നിരപരാധിയെ 17 ദിവസം ജയിലിലടച്ച് പുൽപള്ളി പൊലീസ്; കേസിനു പിന്നിൽ കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കെന്ന് കുടുംബം
text_fieldsകൽപറ്റ: പുൽപള്ളിയിൽ കാർ പോർച്ചിൽനിന്നു മദ്യവും സ്ഫോടകവസ്തുക്കളും പിടികൂടിയ കേസിൽ വഴിത്തിരിവ്. കേസിൽ പുൽപള്ളി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച തങ്കച്ചൻ നിരപരാധിയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
പ്രാദേശിക കോൺഗ്രസ് നേതാവായ മരക്കടവ് കാനാട്ടുമലയിൽ തങ്കച്ചനാണ് ഒരുകുറ്റവും ചെയ്യാതെ 17 ദിവസം ജയിലിൽ കിടന്നത്. തങ്കച്ചനെ കള്ളക്കേസിൽ കുടുക്കാനായി കർണാടകയിൽനിന്ന് മദ്യം കൊണ്ടുവന്ന പ്രസാദ് എന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്കച്ചനെ കേസിൽ കുടുക്കിയതിനു പിന്നിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോരാണെന്നാണ് കുടുംബം പറയുന്നത്.
കഴിഞ്ഞമാസം 22ന് രാത്രിയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുൽപള്ളി പൊലീസ് തങ്കച്ചന്റെ വീട്ടിൽ പരിശോധന നടത്തിയത്. പോർച്ചിൽ കിടന്നിരുന്ന കാറിന്റെ അടിയിൽ കവറിൽ സൂക്ഷിച്ച നിലയിൽ 20 പാക്കറ്റ് കർണാടക മദ്യവും 15 തോട്ടയും കണ്ടെത്തി. പിന്നാലെ തങ്കച്ചനെ അറസ്റ്റ് ചെയ്തു. അന്നു തന്നെ ഇത് കള്ളക്കേസാണെന്നും പിന്നിൽ ഗ്രൂപ്പ് പോരാണെന്നും തങ്കച്ചനും കുടുംബവും പറഞ്ഞിരുന്നു. എന്നാൽ, അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് തങ്കച്ചനെ വൈത്തിരി സബ്ജയിലിലേക്ക് മാറ്റി.
അന്വേഷണത്തിലാണ് കർണാടകയിൽനിന്നു മദ്യം വാങ്ങിയ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ ഭിന്നതയും വ്യക്തിവൈരാഗ്യവുമാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു. ഭർത്താവിനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ചൂണ്ടിക്കാട്ടി എസ്.പിക്ക് പരാതി നൽകിയിരുന്നെന്നും പൊലീസ് കൃത്യമായി അന്വേഷിച്ചിരുന്നെങ്കിൽ ഭർത്താവിന് ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നുവെന്നും ഭാര്യ സിനി പറഞ്ഞു. തങ്കച്ചന്റെ നിരപരാധിത്വം തെളിഞ്ഞ സാഹചര്യത്തിൽ വിട്ടയക്കാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചതായി പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

