പുനർജനി: സർക്കാർ നീക്കം ഉറ്റുനോക്കി കോൺഗ്രസ്
text_fieldsവി.ഡി സതീശൻ
തിരുവനന്തപുരം: ‘പുനർജനി’ പദ്ധതിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഉന്നമിട്ടുള്ള സർക്കാർ നീക്കങ്ങളെ ഉറ്റുനോക്കി കോൺഗ്രസ്. സതീശനെതിരെ സി.ബി.ഐ അന്വേഷണത്തിന് സർക്കാർ വിജ്ഞാപനമിറക്കുന്നപക്ഷം കേന്ദ്ര ഏജൻസികളോടുള്ള ഇടതു സമീപനം മുതൽ ‘രാഷ്ട്രീയ വേട്ടയാടൽ’വരെ ഉയർത്തിപ്പിടിച്ച് ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ നീക്കം.
ഇടത് സൈബർ ഹാൻഡിലുകൾ സതീശനെതിരെ തിരിഞ്ഞ സാഹചര്യത്തിൽ പുനർജനി പദ്ധതിയിൽ വിജിലൻസ് അന്വേഷണം ആദ്യം ആവശ്യപ്പെട്ടത് സതീശനാണെന്ന്ന്വ്യക്തമാക്കി കോൺഗ്രസും രംഗത്തെത്തി. ഒന്നാം പിണറായി സർക്കാറിനെതിരെ നിയമസഭയിൽ അവിശ്വാസ പ്രമേയം വന്ന 2020 ആഗസ്റ്റ് 24 ന് പ്രമേയാവതാരകനായ വി.ഡി സതീശനെതിരെ ചില ഭരണപക്ഷാംഗങ്ങൾ അഴിമതി ആരോപണമുന്നയിച്ചു. ഇതിന് മറുപടി പറയവേ, പുനർജനിയിൽ മുഖ്യമന്ത്രി വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കട്ടെയെന്ന് സതീശൻ പറഞ്ഞു. ഇതിന്റെ വീഡിയോ അടക്കം ഉൾപ്പെടുത്തിയാണ് കോൺഗ്രസിന്റെ സൈബർ പ്രതിരോധം. പറവൂരിൽ നിർമിച്ച ഒരു വീടിന്റെ താക്കോൽ കൈമാറിയത് മുഖ്യമന്ത്രിയാണെന്നതുകൂടി ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് മറുപടി.
ഇതിനിടെ പണമിടപാടുകളിലെയും പദ്ധതിയിലെയും സുതാര്യത ആവർത്തിച്ച് മണപ്പാട് ഫൗണ്ടേഷൻ ഭാരവാഹികൾ രംഗത്തെത്തിയതും സർക്കാർ നീക്കങ്ങളെ ചോദ്യമുനയിലാക്കുന്നു. ഒരു വട്ടം വിജിലൻസ് അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയ കേസിൽ സി.ബി.ഐ അന്വേഷണ ശുപാർശ എഴുതിവാങ്ങിക്കുകയായിരുന്നെന്ന വിമർശനവുമുണ്ട്.
വിജിലൻസ് റിപ്പോർട്ട് പുറത്തുവന്നുപ്പാൾ കോൺഗ്രസിനുള്ളിലെ അഭിപ്രായഭിന്നതയുണ്ടാകുമെന്ന് ഇടതു കേന്ദ്രങ്ങൾ പ്രതീക്ഷിച്ചെങ്കിലും നേതാക്കളെല്ലാം സതീശനെ പിന്തുണക്കുന്ന കാഴ്ചയാണുള്ളത്.
നിയമസഭ മുന്നൊരുക്കത്തിന് അന്തിമരൂപംനൽകാൻ വയനാട്ടിൽ കോൺഗ്രസിന്റെ വിശാല നേതൃയോഗം ആരംഭിച്ച ദിവസംതന്നെ വിജിലൻസ് റിപ്പോർട്ട് പുറത്തുവന്നതിലും അജണ്ടയുണ്ടെന്ന് വിമർശനമുയ്രുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

