പി.എം ശ്രീ പദ്ധതിയിലെ പരസ്യമായ രഹസ്യങ്ങൾ
text_fields‘‘ഫെഡറൽ തത്ത്വങ്ങളെ തീർത്തും വകവെക്കാതെയുള്ള സമീപനങ്ങളാണ് ദേശീയ വിദ്യാഭ്യാസ നയത്തിലുള്ളത്. കേന്ദ്രം എല്ലാം തീരുമാനിക്കുന്നതാണ് അതിന്റെ ആപത്ത്. ചാൻസലർ പദവിയിലൂടെ കേന്ദ്ര സർക്കാറിന്റെ അജണ്ടകൾ നടപ്പാക്കാൻ ഗവർണർമാർ മുഖേന കേന്ദ്രം ശ്രമിക്കുമെന്നത് കാണണം. ഭരണഘടന തത്ത്വങ്ങളുടെ ലംഘനമാണിത്. പല സംസ്ഥാനങ്ങളിലും കോളജുകളിലും സർവകലാശാലകളിലും വിദ്യാർഥി യൂനിയനുകളെപ്പോലും അനുവദിക്കുന്നില്ല’’.
മധുരയിൽ നടന്ന 24ാം പാർട്ടി കോൺഗ്രസിൽ അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിൽ ദേശീയ വിദ്യാഭ്യാസ നയത്തെ (എൻ.ഇ.പി) സി.പി.എം വിലയിരുത്തുന്നത് ഇങ്ങനെയാണ്. അതിനുമുന്നേതന്നെ, എൻ.ഇ.പിക്കെതിരെ ദേശീയതലത്തിൽ ശക്തമായ സമരം നടത്തിയ ചരിത്രവും ഇടതുപക്ഷ കേരളത്തിനുണ്ട്. എൻ.ഇ.പിയുടെ പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിർദേശ പ്രകാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് ആറംഗ സമിതിയെ നിയോഗിച്ചിരുന്നു.
പ്രഫ. പ്രഭാത്പട്നായക് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് ഉയർത്തിക്കാട്ടി, കേരളം കേന്ദ്രത്തോട് തങ്ങളുടെ എതിർപ്പ് ഔദ്യോഗികമായിത്തന്നെ അറിയിച്ചു. എന്നല്ല, ഭരണഘടനാ ബാധ്യത നിറവേറ്റുന്നതിൽ എൻ.ഇ.പി പരാജയമാണെന്നും വിദ്യാഭ്യാസത്തിന്റെ പരോക്ഷ കച്ചവടവത്കരണത്തെ അതു പ്രോത്സാഹിപ്പിക്കുന്നെന്നും ആത്യന്തികമായി സംഘ്പരിവാർ നിർമിത ചരിത്രത്തെയും ശാസ്ത്രത്തെയുമെല്ലാം ഉയർത്തിക്കാണിക്കാനുള്ള രാഷ്ട്രീയ പദ്ധതിയാണിതെന്നും കേരളം തുറന്നടിച്ചു. തമിഴ്നാട് ഉൾപ്പെടെ സംസ്ഥാനങ്ങളെ സമാനമായ തീരുമാനത്തിലെത്തിച്ചത് സത്യത്തിൽ കേരളത്തിന്റെ ഈ രാഷ്ട്രീയ ഇച്ഛാശക്തിയായിരുന്നു.
ഈ വീരചരിത്രമെല്ലാം ഇനി കഥകൾ മാത്രമാണ്. ഒരൊറ്റ ഒപ്പിലൂടെ ഈ ചങ്കുറപ്പെല്ലാം പഴങ്കഥകളായി മാറി. എൻ.ഇ.പിയുടെ അടിസ്ഥാനത്തിൽ രൂപം നൽകിയിട്ടുള്ള, പ്രസ്തുത നയത്തിന്റെ ഭാഗമായുള്ള മാതൃകാ സ്കൂളുകൾ യാഥാർഥ്യമാക്കുന്നതിനായി തയാറാക്കിയ പി.എം ശ്രീ (പ്രധാൻമന്ത്രി സ്കൂൾ ഫോർ റൈസിങ് ഇന്ത്യ) യിൽ കേന്ദ്രവുമായി സഹകരിക്കാൻ കേരളം തീരുമാനിച്ചിരിക്കുന്നു. സി.പി.ഐ ഉൾപ്പെടെ സഖ്യകക്ഷികളുടെ എതിർപ്പ് അവഗണിച്ച് ഒക്ടാബർ 23ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. വാസുകി കേരളത്തിനുവേണ്ടി ധാരണപത്രത്തിൽ ഒപ്പുവെച്ചു.
ഒക്ടോബർ 16നുതന്നെ ധാരണപത്രം തയാറാക്കിയിരുന്നെന്നാണ് പുതിയ വാർത്ത; ഒക്ടോബർ 22ന് നടന്ന മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ അംഗങ്ങൾ ഇതുസംബന്ധിച്ച് ചോദിച്ചപ്പോൾ, മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മൗനം പാലിച്ചെന്നും പറയുന്നു. തൊട്ടടുത്ത ദിവസം ഡൽഹിയിൽ ഒപ്പുചാർത്തൽ. അപ്പോൾ ഇതൊരു രഹസ്യനീക്കമായിരുന്നോ? അതെന്തുമാകട്ടെ, ഈ ഒപ്പുവെക്കൽ സി.പി.എം എന്ന ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നയംമാറ്റ പ്രഖ്യാപനംകൂടിയായിരുന്നു. അതു വിദ്യാഭ്യാസ മന്ത്രി ഇന്നലെ വ്യക്തമാക്കുകയും ചെയ്തു, എൻ.ഇ.പിയെക്കുറിച്ച് തന്റെ അഭിപ്രായം മാറിയെന്ന്!
എൻ.ഇ.പിയും പി.എം ശ്രീയും
ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ദേശീയ വിദ്യാഭ്യാസ നയം (2020) ചിട്ടപ്പെടുത്തിയത്. 2020 ജൂലൈ 29ന് എൻ.ഇ.പിക്ക് അംഗീകാരം ലഭിച്ചു. ‘ഇന്ത്യൻ നോളജ് സിസ്റ്റ’ത്തിന് പ്രാധാന്യം നൽകിയുള്ള എൻ.ഇ.പിയെ രാജ്യത്തെ പ്രതിപക്ഷ സംസ്ഥാനങ്ങൾ പൊതുവിലും ഇടതുപക്ഷം സവിശേഷമായും ഒരു ആർ.എസ്.എസ് പദ്ധതിയായിട്ടാണ് വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ. തുടക്കം മുതലേ അതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.
നടപ്പാക്കുന്നതാകട്ടെ, രാജ്യത്തെ ഫെഡറൽ വ്യവസ്ഥയെ ലംഘിച്ചും. എൻ.ഇ.പി അംഗീകരിക്കാത്ത സംസ്ഥാനങ്ങൾക്ക് പലവിധ കേന്ദ്രഫണ്ടുകൾ തടഞ്ഞുവെച്ചതോടെ കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങൾക്കെല്ലാം മോദിക്കു മുന്നിൽവഴങ്ങേണ്ടിവന്നു. അപ്പോഴും ഈ മൂന്നു സംസ്ഥാനങ്ങൾ പ്രതിരോധിച്ചു. തമിഴ്നാടും പശ്ചിമബംഗാളും അവിടെ സംസ്ഥാന വിദ്യാഭ്യാസ നയം ആവിഷ്കരിച്ചു. കേരളം അത്തരമൊരു നീക്കം നടത്തിയില്ലെങ്കിലും ബദൽ സിലബസ് എന്നനിലയിൽ കരിക്കുലം സമൂലമായി പരിഷ്കരിച്ചു.
ഇതാണാ മാതൃക
എൻ.ഇ.പിയുടെ അടിസ്ഥാനത്തിലുള്ള മാതൃക വിദ്യാലയങ്ങളാണ് പി.എം ശ്രീ പദ്ധതിയിലൂടെ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. അഞ്ചു വർഷത്തേക്കുള്ള പദ്ധതിയാണിത് -2022 മുതൽ 2027 വരെ. 27,360 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. പി.എം ശ്രീയുടെ ലക്ഷ്യമായി വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ പറഞ്ഞത് (2025 മാർച്ച് 20) NEP 2020 വിഭാവനംചെയ്തിരിക്കുന്നതുപോലെ നിലവിലുള്ള സ്കൂളുകളെ പദ്ധതികാലംകൊണ്ട് മികവിന്റെ കേന്ദ്രങ്ങളായി വളർത്തുക എന്നതാണ്. അഥവാ ഇടതുപക്ഷം എതിർക്കുന്ന എൻ.ഇ.പിക്ക് വഴങ്ങുക എന്നർഥം. ഒരു ബ്ലോക്കിൽ രണ്ട് വിദ്യാലയങ്ങളെയാണ് ഇതിനായി തെരഞ്ഞെടുക്കുക.
നിലവിൽ സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളും നവോദയ വിദ്യാലയങ്ങളുമൊക്കെ പി.എം ശ്രീയിൽ ഉൾപ്പെടുന്നുണ്ട്. ആ ഗണത്തിലേക്ക് എൻ.ഇ.പി സിലബസിൽ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളെ കൊണ്ടുവരുക എന്നതാണ് പി.എം ശ്രീയുടെ ലക്ഷ്യമെന്ന് വ്യക്തം. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകൾക്ക് പ്രതിവർഷം ഒരു കോടി രൂപവരെ ലഭിച്ചേക്കാം. കേന്ദ്രവുമായി ധാരണപത്രത്തിലൊപ്പിട്ടശേഷമേ പി.എം ശ്രീയിൽ ചേരാനാകൂ. പ്രസ്തുത ധാരണപത്രം എൻ.ഇ.പിയിലേക്കുള്ള കുരുക്കാണെന്ന് ചൂണ്ടിക്കാട്ടി കേരളവും തമിഴ്നാടും പശ്ചിമബംഗാളും ഇതുവരെയും ഒപ്പിട്ടിട്ടില്ലായിരുന്നു. ആ പ്രതിപക്ഷ നിരയിൽനിന്നാണിപ്പോൾ കേരളം പിൻവാങ്ങിയിരിക്കുന്നത്.
ബദലുണ്ട് ഇച്ഛാശക്തിയുണ്ടെങ്കിൽ മാത്രം
പി.എം ശ്രീയിലും എൻ.ഇ.പിയിലുമെല്ലാം ശക്തമായ ബദലാണ് തമിഴ്നാട് ഒരുക്കിയിരിക്കുന്നത്. എൻ.ഇ.പിയിലെ ത്രിഭാഷ നയം പിൻവലിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം കേന്ദ്രം തള്ളിയതോടെയാണ് സ്റ്റാലിൻ സർക്കാർ ബദൽ വഴികൾ തേടിയത്. കേരളത്തിലേതുപോലെ, തമിഴ്നാടിന്റെയും എസ്.എസ്.എ ഫണ്ട് കേന്ദ്രം തടഞ്ഞുനോക്കിയെങ്കിലും സ്റ്റാലിൻ വഴങ്ങിയില്ല. കേന്ദ്ര ധനസഹായം നിർത്തിവെച്ചതിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.
കോടതിവിധി വരുംമുമ്പേ, കേന്ദ്രം സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വിദ്യാർഥികൾക്ക് ലഭിക്കേണ്ട 538 കോടി രൂപ അനുവദിച്ച് തടിതപ്പി. നിയമവഴിയിൽ എൻ.ഇ.പിയെയും പി.എം ശ്രീയെയുമെല്ലാം പ്രതിരോധിക്കാനാകുമെന്ന് ഇത് വ്യക്തമാക്കുന്നു. ഇപ്പോൾ അവർ പുതിയ വിദ്യാഭ്യാസ നയവും പുറത്തിറക്കി. 2022 ഏപ്രിലിൽ പുതിയ സംസ്ഥാന വിദ്യാഭ്യാസ നയം രൂപവത്കരിക്കാൻ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയ ജസ്റ്റിസ് ഡി. മുരുകേശൻ കമ്മിറ്റി നൽകിയ ശിപാർശകളുടെ അടിസ്ഥാനത്തിലാണിത്. ഇതനുസരിച്ച് ഇംഗ്ലീഷ്, തമിഴ് എന്ന ദ്വിഭാഷാനയമാണ് പിന്തുടരുക. പല കാര്യങ്ങളും അവർ നയത്തിൽ വ്യത്യാസപ്പെടുത്തി. ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് ആറ് വയസ്സ് പൂർത്തിയാക്കുന്ന കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസത്തിൽ പ്രവേശനം നൽകണമെന്ന് നിഷ്കർഷിക്കുമ്പോൾ തമിഴ്നാട് സർക്കാറിന്റെ നയത്തിലിത് അഞ്ച് വയസ്സാണ്.
ഈ രണ്ട് വഴികളും കേരളത്തിനും പിന്തുടരാവുന്നതാണ്. വിവിധ മേഖലകളിൽ കേന്ദ്രം ഫണ്ട് തടഞ്ഞുവെക്കുമ്പോൾ അത് നിയമപരമായി നേരിടാം. ഗവർണർ രാജിനെതിരെ തമിഴ്നാട് നൽകിയ ഹരജിയും തുടർന്ന് രാഷ്ട്രപതിയുടെ റഫറൻസുമെല്ലാം ഓർക്കാവുന്നതാണ്. ബദൽ വിദ്യാഭ്യാസ നയത്തിന് രൂപംനൽകിയും എൻ.ഇ.പിയെ പ്രതിരോധിക്കാം.
വാദവും വസ്തുതയും
സംസ്ഥാന സർക്കാറും വിദ്യാഭ്യാസ മന്ത്രിയും പ്രധാനമായും രണ്ടു കാര്യങ്ങളാണ് പി.എം ശ്രീയിൽ ഒപ്പുവെക്കുന്നതിന് മുന്നോട്ടുവെച്ച ന്യായങ്ങൾ.
1- ഫെഡറൽ നിയമങ്ങൾ ലംഘിച്ചുകൊണ്ട് കേന്ദ്രസർക്കാർ കേരളത്തിനുള്ള ഫണ്ടുകൾ തടഞ്ഞുവെക്കുന്നതിനെ തന്ത്രപരമായി അതിജീവിക്കുക.
2-പി.എം ശ്രീയിൽ ഒപ്പുവെച്ചാലും എൻ.ഇ.പിയെ അംഗീകരിക്കില്ല. അതുകൊണ്ടുതന്നെ പാഠ്യപദ്ധതിയിലടക്കം ഒരു മാറ്റവും വരാൻ പോകുന്നില്ല.
ഈ ന്യായവും ചേർത്തുവെച്ചാൽ മനസ്സിലാവുക ഇതാണ്:
‘‘കേന്ദ്രവുമായി ധാരണയിലെത്തിയതോടെ പി.എം ശ്രീ വഴി ലഭിക്കാനുള്ള പണവും എസ്.എസ്.കെ പോലുള്ള പദ്ധതികളിൽ തടഞ്ഞുവെച്ച ഫണ്ടും കേരളത്തിലേക്ക് ഒഴുകും. മറുവശത്ത്, എൻ.ഇ.പിയെ എതിക്കുന്നതിനാൽ അവ നിഷ്കർഷിക്കും വിധമുള്ള കരിക്കുലവും ബോധനരീതികളും ആവശ്യവുമില്ല.’’
ഇതിന്റെ യാഥാർഥ്യം എത്രമാത്രമെന്ന് പരിശോധിക്കാം: നിയമസഭയിലും വാർത്തസമ്മേളനത്തിലും വിരുദ്ധവാദങ്ങൾ
‘പി.എം ശ്രീയിൽ ഒപ്പിട്ടതോടെ എൻ.ഇ.പിയെ അപ്പാടെ അംഗീകരിച്ചുവെന്ന വാദം അടിസ്ഥാനരഹിതമാണ്’ -കഴിഞ്ഞദിവസം നടത്തിയ വാർത്തസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകളാണിത്. സംസ്ഥാനം തീരുമാനിക്കുന്ന പാഠ്യപദ്ധതിയനുസരിച്ചുതന്നെ പഠിപ്പിക്കുമെന്നും പ്രധാനമന്ത്രിയുടെ പേരോ ചിത്രമോ സ്കൂളുകളിൽ വേണ്ടെന്നും തുടർന്ന് മന്ത്രി അവകാശപ്പെടുന്നു. പാഠ്യപദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനം അതത് സംസ്ഥാന സർക്കാറുകൾക്കാണെന്ന് എൻ.ഇ.പിയിൽ വ്യവസ്ഥയുണ്ടെന്നും മന്ത്രി പറയുന്നു. ഈ പ്രസ്താവനയെ സാധൂകരിച്ചുകൊണ്ട് സി.പി.എമ്മും രംഗത്തെത്തിയിട്ടുണ്ട്. എൻ.ഇ.പി നടപ്പിലാക്കാൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടത്രെ. സുപ്രീംകോടതിയുടെ ഒരു നിരീക്ഷണത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണിവിടെ.
കേരളവും പശ്ചിമ ബംഗാളും തമിഴ്നാടും എൻ.ഇ.പി നടപ്പാക്കാൻകഴിയില്ലെന്ന നിലപാട് സ്വീകരിച്ചപ്പോൾ അതിനെതിരെ ഒരാൾ സുപ്രീംകോടതിയിൽ പോയി. പ്രസ്തുത ഹരജിയിലാണ് സുപ്രീംകോടതി ഇവ്വിധം നിരീക്ഷിച്ചിരിക്കുന്നത്. എൻ.ഇ.പി നടപ്പാക്കണമോ വേണ്ടയോ എന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്ന്. അതേസമയം, എൻ.ഇ.പിയുമായി ബന്ധപ്പെട്ടൊരു പദ്ധതി നടപ്പാക്കുമ്പോൾ സ്വാഭാവികമായും ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി ആ സംസ്ഥാനത്തിന് പ്രവർത്തിക്കേണ്ടിവരും. ഇക്കാര്യം മന്ത്രിതന്നെ നിയമസഭയിൽ അംഗീകരിച്ചിട്ടുള്ളതാണ്. 2025 മാർച്ച് 20ന് സഭയിൽ മന്ത്രി നൽകിയ മറുപടിയിൽ (നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം 4951) പി.എം ശ്രീയുടെ മാനദണ്ഡങ്ങൾ വിവരിക്കുന്നുണ്ട്. 40 വ്യവസ്ഥകളാണ് അതിലുള്ളത്. അവയിൽ ചിലത് താഴെ ചേർക്കാം:
● കേന്ദ്രം നൽകുന്ന ധാരണപത്രം ഒപ്പുവെക്കൽ.
● സാമ്പത്തികം കൈമാറുന്നതിനായി എസ്.എൻ.എ (Single Nodal Agency) സജ്ജമാക്കൽ.
● പദ്ധതി നടപ്പാക്കുന്നതിനായി സംസ്ഥാനതലത്തിൽ നോഡൽ ഓഫിസറെ ചുമതലപ്പെടുത്തൽ.
● എൻ.ഇ.പി 2020 എല്ലാ ഘടകങ്ങളും സംസ്ഥാനത്ത് മുഴുവൻ നടപ്പാക്കുക.
● തെരഞ്ഞെടുക്കപ്പെട്ട സ്കൂളിന്റെ പേരിനു മുന്നിൽ ‘PM SHRI’ എന്നുചേർക്കണം.
● സ്കൂൾ പദ്ധതി നടപ്പാക്കുന്നത് കേരള സർക്കാറിന്റെ സ്കൂൾ വിദ്യാഭ്യാസവകുപ്പിന്റെ ചുമതലയായിരിക്കും.
● പദ്ധതികാലയളവിനുശേഷം (അഞ്ചുവർഷത്തിനുശേഷം) പി.എം ശ്രീ സ്കൂളുകളുടെ എല്ലാ വ്യവസ്ഥകളും പാലിച്ചുകൊണ്ട് സംസ്ഥാനം ഇവ ഏറ്റെടുക്കേണ്ടതുണ്ട്.
● പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം കാലാകാലം പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ പാലിക്കാൻ സംസ്ഥാനം ബാധ്യസ്ഥമാണ്.
ചുരുക്കത്തിൽ, പി.എം ശ്രീയിലൂടെ സംസ്ഥാനം എൻ.ഇ.പി നടപ്പാക്കാൻ ബാധ്യസ്ഥരാകുമെന്ന് ഇതിൽനിന്ന് വ്യക്തം. പദ്ധതി കാലയളവിൽ മാത്രമല്ല, അതിനുശേഷവും പി.എം ശ്രീ വ്യവസ്ഥയിൽ മുന്നോട്ടുപോകണം. എന്നല്ല, അഞ്ചു വർഷത്തിനിടെ കേന്ദ്രസർക്കാറിന് വ്യവസ്ഥകളിൽ എന്തുമാറ്റവും നിർദേശിക്കാം. അതു സംസ്ഥാനം അനുസരിക്കണം. അതായത്, കേരളത്തിൽ ഒരു സീറ്റ് പോലുമില്ലാത്ത സംഘ്പരിവാർ, തങ്ങളുടെ ആശയ എതിരാളികളുടെ ഭരണകൂടത്തെ കൊണ്ടുതന്നെ തങ്ങളുടെ വിദ്യാഭ്യാസ അജണ്ട പ്രത്യക്ഷത്തിൽ നടപ്പാക്കുകയാണിവിടെ. അതിനു വഴിയൊരുക്കിയതുവഴി ഇടതുസർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന ഘടകകക്ഷിയായ സി.പി.ഐയുടെ അടക്കം വിമർശനങ്ങൾ പ്രസക്തമാവുകയാണിവിടെ.
കിട്ടാൻ വഴിയുള്ള ഫണ്ട് എത്ര ?
പി.എം ശ്രീ വഴി കേരളത്തിന് എത്ര ഫണ്ട് കിട്ടും? ഉത്തരം മന്ത്രിതന്നെ പറഞ്ഞു. എസ്.എസ്.കെ ഫണ്ട് കിട്ടാനാണല്ലൊ ഈ ഒപ്പുവെക്കൽ. ആ വകയിൽ കിട്ടാനുള്ളത് 1158 കോടി രൂപയാണ്. പി.എം ശ്രീയിലൂടെ കേരളത്തിന് പരമാവധി കിട്ടുക 400 കോടിയിൽ താഴെയാണ്. സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്ന ആകെ തുക 1476 കോടി രൂപയാണ്. ഇതിൽ 971 കോടി ഉടൻ ലഭിക്കും. ഒരു വർഷത്തെ സംസ്ഥാന ബജറ്റിന്റെ 1.4 ശതമാനമാണ് ഈ ഡീലിലൂടെ ആകെ ലഭിക്കുന്നത്.
സംസ്ഥാനത്തിന് അർഹമായ ഫണ്ട് പലകുറി തടഞ്ഞുവെച്ച ചരിത്രമുള്ളതിനാൽ അതുതന്നെ എങ്ങനെ കിട്ടുമെന്നതിലും സംശയമുണ്ട്. മാത്രവുമല്ല, നിയമസഭയിൽ മന്ത്രിയുടെ മറുപടി അനുസരിച്ച്, വേറെയും ഫണ്ടിങ് പ്രശ്നങ്ങളുണ്ട്. ഒരു വ്യവസ്ഥ ഇങ്ങനെയാണ്: ‘‘ പി.എം ശ്രീ സ്കൂളിന്റെ വികസനത്തിന് ആവശ്യമായ ഫണ്ട് 15ാം ധനകാര്യ കമീഷൻ തൊഴിലുറപ്പ് പദ്ധതി, ജില്ല ഖനന ഫണ്ട് തുടങ്ങിയവക്ക് അനുവദിച്ച ഫണ്ടിൽനിന്നും ലഭ്യമാക്കേണ്ടതാണ്’’. മറ്റു വിഭാഗങ്ങളിലേക്കുള്ള നീക്കിയിരിപ്പ് തുക വകമാറ്റിയുള്ള പദ്ധതിയാണിതെന്നർഥം.
എസ്.എസ്.കെ ഫണ്ട് തടഞ്ഞുവെന്ന ന്യായവാദത്തിലും പ്രശ്നങ്ങളുണ്ട്. 2018 മുതലുള്ള കണക്കെടുത്തുനോക്കിയാൽ ഓരോ വർഷവും കേന്ദ്ര വിഹിതം കുറയുകയാണ്. അതിന്റെ പ്രശ്നങ്ങളുണ്ട്. എന്നാൽ, ഫണ്ട് തടഞ്ഞുവെക്കുന്നതോടെ ഈ പദ്ധതി ആകെ അവതാളത്തിലാകുമെന്ന് കരുതാനാകില്ല. ഫണ്ട് തടഞ്ഞുവെക്കുന്നതിന് മുമ്പ് 2020ൽ എസ്.എസ്.കെക്ക് കേന്ദ്രം നൽകിയത് 225 കോടിയാണ്; സംസ്ഥാന വിഹിതം 151കോടിയും. തൊട്ടുമുൻവർഷങ്ങളിലും ഈയിനത്തിൽ ആകെ നീക്കിയിരിപ്പ് 400 കോടിയിൽ താഴെയാണ്. കേന്ദ്രസഹായമില്ലെങ്കിലും പദ്ധതി തുടരാൻ സംസ്ഥാനം അധികമായി പ്രതിവർഷം കണ്ടെത്തേണ്ടത് പരമാവധി 300-350 കോടി രൂപയാണ്.
എസ്.എസ്.കെയിലെ ജീവനക്കാർ എന്തുചെയ്യുമെന്ന ചോദ്യവും പ്രസക്തമല്ല. 2025 ഒക്ടോബർ എട്ടിന് ഡോ.എം.കെ. മുനീറിന്റെ ചോദ്യത്തിന് (നക്ഷത്രചിഹ്നമിടാത്ത ചോദ്യം 3412) മന്ത്രി ശിവൻകുട്ടി നൽകിയ മറുപടി കേരളത്തിൽ എസ്.എസ്.കെ ഫണ്ടിൽനിന്ന് ശമ്പളം പറ്റുന്ന 56 ജീവനക്കാർ മാത്രമാണ് കേരളത്തിലുള്ളതെന്നാണ്. അതിൽതന്നെ 18 പേർ ഡെപ്യൂട്ടേഷനിലാണ് പ്രവർത്തിക്കുന്നത്. 31 പേർ കരാർ അടിസ്ഥാനത്തിലും ശേഷിക്കുന്നവർ ദിവസ വേതനത്തിനും ജോലി ചെയ്യുന്നു. ഒരു ജീവനക്കാരന് പ്രതിവർഷം എട്ടു ലക്ഷം ശമ്പളം കണക്കാക്കിയാൽപോലും ഈയിനത്തിൽ ചെലവ് ആറു കോടിയിൽ താഴെയാണ്. അപ്പോൾ ജീവനക്കാരുടെ ശമ്പളമെന്നത് നന്നേ ചെറിയ തുകയാണ്. റെസിഡൻഷ്യൽ ഹോസ്റ്റൽ, സൗജന്യ പാഠപുസ്തകം തുടങ്ങിയ പദ്ധതികൾക്കാണ് കൂടുതൽ തുക നീക്കിവെക്കേണ്ടിവരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

