പൊതുപ്രവർത്തകനെ സ്ത്രീപീഡന കേസിൽ പ്രതിയാക്കി; എസ്.ഐയുടെ ശമ്പളത്തിൽ നിന്ന് 50,000 രൂപ നഷ്ടപരിഹാരം ഈടാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ, വകുപ്പുതല നടപടിയെടുക്കണം
text_fieldsകോഴിക്കോട്: മതിയായ അന്വേഷണം നടത്താതെയും ലാഘവത്തോടെയും പൊതുപ്രവർത്തകനെ സ്ത്രീപീഡന കേസിൽ പ്രതിയാക്കിയെന്ന പരാതിയിൽ സർക്കാർ 50,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. പൊതുപ്രവർത്തകനെ കള്ളക്കേസിൽ കുടുക്കിയ തിരുവമ്പാടി എസ്.ഐക്കെതിരെ വകുപ്പുതല നടപടികൾ സ്വകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
നഷ്ടപരിഹാരതുക സർക്കാർ രണ്ടു മാസത്തിനുള്ളിൽ നൽകിയ ശേഷം എതിർകക്ഷിയായ തിരുവമ്പാടി എസ്.ഐ ഇ.കെ. രമ്യയുടെ ശമ്പളത്തിൽ നിന്നും ഈടാക്കണം. സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനുള്ളിൽ സംസ്ഥാന പൊലീസ് മേധാവി കമീഷനെ രേഖാമൂലം അറിയിക്കണം. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ എസ്. ഐയുടെ പേരിൽ കർശന നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് ഉത്തരവിൽ പറയുന്നു.
പൗരാവകാശ ലംഘനങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന നാട്ടൊരുമ പൗരാവകാശ സമിതിയുടെ എക്സിക്യൂട്ടീവ് മെമ്പറായ തിരുവമ്പാടി സ്വദേശി സെയ്തലവിയുടെ പരാതിയിലാണ് നടപടി. ഐ.എഫ്.എസ് ഉദ്യോഗസ്ഥനെതിരെ ഹൈകോടതിയിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിലാണ് തിരുവമ്പാടി എസ്.ഐ തനിക്കെതിരെ വ്യാജരേഖ രജിസ്റ്റർ ചെയ്തതെന്നാണ് സെയ്തലവിയുടെ പരാതി. പരാതിയെക്കുറിച്ച് കമീഷനിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ അന്വേഷണം നടത്തി. അതേസമയം, പരാതിക്കാരൻ ആരോപിക്കുന്ന തരത്തിൽ മുൻ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് കേസിൽ പങ്കില്ലെന്ന് കമീഷൻ അന്വേഷണവിഭാഗം കണ്ടെത്തി.
പരാതിക്കാരനും ബന്ധുവായ പാത്തുമ്മയും അവരുടെ ബന്ധുക്കളും തമ്മിൽ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ടുള്ള സിവിൽ തർക്കമാണ് സ്ത്രീപീഡന കേസിന് പിന്നിലെന്ന് അന്വേഷണവിഭാഗം കണ്ടെത്തി. 2023 ജനുവരി 24ന് രാവിലെ പരാതിക്കാരനും പാത്തുമ്മയും ഭർതൃസഹോദരനായ അബ്ദുറഹ്മാനും തമ്മിൽ വാക്കുതർക്കമുണ്ടായി. അന്നു തന്നെ പരാതിക്കാരൻ അക്രമിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പാത്തുമ്മ തിരുവമ്പാടി സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരനെ പ്രതിയാക്കി സെക്ഷൻ 354 ഐ.പി.സി പ്രകാരം കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അക്രമം നടന്നതായുള്ള പരാതി വ്യാജമാണെന്ന് കണ്ടെത്തി.
പാത്തുമ്മയുടെ മൊഴിക്ക് അനുകൂലമായി അവരുടെ ബന്ധുക്കളുടെയും മരുമക്കളുടെയും മൊഴി മാത്രം രേഖപ്പെടുത്തി വേണ്ടത്ര അന്വേഷണം നടത്താതെ പരാതിക്കാരനെതിരെ കേസെടുത്തെന്നാണ് അന്വേഷണവിഭാഗം കണ്ടെത്തിയത്. പിന്നീട് ഇതേ പരാതി വ്യാജമാണെന്നും കണ്ടെത്തി. പരാതിക്കാരന് കോടതിയിൽ നിന്നും മുൻകൂർ ജാമ്യമെടുക്കേണ്ട സാഹചര്യവുമുണ്ടായി. ഇത് പരാതിക്കാരന് മാനഹാനിക്കും ധനനഷ്ടത്തിനും ഇടയാക്കിയതായും അന്വേഷണവിഭാഗം കണ്ടെത്തി.
തന്റെ ഭാഗത്ത് മനപൂർവമുള്ള വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് എസ്.ഐ കമീഷനെ അറിയിച്ചത്. എന്നാൽ, പൗരന്റെ അന്തസും സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ട പൊലീസ് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് പൊതുജനങ്ങൾക്കുള്ള വിശ്വാസത്തിന് കോട്ടമുണ്ടാക്കുമെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

