പ്രതികളിൽ ശിക്ഷ കഴിഞ്ഞ് ആദ്യം പുറത്തിറങ്ങുക പൾസർ സുനി; പ്രതികളുടെ ശിക്ഷാ കാലാവധി അറിയാം
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റക്കാരായ ആറ് പ്രതികൾക്കും 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച വിചാരണ കോടതി ഉത്തരവ് പ്രകാരം ആദ്യം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുക ഒന്നാം പ്രതിയായ പള്‍സര്‍ സുനി. വിചാരണത്തടവുകാലം ശിക്ഷാകാലയളവായി പരിഗണിക്കുമെന്ന് വിധിയിൽ പറഞ്ഞതോടെ എട്ട് വർഷത്തോളം ജയിലിൽ കിടന്ന സുനിക്ക് ഇനി 12 വർഷത്തോളം ജയിലിൽ കിടന്നാൽ മതി.
എട്ട് വര്‍ഷം മുന്‍പ് 2017ലാണ് കുറ്റകൃത്യം നടന്നത്. ഇതിൽ എഴ് വര്‍ഷവും ആറ് മാസവും 29 ദിവസവും പൾസർ സുനി ജയിലിലായിരുന്നു. അതിനാൽ സുനിക്ക് ഇനി 12 വര്‍ഷവും 5 മാസവും തടവില്‍ കഴിഞ്ഞാല്‍ മതിയാകും. അഞ്ച് വര്‍ഷവും 21 ദിവസവും ജയില്‍ കഴിഞ്ഞ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി 14 വര്‍ഷവും 11 മാസവുമാണ് ഇനി ശിക്ഷ അനുഭവിക്കാനുള്ളത്.
മൂന്നാം പ്രതി പി.വി വിജിഷ് 14 വര്‍ഷവും 10 മാസവും തടവറയിൽ കിടക്കം. നാലാം പ്രതി ബി. മണികണ്ഠന്‍ 14 വര്‍ഷവും ഒരുമാസവും, അഞ്ചാം പ്രതി പ്രദീപ് കുമാര്‍ 16 വര്‍ഷവും ആറ് മാസവും ജയിലിൽ കഴിയണം.
കേസിലെ ആറാം പ്രതിയായ വടിവാള്‍ സലീമിനാണ് ഇനി കൂടുതൽ കാലം ജയിലില്‍ കഴിയേണ്ടി വരിക. ഒരു വര്‍ഷവും 11 മാസവും 28 ദിവസവുമാണ് വിചാരണ കാലയളവില്‍ പ്രതി ജയിലില്‍ കഴിഞ്ഞത്. 18 വര്‍ഷവും ഒരുമാസവുമാണ് ഇപ്പോഴത്തെ വിധി അനുസരിച്ച് സലീമിന് ജയിലിൽ കഴിയേണ്ടിവരിക.
പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി പ്രതികൾ ജയില്‍ വാസം അനുഭവിക്കണം.
പ്രതികളുടെ പ്രായം, കുടുംബ പശ്ചാത്തലം എന്നിവ പരിഗണിച്ചാണ് ശിക്ഷ വിധിച്ചതെന്ന് ജഡ്ജി ഹണി എം വര്‍ഗീസ് അറിയിച്ചിരുന്നു.
ശിക്ഷാ വിധി കേട്ട് പ്രതികളെല്ലാം കോടതിയിൽ പൊട്ടിക്കരഞ്ഞു. അതിജീവിതക്ക് മോതിരം തിരികെ നൽകണമെന്നും ആക്രമണ ദൃശ്യം സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നും കോടതി നിർദേശം നൽകി. കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ പ്രേരണാക്കുറ്റം, തെളിവ് നശിപ്പിക്കൽ ഗൂഢാലോചന, ബലപ്രയോഗത്തിലൂടെ സ്ത്രീകളെ അപമാനിക്കൽ, നഗ്നയാകാൻ നിർബന്ധിക്കൽ, തൊണ്ടിമുതൽ ഒളിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, അന്യായമായി തടവിൽ പാർപ്പിക്കൽ, സ്വകാര്യത ലംഘിച്ച് അപകീർത്തികരമായ ചിത്രമെടുക്കൽ, ലൈംഗികചൂഷണ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
നേരത്തെ, അമ്മയെ സംരക്ഷിക്കുന്നത് താനാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും മുഖ്യപ്രതിയായ പൾസർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ശിക്ഷയിൽ ഇളവ് വേണമെന്ന് അഭ്യർഥിച്ച ആറാം പ്രതിയായ പ്രദീപ് കോടതി മുറിയിൽ വിങ്ങിപ്പൊട്ടി. ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമായ മാതാപിതാക്കളുണ്ടെന്നും രണ്ടാം പ്രതിയായ മാർട്ടിൻ പറഞ്ഞു. തന്‍റെ പേരിൽ മുമ്പ് ഒരു പെറ്റിക്കേസ് പോലുമില്ലെന്നും മാർട്ടിൻ വ്യക്തമാക്കി.
ഗൂഢാലോചനിൽ പങ്കില്ലെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും മൂന്നാം പ്രതി മണികണ്ഠൻ വ്യക്തമാക്കി. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ശിക്ഷയിൽ ഇളവ് നൽകണമെന്നും മണികണ്ഠൻ പറഞ്ഞു. കോടതിക്ക് പുറത്തുവെച്ച് മണികണ്ഠൻ മകളെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നു. കുറഞ്ഞ ശിക്ഷ നൽകണമെന്നും നാട് തലശ്ശേരിയിലാണെന്നും കണ്ണൂർ ജയിലിൽ ശിക്ഷ അനുഭവിക്കാൻ അനുവദിക്കണമെന്നും നാലാം പ്രതി വിജീഷും തെറ്റ് ചെയ്തിട്ടില്ലെന്നും ഭാര്യയും മകളുമുണ്ടെന്നും അഞ്ചാം പ്രതി വടിവാൾ സലിം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

