കാവുകളിൽ ജൈവ സംസ്കൃതി സമൃദ്ധമാക്കി ക്ഷേത്രസമിതി
text_fieldsപുല്ലൂർ: നാടിെൻറ ജൈവ സംസ്കൃതി തിരിച്ചുപിടിക്കാൻ ഒരുമിച്ച് കൊടവലം ഗ്രാമവാസികൾ. കൊടവലം മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. നാരായണിക്കാവ്, ശങ്കരൻകാവ്, മുളവിന്നൂർക്കാവ്, പരതാളിക്കാവ്, തച്ചർക്കാവ്, പോതീരെ കാവ് എന്നിവിടങ്ങളിലാണ് വനവത്കരണവും സംരക്ഷണവും നടത്തുന്നത്.
അന്യംനിന്നുപോകുന്ന വൃക്ഷലതാതികളെ കാവുകളിൽ നട്ട് സംരക്ഷിക്കുകയാണ് ചെയ്യുന്നത്. അത്തി, ഇത്തി, ആൽ, അരയാൽ, വഹ്നി, മരുത്, ഇലഞ്ഞി, ചാക്കൊട്ട, കൂവളം തുടങ്ങിയ വൃക്ഷത്തൈകളാണ് നട്ടത്. കാട്ടുമൂർത്തിയുടെ ആരൂഢ സ്ഥാനമായ എടമുണ്ടയിലെ പരതാളിക്കാവിൽ വൃക്ഷത്തൈകളുടെ നടീൽ നടന്നു. അരയേക്കറിലധികം വിസ്തൃതിയുള്ള കാവിൽ നൂറിലധികം മരത്തൈകളാണ് നട്ടത്. മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങളും നട്ടിട്ടുണ്ട്.
കൊടവലം ക്ഷേത്രത്തിനു കീഴിൽ വിവിധ പ്രാദേശിക സമിതികൾ രൂപവത്കരിച്ചാണ് കാവുകളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. പാട്ട്യമ്മേരടുക്കം പ്രാദേശിക സമിതിയാണ് പരതാളിക്കാവിെൻറ സംരക്ഷണം നടത്തുന്നത്.
കാവ് വനവത്കരിക്കുന്നതോടൊപ്പം അടുത്തഘട്ടമായി വീട്ടുപറമ്പിലും ചെറു വനതുരുത്തുകൾ ഒരുക്കാൻ ക്ഷേത്ര നവീകരണ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾക്ക് ക്ഷേത്ര നവീകരണ കമ്മിറ്റി ജനറൽ കൺവീനർ ടി.പി. രാമചന്ദ്രൻ, ചെയർമാൻ എൻ. ബാലകൃഷ്ണൻ, വർക്കിങ് ചെയർമാൻ ദാമോദരൻ നായർ, കൺവീനർമാരായ എം. ശ്രീധരൻ നമ്പ്യാർ, എം. സുരേഷ്, ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി മുങ്ങത്ത് ശ്രീനിവാസൻ, പ്രസിഡൻറ് കെ. ഉപേന്ദ്ര വാര്യർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
