വധശ്രമക്കേസിൽ എം.പിയുടെ ശിക്ഷ;അപ്പീലിൽ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദം തുടങ്ങി
text_fieldsകൊച്ചി: വധശ്രമക്കേസിൽ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലടക്കമുള്ള പ്രതികൾക്ക് വിചാരണ കോടതി തടവുശിക്ഷ വിധിച്ചതിനെതിരെ ഹൈകോടതിയിലുള്ള അപ്പീൽ ഹരജിയിൽ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദം തുടങ്ങി. മുൻ കേന്ദ്രമന്ത്രി പി.എം. സെയ്ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ വിചാരണ കോടതി 10 വർഷം തടവുശിക്ഷ വിധിച്ചതോടെ ജനപ്രാതിനിധ്യ നിയമപ്രകാരം ഫൈസൽ അയോഗ്യനാക്കപ്പെട്ടിരുന്നു. എന്നാൽ, അദ്ദേഹം നൽകിയ അപ്പീലിൽ ഹൈകോടതി ശിക്ഷ സസ്പെൻഡ് ചെയ്തതോടെ അയോഗ്യത നീങ്ങി.
ഇതിനെതിരെ ലക്ഷദ്വീപ് ഭരണകൂടവും സ്വാലിഹും നൽകിയ ഹരജിയിൽ ഹൈകോടതി ഉത്തരവ് റദ്ദാക്കി അപ്പീൽ വീണ്ടും പരിഗണിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ച് അപ്പീലിൽ വാദം കേൾക്കുന്നത്.ലക്ഷദ്വീപിൽ തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ എം.പിയുടെ ശിക്ഷ സസ്പെൻഡ് ചെയ്ത നടപടി നിയമപരമല്ലെന്ന് ലക്ഷദ്വീപ് ഭരണകൂടത്തിനുവേണ്ടി ഹാജരായ അഡീ. സോളിസിറ്റർ ജനറൽ വാദിച്ചു. ഇതുസംബന്ധിച്ച സുപ്രീംകോടതി വിധികളും ചൂണ്ടിക്കാട്ടി. നേരത്തേ ഫൈസലിനുവേണ്ടി സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനായ കപിൽ സിബിലാണ് ഹാജരായത്. സെപ്റ്റംബർ 21ന് വാദം തുടരും.