പൊതുഭരണവകുപ്പ് ഉത്തരവിറങ്ങി: ഷിഫ്റ്റ് ജോലിക്കാർക്ക് പഞ്ചിങ് ഇളവ്
text_fieldsതിരുവനന്തപുരം: ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടെയും ഓഫിസ് സമയത്തിനുപുറമേ പ്രവർത്തിക്കുന്ന ജീവനക്കാരുടെയും പഞ്ചിങ്ങിനെ ശമ്പളവുമായി ബന്ധിപ്പിക്കുന്നതിൽനിന്ന് ഒഴിവാക്കി പൊതുഭരണവകുപ്പ് ഉത്തരവ്. ജോലി സംബന്ധമായ പ്രത്യേകതകൾ കണക്കിലെടുത്താണ് ക്രമീകരണം. പൂർണസമയം പുറത്ത് ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാർ പഞ്ച് ചെയ്യാൻ പാടില്ല. ശമ്പളവുമായി ബന്ധിപ്പിക്കുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇവർ പഞ്ചിങ് തുടരണമെന്ന് ഉത്തരവിൽ പറയുന്നു. ഇവരുടെ പ്രവർത്തനസമയം ഓഫിസ് മേലധികാരികൾ രേഖപ്പെടുത്തി സ്പാർക്കിൽ ചേർക്കും. പെട്ടെന്ന് ഷിഫ്റ്റ് ഡ്യൂട്ടിയിലേക്ക് മാറേണ്ടി വരുന്നവർ അതുസംബന്ധിച്ച ഉത്തരവ് സ്പാർക്കിൽ അപ്ലോഡ് ചെയ്ത് ഒ.ഡി സമർപ്പിക്കണം. സർക്കാറിനുകീഴിലെ എല്ലാ സ്ഥാപനങ്ങൾക്കും ബാധകമായ ഉത്തരവ് ആഗസ്റ്റ് ഒന്നുമുതലാണ് പ്രാബല്യത്തിൽ വരുക.
പഞ്ചിങ് സംവിധാനം ആധാർ അധിഷ്ഠിതമായതിനാൽ പലവട്ടം ശ്രമിച്ചിട്ടും വിരലടയാളം ആധാറിൽ അപ്ഡേറ്റ് ചെയ്യാൻ കഴിയാത്തവരെ പഞ്ചിങ്ങിൽനിന്ന് ഒഴിവാക്കി. ഇവരുടെ ഹാജരും കൺട്രോളിങ് ഓഫിസർമാർ നേരിട്ട് നൽകി ക്രമീകരിക്കണം. മറ്റ് ഓഫിസുകളിലെത്തി ജോലി ചെയ്യുന്നവരും െഡപ്യൂട്ടേഷൻ ജോലി ചെയ്യുന്നവരും ആ ഓഫിസുകളിൽ പഞ്ചിങ് സംവിധാനമില്ലെങ്കിൽ ഹാജർ ബുക്കിൽ ഒപ്പിട്ടാൽ മതി. പഞ്ച് ചെയ്യാൻ മറന്നാൽ വർഷത്തിൽ രണ്ട് തവണ മാത്രം ഹാജർ രേഖപ്പെടുത്താം. ഇതിനായി നോൺ പഞ്ചിങ് അറ്റന്ഡൻസിന് ശമ്പളവിതരണത്തിനുള്ള ഓൺലൈൻ സംവിധാനമായ സ്പാർക്ക് വഴി അപേക്ഷിക്കണം. സാങ്കേതിക തകരാർ, വൈദ്യുതി മുടങ്ങൽ തുടങ്ങിയവ കാരണം പഞ്ച് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഹാജർ ക്രമീകരിക്കാൻ ഡി.ഡി.ഒക്ക് അപേക്ഷ നൽകണം.
വകുപ്പ് മേധാവിയുടെ ഉത്തരവ് പ്രകാരമേ പഞ്ചിങ് ഒഴിവാക്കലും ഉൾപ്പെടുത്തലും നടത്താവൂ. ഇത്തരം ജീവനക്കാരുടെ പട്ടിക നോഡൽ ഓഫിസർ സൂക്ഷിക്കണം. ഒരു മാസം 10 മണിക്കൂറോ അതിലേറെയോ അധികസമയം ജോലി ചെയ്യുന്നവർക്ക് പകരം ഒരു ദിവസം അവധി അനുവദിക്കും. ദിവസം ഏഴുമണിക്കൂറിലേറെ ജോലി ചെയ്യുന്നത് അധിക സമയമായി കണക്കാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

