Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊതുഗതാഗതത്തിൽ കേരളം മുന്നിൽ; 2030 ഓടെ 5.8 ലക്ഷം ബസുകൾ കാലാവധി തികക്കും

text_fields
bookmark_border
സി.എസ്.ഇ പഠന റിപ്പോർട്ട് പുറത്ത്
പൊതുഗതാഗതത്തിൽ കേരളം മുന്നിൽ; 2030 ഓടെ 5.8 ലക്ഷം ബസുകൾ കാലാവധി തികക്കും
cancel

തിരുവനന്തപുരം: മികച്ച പൊതുഗതാഗത സംവിധാനമാണ് കേരളത്തിലുള്ളതെന്ന് സി.എസ്.ഇ പഠന റിപ്പോർട്ട്. കർണാടകത്തിനും ഗുജറാത്തിനും മധ്യപ്രദേശിനും ഒപ്പം രാജ്യത്തെ മികച്ച നിലവാരമുള്ള പൊതുഗതാഗത സംവിധാനമാണ് കേരളത്തിലുള്ളതെന്ന് ഡൽഹി ആസ്ഥാനമായ സെന്റർ ഫോർ സയൻസ് എൻവയൺമെന്റ് (സി.എസ്.ഇ) പുറത്തുവിട്ട പഠന റിപ്പോർട്ടിൽ പറയുന്നു. 12 മീറ്റർ നീളമുള്ള ഒരു ബസ് ഇറക്കിയാൽ ഏകദേശം 20 കാറുകൾക്ക് പകരമാകുമെന്ന നിരീക്ഷണം ഉൾപ്പെടെ ഭാവിയിലേക്ക് ദിശാബോധം പകരുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

കേരളം ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങളിൽ ഒഴികെ മറ്റിടങ്ങളിൽ പൊതുഗതാഗത സംവിധാനം വളരെ കുറവാണ്. രാജ്യത്തെ 40,000 ട്രാൻസ്പോർട്ട് ബസുകൾ ഇപ്പോൾ തന്നെ 15 വർഷം എന്ന കാലാവധി കഴിഞ്ഞവയാണ്. 2030 ആകുമ്പോഴേക്കും വിവിധ സംസ്ഥാനങ്ങളിലെ ട്രാൻസ്പോർട്ട് ശൃംഖലയിലെ 5.8 ലക്ഷത്തോളം ബസുകൾ കാലഹരണപ്പെടും. രാജ്യത്തെ പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്താൻ 6.7 ലക്ഷം ബസുകളാണ് സമീപഭാവിയിൽ വേണ്ടത്. ഇപ്പോൾ ആകെയുള്ള ബസുകൾ 65,000 മാത്രമായതിനാൽ പത്തുമടങ്ങ് ബസുകളുടെ എണ്ണം വർധിപ്പിക്കണം.

സ്മാർട് സംവിധാനങ്ങളിലൂടെ യാത്രക്കാരെ മുഴുവൻ ആകർഷിക്കാനും പദ്ധതികൾ ആരംഭിക്കണം. ഭാവിയിലെ ബസുകൾ മുഴുവൻ വൈദ്യുതിയിൽ ഓടുന്ന ‘പവർ ട്രെയിനു’കളായി മാറുമെന്നും ചൈനയെ ഇക്കാര്യത്തിൽ മാതൃകയാക്കാമെന്നും പഠനത്തിന് നേതൃത്വം നൽകിയ അനുമിത റോയി ചൗധരി പറഞ്ഞു. ഇന്ന് രാജ്യത്ത് സ്വകാര്യ ബസുകൾ ഉൾപ്പെടെ ആകെ 14.5 ലക്ഷം ബസുകളാണുള്ളത്.

ഇന്ത്യയിൽ ഒരു ലക്ഷം പേർക്ക് 13.1 ബസ് മാത്രമാണ് ഇപ്പോൾ സർവിസ് നടത്തുന്നത്. എന്നാൽ, ഇവിടെ ഒരു ലക്ഷം പേർക്ക് 44 ബസുകളാണ് വേണ്ടതെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, കെ.എസ്.ആർ.ടി.സിയുടെ ബിസിനസ് ക്ലാസ് ബസിന്റെ സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും. റിസർവേഷൻ ആരംഭിച്ചത് മുതൽ വലിയ ബുക്കിങ്ങായിരുന്നു. ആദ്യ യാത്രക്കുള്ള ബസ് ടിക്കറ്റുകളുടെ ബുക്കിങ് പൂർത്തിയായി. ആലപ്പുഴയിൽനിന്ന്‌ വൈകീട്ട് 5.30 നാണ് യാത്ര ആരംഭിക്കുക. പിറ്റേന്ന് രാവിലെ 5.55ന് ബംഗളൂരുവിൽ എത്തും. കെ.എസ്.ആര്‍.ടി.സിയുടെ ആഡംബര ബസുകള്‍ എക്‌സിക്യൂട്ടീവ് ക്ലാസ് എന്ന പേരിലാണ് സര്‍വിസ് നടത്തുന്നത്.

ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയുമായി വന്ദേഭാരത് ട്രെയിനിന് സമാന്തരമായ ആഡംബര ബസാണ് ഓടിത്തുടങ്ങുന്നത്. നിലവില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് സര്‍വിസുള്ളത്. ആലപ്പുഴയില്‍ നിന്ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന ബസ് വൈറ്റില, തൃശൂര്‍ മണ്ണുത്തി ബൈപ്പാസ്, പാലക്കാട് ചന്ദ്രനഗര്‍, കോയമ്പത്തൂര്‍ എല്‍ ആന്‍ഡ് ടി ബൈപ്പാസ്, സേലം വഴി പിറ്റേദിവസം രാവിലെ 5.55ന് ബംഗളൂരുവില്‍ എത്തിച്ചേരും. ബംഗളൂരുവില്‍ നിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന സര്‍വിസ് ഇതേ വഴിയിലൂടെ സഞ്ചരിച്ച് പിറ്റേന്ന് രാവിലെ എട്ടിന് ആലപ്പുഴയില്‍ എത്തും.

യാത്രക്കാര്‍ക്കായി സെമി സ്ലീപ്പര്‍ സീറ്റുകള്‍, എയര്‍ സസ്‌പെന്‍ഷന്‍, ശുചിമുറി തുടങ്ങിയ സൗകര്യങ്ങള്‍ ബസില്‍ ഒരുക്കിയിട്ടുണ്ട്. ഓരോ നിരയിലും രണ്ട് സീറ്റുകള്‍ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. സീറ്റുകള്‍ക്കു പിന്നില്‍ പ്രത്യേകം സ്‌ക്രീനുകളും നല്‍കിയിട്ടുണ്ട്. മൊബൈല്‍ ചാര്‍ജിങ്, ബോട്ടില്‍ ഹോള്‍ഡര്‍, ലഗേജ് റാക്ക്, തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ചായ ഉള്‍പ്പെടെയുള്ള ലഘുഭക്ഷണം, ടോയ്‌ലറ്റ്, പാന്‍ട്രി തുടങ്ങിയ സംവിധാനങ്ങള്‍ ബസിനുള്ളിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala leads in public transport; 5.8 lakh buses will expire by 2030
Next Story