കൊല്ലത്ത് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുമരാമത്ത് വകുപ്പ്
text_fieldsകൊല്ലത്ത് ഇടിഞ്ഞ് താഴ്ന്ന ദേശീയപാത
തിരുവനന്തപുരം: കൊല്ലം കൊട്ടിയത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്. ദേശീയപാത അതോറിറ്റിയിൽ നിന്ന് വിശദീകരണം തേടാൻ അധികൃതരോട് നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.
കൊല്ലം മൈലക്കാട് ദേശീയ പാത നിർമാണത്തിനിടെ റോഡ് ഇടിഞ്ഞ സംഭവത്തിൽ അടിയന്തര നടപടിയും ഇടപെടലും ആവശ്യപ്പെട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരിക്ക് കത്തയച്ചു. ദേശീയപാത 66ന്റെ നിർമാണം സമയബന്ധിതമായി പൂര്ത്തിയാക്കുന്നതിനൊപ്പം ഗുണനിലവാരവും സുരക്ഷാക്രമീകരണങ്ങളും ഉറപ്പുവരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
അതേസമയം, റോഡ് ഇടിഞ്ഞ സംഭവത്തിൽ പൊതുമരാമത്ത് സെക്രട്ടറിയോട് അടിയന്തര റിപ്പോർട്ടും മന്ത്രി തേടിയിട്ടുണ്ട്. ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി റിപ്പോർട്ട് നൽകാനാണ് നിർദേശം.
ദേശീയപാത അതോറിറ്റിയുടെയും നിർമാണ കമ്പനിയുടെയും അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് സ്ഥലവാസികൾ ആരോപിക്കുന്നു. ദേശീയപാതക്ക് അടിയിലൂടെ കടന്നു പോകുന്ന വെള്ളം ഒഴുകുന്ന ഓടക്ക് മതിയായ സംവിധാനം ഒരുക്കാതെ നിർമാണം പ്രവർത്തനങ്ങളാണ് ഇടിഞ്ഞുവീഴാൻ ഇടയാക്കിയതെന്നാണ് വിമർശനം.
കൊല്ലം കൊട്ടിയത്താണ് നിർമാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞുവീണത്. ഇതേതുടർന്ന് ചാത്തന്നൂരിന് സമീപം മൈലക്കാട് പാലത്തിന്‍റെ അപ്രോച്ച് റോഡിൽ ഗർത്തം രൂപപ്പെട്ടു. മണ്ണിടിഞ്ഞ് താഴ്ന്ന് ദേശീയപാതയുടെ കൂറ്റൻ പാർശ്വഭിത്തി തകരുകയും ഇത് താഴെകൂടി പോകുന്ന സർവീസ് റോഡിലേക്ക് പതിക്കുകയും ചെയ്തു.
ഇതോടെ സർവീസ് റോഡ് വിണ്ടുകീറി. ഈ സമയം ഇതുവഴി പോകുകയായിരുന്ന സ്കൂൾ ബസ് അടക്കം വാഹനങ്ങൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സ്കൂൾ ബസിൽ നിന്ന് കുട്ടികളെ ഇറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കൂടാതെ കാറുകളടക്കം നിരവധി വാഹനങ്ങളും റോഡിൽ കുടുങ്ങി.
സമാനമായ രീതിയിലാണ് മാസങ്ങൾക്ക് മുമ്പ് മലപ്പുറം കൂരിയാടിൽ ദേശീയപാത ഇടിഞ്ഞുവീണത്. കൂരിയാടിന് പിന്നാലെ കണ്ണൂരും കാസർകോടുമെല്ലാം നിരവധി ഇടങ്ങളിൽ നിർമാണം പൂർത്തിയായ ദേശീയപാത തകർന്നിരുന്നു. ഇത് വലിയ വിവാദത്തിന് വഴിവെക്കുകയും ചെയ്തു. തുടർന്ന് എന്താണ് പ്രശ്നമെന്ന് പഠിക്കാൻ ദേശീയപാത അതോറിറ്റി സമിതിയെ നിയോഗിച്ചു.
കേരളത്തിലെ ദേശീയപാതയുടെ (എൻ.എച്ച്-66) ഭൂരിഭാഗം പാക്കേജുകളും നിർമിച്ചിരിക്കുന്നത് കേന്ദ്ര മന്ത്രാലയത്തിന്റെ നിർദേശങ്ങൾ ലംഘിച്ചാണെന്നായിരുന്നു സമിതിയുടെ പരിശോധന റിപ്പോർട്ട് കണ്ടെത്തിയത്. ചരിവ് സംരക്ഷണത്തിന് സമഗ്രമായ ജിയോ ടെക്നിക്കൽ അന്വേഷണങ്ങളോ സൈറ്റ്-നിർദിഷ്ട ജിയോളജിക്കൽ മാപ്പിങ്ങോ ഫൗണ്ടേഷൻ എഞ്ചിനീയറിങ് പഠനങ്ങളോ നടന്നിട്ടില്ലെന്ന വിവരം റിപ്പോർട്ടിലൂടെ പുറത്തു വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

