പുനർജനി പദ്ധതി; മണപ്പാട് ഫൗണ്ടേഷനെയും ഉന്നമിട്ട് സർക്കാർ
text_fieldsതിരുവനന്തപുരം: പുനർജനി പുനരധിവാസ പദ്ധതിയുടെ വിദേശ പണമിടപാടുകളിൽ മണപ്പാട് ഫൗണ്ടേഷനെതിരെ സി.ബി.ഐ അന്വേഷണത്തിന് വിജിലൻസിൽനിന്ന് ശിപാർശ എഴുതി വാങ്ങി ആഭ്യന്തര വകുപ്പ്. വിദേശത്തുനിന്നുള്ള പണമിടപാടുകളിൽ എൻ.ജി.ഒയുടെ അക്കൗണ്ടിൽ സംശയാസ്പദ ഇടപാടുകൾ നടന്നുവെന്നും അതുകൊണ്ടുതന്നെ എഫ്.സി.ആർ.എ നിയമപ്രകാരം മണപ്പാട് ഫൗണ്ടേഷന്‍ സി.ഇ.ഒ അമീര്‍ അഹമ്മദിനെതിരെ സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് വിജിലൻസ് ആവശ്യപ്പെട്ടിരിക്കുന്നത്.
പുനര്‍ജനി പദ്ധതിക്കെതിരായ അഴിമതി ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പദ്ധതിക്കായി വിദേശത്തുനിന്ന് പണം സ്വീകരിക്കുകയും അവ ദുരിതബാധിതർക്കായി ചെലവഴിക്കുകയും ചെയ്ത മണപ്പാട് ഫൗണ്ടേഷനുമെതിരെ രണ്ടുവർഷത്തോളം നീണ്ട പ്രാഥമിക അന്വേഷണത്തിനൊടുവിൽ തിരുവനന്തപുരം വിജിലൻസ് സ്പെഷൽ യൂനിറ്റ്-2 ക്ലീൻ ചിറ്റ് നൽകിയിരുന്നു. അന്ന് വിജിലൻസ് മേധാവിയായിരുന്ന യോഗേഷ് ഗുപ്ത ഈ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസ് തിരിച്ചയക്കുകയായിരുന്നു.
പുനർജനി പദ്ധതിയിൽ അഴിമതി ചൂണ്ടിക്കാട്ടി വി.ഡി. സതീശനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഉന്നതന്‍റെ നിർദേശം. എന്നാൽ, ഇതിന് യോഗേഷ് ഗുപ്ത തയാറായില്ലെന്നാണ് വിവരം. തുടർന്ന് സമർദം കടുത്തതോടെയാണ് വിദേശ പണമിടപാടിൽ ഫെറ നിയമത്തിലെ 3(2)(എ) ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിൽ വി.ഡി. സതീശനെതിരെയും മണപ്പാട് ഫൗണ്ടേഷനെതിരെയും സി.ബി.ഐ അന്വേഷണം വേണമെന്ന് വിജിലൻസ് മുൻ മേധാവി യോഗേഷ് ഗുപ്ത ശിപാർശ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

