ഭവിനും അനീഷയും പരിചയപ്പെട്ടത് അഞ്ചുവർഷം മുമ്പ് ഫേസ്ബുക്കിലൂടെ; കുഞ്ഞുങ്ങളുടെ അസ്ഥിയുമായി ഭവിൻ സ്റ്റേഷനിലെത്തിയത് അനീഷ അകലാൻ തുടങ്ങിയതോടെ
text_fieldsഅനീഷയും ഭവിനും
ആമ്പല്ലൂര്‍: തൃശൂർ ആമ്പല്ലൂരിലും നൂലുവെള്ളിയിലും നവജാത ശിശുക്കളെ രഹസ്യമായി കുഴിച്ചിട്ടെന്ന വെളിപ്പെടുത്തലിനെ തുടർന്ന് അറസ്റ്റിലായ കമിതാക്കളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കുഴികൾ തുറന്നുള്ള പരിശോധനയും ഇന്ന് നടക്കും. കുട്ടികളുടെ അമ്മയായ മറ്റത്തൂര്‍ നൂലുവെള്ളി സ്വദേശി മുല്ലക്കപറമ്പില്‍ അനീഷ (22), ആമ്പല്ലൂര്‍ സ്വദേശിയും കുട്ടികളുടെ പിതാവുമായ ചേനക്കാല വീട്ടില്‍ ഭവിന് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അനീഷ ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട സ്വന്തം വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട രണ്ടാം പ്രതി ഭവിന്റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് ഇന്ന് പരിശോധന നടത്തുക.
അനീഷ തന്നിൽ നിന്ന് അകലുകയാണെന്ന തോന്നലാണ് ഭവിൻ പൊലീസ് സ്റ്റേഷനിലെത്തി വെളിപ്പെടുത്തൽ കാരണമായത്. ശനിയാഴ്ച രാത്രി 12.30ഓടെയാണ് മദ്യലഹരിയില്‍ കുട്ടികളുടെ അസ്ഥി ബാഗിലാക്കി ഭവിന് പുതുക്കാട് സ്റ്റേഷനിലെത്തിയത്. ഭവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇയാളെയും കാമുകിയും കുട്ടികളുടെ അമ്മയുമായ അനീഷയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
രണ്ടു പ്രസവത്തിലായുള്ള കുട്ടികളെ രണ്ടിടങ്ങളിലായി കുഴിച്ചുമൂടുകയായിരുന്നുവെന്ന് വിശദമായ ചോദ്യം ചെയ്യലില്‍ അനീഷ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന വകുപ്പുകൾ ചുമത്തി. രണ്ടു കൊലപാതകളും നടത്തിയത് അനീഷയാണെന്ന് പൊലീസ് പറഞ്ഞു.
2020ല്‍ ഫേസ്ബുക്കിലൂടെയാണ് ഭവിനും അനീഷയും പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയത്തിലാവുകയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായും പറയുന്നു. 2021 നവംബറിലാണ് ആദ്യത്തെ കുട്ടിയെ കൊലപ്പെടുത്തി കുഴിച്ചിട്ടത്. എട്ട് മാസത്തിന് ശേഷം കുഴി തോണ്ടി അസ്ഥി പുറത്തെടുത്ത് ഭവിന് കൈമാറി. 2024 ആഗസ്റ്റിലാണ് രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയത്. തുണിയിൽ പൊതിഞ്ഞ മൃതദേഹം തൊട്ടടുത്ത ദിവസം സ്കൂട്ടറിലെത്തിച്ച് ഭവിന് കൈമാറുകയായിരുന്നു. ഭവിന്റെ വീടിന് പിറകിലെ തോട്ടിലാണ് ഈ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടത്. നാല് മാസങ്ങൾക്ക് ശേഷമാണ് അസ്ഥികൾ പുറത്തെടുത്ത് സൂക്ഷിച്ചത്. കുട്ടികളുടെ മരണാനന്തര ചടങ്ങുകൾ ചെയ്യാനാണ് അസ്ഥികൾ സൂക്ഷിക്കുന്നതെന്നാണ് ഭവിൻ അനീഷയെ ധരിപ്പിച്ചിരുന്നത്.
ചാലക്കുടി ഡിവൈ.എസ്.പി ബിജുകുമാര്‍, പുതുക്കാട് എസ്.എച്ച്.ഒ എന്‍. മഹേന്ദ്രസിംഹന് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. ഫോറന്‍സിക് പരിശോധനകളും മറ്റു ശാസ്ത്രീയ പരിശോധനകളും കേസില്‍ തുടരും. പ്രതികളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്ന് ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

