്കുവെക്കുന്നു.
തിരുവമ്പാടി വേല വെള്ളിയാഴ്ചയും പാറമേക്കാവ് വേല ഞായറാഴ്ചയുമാണ്. രണ്ട് വേലകളുടെയും വെടിക്കെട്ടിനുള്ള അനുമതി തടഞ്ഞ് കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ ദേവസ്വങ്ങൾ ഹൈകോടതിയെ സമീപിച്ചാണ് ഇപ്പോൾ തടസം നീക്കിയത്.
കേന്ദ്ര നിയമമനുസരിച്ച് വെടിക്കെട്ട് അനുവദിക്കാൻ സാധിക്കില്ലെന്നായിരുന്നു കലക്ടറുടെ ഉത്തരവ്. അനുമതി ലഭിച്ചതോടെ പൂരം വെടിക്കെട്ടും നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാറും പറഞ്ഞു.
ആന എഴുന്നെള്ളിപ്പിന് ഹൈക്കോടതി പുറപ്പെടുവിച്ച കർശന മാർഗനിർദേശം അടുത്തിടെയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.നിലവിലെ മാനദണ്ഡം പാലിച്ച് ആനകളെ എഴുന്നള്ളിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത് ഉത്സവ സംഘാടകർക്ക് ആശ്വാസമായിരുന്നു. അന്ന് സുപ്രീം കോടതിയെ സമീപിച്ചതും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ്. പിന്നെയും ബാക്കിനിന്ന പ്രശ്നം വെടിക്കെട്ടിന്റേതാണ്. കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ‘പെസോ’ പുറപ്പെടുവിച്ച കർശന വ്യവസ്ഥകളാണ് വെടിക്കെട്ട് നടത്തിപ്പ് അസാധ്യമാണെന്ന പ്രതീതി വരുത്തിയത്. ഈ വ്യവസ്ഥകൾ മറികടന്ന് വെടിക്കെട്ടിന് അനുമതി നൽകാൻ ബന്ധപ്പെട്ട ജില്ല ഭരണകൂടങ്ങൾക്കും കഴിയില്ല. ഇത്തരത്തിൽ തൃശൂർ കലക്ടർ പുറപ്പെടുവിച്ച നിരോധന ഉത്തരവ് ഹൈകോടതി മാറ്റിയതോടെ വേല സംഘാടകർക്ക് ആശ്വാസമായതിനൊപ്പം സാങ്കേതികാർഥത്തിൽ ജില്ല ഭരണകൂടത്തിനും പ്രശ്നം ഒഴിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

