'സ്വാതന്ത്ര്യത്തിനൊപ്പം, മീഡിയവണിനൊപ്പം'; കേന്ദ്ര നീക്കത്തിൽ കത്തിയാളി പ്രതിഷേധം
text_fieldsകേരള പത്രപ്രവർത്തക യൂനിയന്റെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർ തിരുവനന്തപുരം പാളയത്തെ രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ പ്രതിഷേധ ദീപം തെളിയിക്കുന്നു (ചിത്രം: ബിമൽ തമ്പി)
മീഡിയവൺ ചാനലിന്റെ സംപ്രേഷണാവകാശം വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഒറ്റക്കെട്ടായി കേരളം
വായ് മൂടിക്കെട്ടരുത് -മുഖ്യമന്ത്രി
തിരുവനന്തപുരം: 'മീഡിയവണ്‍' ചാനലിന്റെ സംപ്രേഷണത്തിന് പൊടുന്നനെ വിലക്കേർപ്പെടുത്തിയത് ഗൗരവതരമാണ്. ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ അനിഷേധ്യ ഭാഗമാണ് അഭിപ്രായ പ്രകടനത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം. അതു തടസ്സപ്പെടാത്ത സാഹചര്യമാണുണ്ടാകേണ്ടത്. വൈവിധ്യമാര്‍ന്ന അഭിപ്രായപ്രകടനങ്ങള്‍ക്ക് പൊതുമണ്ഡലത്തില്‍ ഇടമുണ്ടാകണം. മറിച്ചായാല്‍ ആത്യന്തികമായി ജനാധിപത്യംതന്നെ അപകടപ്പെടും. മീഡിയവണിന്റെ പ്രവര്‍ത്തനം തടസ്സപ്പെടാനിടയാക്കിയ കാരണം എന്താണെന്ന് വ്യക്തമാക്കിയതായി കാണുന്നില്ല. ഗുരുതര വിഷയങ്ങൾ ഉണ്ടെങ്കിൽ പ്രത്യേകമായി പരിശോധിക്കുകയും ഭരണഘടനാനുസൃത പരിഹാരം ഉണ്ടാക്കുകയുമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വായ് മൂടിക്കെട്ടുന്ന അവസ്ഥ രാജ്യത്തുണ്ടാകരുത്.
ജനാധിപത്യവിരുദ്ധം -വി.ഡി. സതീശൻ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മതിയായ കാരണങ്ങൾ പറയാതെയാണ് സംപ്രേഷണം തടഞ്ഞത്. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. അപ്രിയമായ വാർത്തകളോട് അസഹിഷ്ണുത കാട്ടുന്ന സംഘ്പരിവാർ നയമാണ് മീഡിയവണിന്റെ പ്രക്ഷേപണം തടയുന്നതിലൂടെ കേന്ദ്ര സർക്കാർ നടപ്പാകുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം വാർത്ത കുറിപ്പിൽ പറഞ്ഞു.
ഭരണകൂട കൈയേറ്റം -സ്പീക്കർ
തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിലാണെന്ന് സ്പീക്കർ എം.ബി. രാജേഷ്. കേന്ദ്ര നടപടി അതുകൊണ്ടു തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഭരണകൂട കൈയേറ്റമായി കണക്കാക്കണം. ഏതാനും വർഷങ്ങളിലായി അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ ഭരണകൂട നീക്കം ശക്തിപ്പെട്ടിട്ടുണ്ട്. ആ നീക്കം ജനാധിപത്യത്തിന് ആഘാതമേൽപിക്കുന്നവയാണ്. മാധ്യമങ്ങളെ പ്രലോഭനവും സമ്മർദവും ഭീഷണിയും ഉപയോഗിച്ച് വരുതിയിലാക്കാനുള്ള ശ്രമങ്ങളും നിരന്തരമായും ആസൂത്രിതമായും നടത്തിവരികയാണ്.
മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗം- സി.പി.എം
തിരുവനന്തപുരം: മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന്റെ ഭാഗമായാണ് മീഡിയവൺ ചാനലിന്റെ സംപ്രേഷണം നിർത്തിവെച്ചതെന്ന് സി.പി.എം. ഓരോരോ മാധ്യമ സ്ഥാപനങ്ങളെയായി വരുതിയിലാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി മീഡിയവണിന്റെ സംപ്രേഷണം നിർത്തിവെക്കാൻ നൽകിയ നിർദേശം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
മാധ്യമസ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളി- കാനം
തിരുവനന്തപുരം: കേന്ദ്ര നടപടി മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള വെല്ലുവിളിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേന്ദ്ര സർക്കാറിനെതിരെ അഭിപ്രായങ്ങൾ പറഞ്ഞാൽ അവരെ ദേശവിരുദ്ധരായി മുദ്രകുത്തുകയും അതിന്റെ മറവിൽ ഒരു ചാനലിന്റെ പ്രക്ഷേപണം തടയുകയും ചെയ്ത നടപടി ജനാധിപത്യത്തിന് ഭൂഷണമല്ല.
കോൺഗ്രസിന്റെ പിന്തുണ -കെ. സുധാകരന്
കേന്ദ്ര നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി. കേന്ദ്ര സര്‍ക്കാര്‍ സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തെ കശാപ്പ് ചെയ്യുകയാണ്. മോദി സര്‍ക്കാറിന്റെ ജനാധിപത്യ വിരുദ്ധവും വര്‍ഗീയ ഫാഷിസ്റ്റ് മനോഭാവവും കൂടുതല്‍ വ്യക്തമാക്കുന്ന നടപടിയാണിത്. ജനാധിപത്യവും മാധ്യമസ്വാതന്ത്ര്യവും സംരക്ഷിക്കുവാനുള്ള മീഡിയവണ്‍ ചാനലിന്റെ പോരാട്ടത്തിന് കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പിന്തുണ ഉണ്ടാകുമെന്ന് കെ. സുധാകരന് അറിയിച്ചു.
മീഡിയവൺ വിലക്ക് പ്രതിഷേധാർഹം -മുസ്ലിം ലീഗ്
മലപ്പുറം: മീഡിയവൺ ചാനലിനെ വിലക്കിയത് എന്തിനാണെന്നുപോലും വ്യക്തമാക്കിയിട്ടില്ലെന്നും എല്ലാ മാധ്യമങ്ങളും ഭീഷണിയുടെ നിഴലിലാകുമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും പാർലമെന്ററി പാർട്ടി നേതാവുമായ ഇ.ടി. മുഹമ്മദ് ബഷീർ എം.പി. എതിരഭിപ്രായം പറയുന്ന മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടുന്നത് തികഞ്ഞ ഫാഷിസമാണ്. എല്ലാ ജനാധിപത്യ വിശ്വാസികളും ഇതിനെതിരെ രംഗത്തു വരണമെന്നും അദ്ദേഹം പറഞ്ഞു.
മീഡിയവൺ സംപ്രേഷണം നിർത്തിവെപ്പിച്ച കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി അഭിപ്രായപ്പെട്ടു. വിമർശനങ്ങളും ചോദ്യങ്ങളുമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും അത് ഭയക്കുന്നവർ ഭീരുക്കളാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു.
നിരോധനം ഉടന്‍ പിന്‍വലിക്കണം -ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്ര നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടുത്ത വെല്ലുവിളിയാണ്. അടുത്ത കാലത്തൊന്നും ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്കു നേരെ ഇത്തരം നടപടിയുണ്ടായിട്ടില്ല. ഇത് ഒരു ടെസ്റ്റ് ഡോസാണോ എന്നു സംശയമുണ്ട്. ആര്.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഈ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി ഇന്ത്യയിലെ ജനങ്ങള്‍ അണിനിരക്കണമെന്നാണ് തന്റെ അഭ്യർഥനയെന്നും ചെന്നിത്തല പറഞ്ഞു.
മാധ്യമസ്വാതന്ത്ര്യത്തിനു മേലുള്ള കൈയേറ്റം -എം.എ. ബേബി
തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യത്തിന് മേൽ കേന്ദ്രം നടത്തുന്ന കൈയേറ്റമാണിതെന്ന് സി.പി.എം പി.ബി അംഗം എം.എ. ബേബി. എന്തെങ്കിലും കാരണം ഉണ്ടാക്കി മാധ്യമപ്രവർത്തനം നിയന്ത്രിക്കാമെന്ന് എല്ലാ മാധ്യമങ്ങൾക്കുമായി നൽകുന്ന സന്ദേശമാണിത്.
അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പം -വി.ടി. ബൽറാം
കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. 'മീഡിയവൺ' രാജ്യസുരക്ഷക്ക് ഏത് നിലയിലാണ്, ഏതളവിലാണ് ഭീഷണി ഉയർത്തുന്നതെന്ന് വിശദീകരിക്കേണ്ടത് രാജ്യം ഭരിക്കുന്ന സർക്കാർ തന്നെയാണ്. മീഡിയവൺ മാനേജ്മെന്റിന്റെയും അതിലെ മാധ്യമ പ്രവർത്തകരുടെയും പല രാഷ്ട്രീയ, സാമൂഹിക കാഴ്ചപ്പാടുകളോടും പൂർണമായ യോജിപ്പൊന്നും ഇല്ല.
എന്നാലും ഒരു മാധ്യമസ്ഥാപനത്തെ പൂട്ടിക്കെട്ടാൻ ഭരണകൂടം സർവസന്നാഹങ്ങളുമായി കടന്നുവരുമ്പോൾ ഉപാധികളില്ലാതെ ആ മാധ്യമത്തിനൊപ്പം നിൽക്കുകയല്ലാതെ ഭരണഘടനാ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്ക് മറ്റു മാർഗമില്ല. -അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
ഭരണഘടനയോടുള്ള വെല്ലുവിളി -കെ.യു.ഡബ്ല്യു.ജെ
തിരുവനന്തപുരം: മീഡിയവൺ സംപ്രേഷണാവകാശം വിലക്കിയ കേന്ദ്ര സർക്കാർ നടപടി എത്രയും വേഗം തിരുത്തണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ ആവശ്യപ്പെട്ടു. ചാനലിെൻറ വിലക്ക് അടിയന്തരമായി നീക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുറിനും അയച്ച നിവേദനത്തിൽ യൂനിയൻ പ്രസിഡന്റ് കെ.പി. റജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും ആവശ്യപ്പെട്ടു.
മാധ്യമങ്ങൾക്കു പൂട്ടിടുന്ന ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭ പരമ്പര സൃഷ്ടിക്കുമെന്ന് അവർ അറിയിച്ചു. രാജ്യത്തു കുറച്ചുകാലമായി മാധ്യമങ്ങൾക്കുനേരെ നിലനിൽക്കുന്ന അസഹിഷ്ണുതയുടെയും ഭരണകൂട വിദ്വേഷത്തിെൻറയും ഏറ്റവും ഒടുവിലത്തെ ഇരയാണ് മീഡിയവൺ. അപ്രഖ്യാപിത അടിയന്തരാവസ്ഥക്കും മാധ്യമ വേട്ടക്കുമെതിരെ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മുഴുവൻ പൗരസമൂഹവും ഒന്നിച്ച് അണിനിരക്കേണ്ടതുണ്ടെന്നും കെ.യു.ഡബ്ല്യു.ജെ പ്രസ്താവനയിൽ വ്യക്തമാക്കി.
കേന്ദ്ര നടപടി ഫാഷിസം -വെൽഫെയർ പാർട്ടി
തിരുവനന്തപുരം: മീഡിയവൺ ചാനലിന്റെ ലൈസൻസ് പുതുക്കി നൽകാതെ സംപ്രേഷണം തടസ്സപ്പെടുത്തിയ കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയത്തിന്റെ നടപടി ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാറിന്റെ ഫാഷിസ്റ്റ് സമീപനത്തിന്റെ അവസാന ഉദാഹരണമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഭരണകൂടത്തോടുള്ള വിയോജിപ്പുകളെ പ്രതിപക്ഷ ബഹുമാനത്തോടുകൂടിയാണ് സർക്കാറുകൾ സമീപിക്കേണ്ടത്. രാജ്യത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകാനാണ് മോദി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രി വി. ശിവൻകുട്ടി
കേന്ദ്ര നീക്കം മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പൊതു വിദ്യാഭ്യാസം-തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. ആശയപരമായ സംവാദങ്ങളെ നേരിടാൻ ആകാതെ വരുമ്പോഴാണ് നിരോധനം പോലുള്ളവയെ ആശ്രയിക്കേണ്ടി വരുന്നത്. എല്ലാ ജനാധിപത്യ ശക്തികളും ഇതിനെതിരെ രംഗത്തു വരണം.
എ.എം. ആരിഫ് എം.പി
കേന്ദ്ര നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും എ.എം. ആരിഫ് എം.പി പറഞ്ഞു.
എം.എം. ഹസന്
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനെതിരായ ഫാഷിസ്റ്റ് നടപടിയാണ് വിലക്കെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്. മതനിരപേക്ഷതക്ക് കോട്ടം വരുന്ന ഒരു നടപടിയും ചാനലിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വിമര്‍ശന ശബ്ദങ്ങളെ നിശ്ശബ്ദമാക്കുന്ന ഫാഷിസ്റ്റ് നടപടി അംഗീകരിക്കാന്‍ കഴിയില്ല.
കൊടിക്കുന്നിൽ സുരേഷ്
വിലക്കിലൂടെ കേന്ദ്ര സർക്കാർ വെറുപ്പിന്റെ രാഷ്ട്രീയം നടപ്പാക്കുകയും രാജ്യം ഫാഷിസ്റ്റ് ഭരണത്തിന് കീഴിൽ അമർന്നിരിക്കുെന്നന്ന് തെളിയിച്ചിരിക്കുകയുമാണെന്ന് കോൺഗ്രസ് ലോക്സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി. മാധ്യമങ്ങൾ സംഘ്പരിവാറിന് വിധേയപ്പെട്ടുനിൽക്കണം എന്ന സന്ദേശം കൂടിയാണ് കേന്ദ്രം നൽകുന്നത്.
എം.ഐ. അബ്ദുല്‍ അസീസ്
കോഴിക്കോട്: മീഡിയവണ്‍ സംപ്രേഷണം തടഞ്ഞ കേന്ദ്ര നടപടി ജനാധിപത്യവിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. ഭരണകൂടത്തിനെതിരായ വിമര്‍ശനം രാജ്യദ്രോഹവും രാജ്യസുരക്ഷക്കെതിരാണെന്നുമുള്ള നിലപാട് ഫാഷിസത്തിന്റേതാണ്. ഇതംഗീകരിക്കാനാവില്ല. പൗരസമൂഹത്തിന്റെ അതിജാഗ്രത ആവശ്യമുള്ള കാര്യമാണിത്. തങ്ങള്‍ക്കെതിരെ സംസാരിക്കുന്ന മാധ്യമ പ്രവര്‍ത്തകരെയും മനുഷ്യാവകാശ, പൗരാവകാശ പ്രവര്‍ത്തകരെയും വേട്ടയാടുന്ന ഭരണകൂട നടപടികളുടെ തുടര്‍ച്ചതന്നെയാണ് മാധ്യമങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമവും. മാധ്യമപ്രവര്‍ത്തനത്തിന്റെ വെളിച്ചത്തില്‍ തന്നെയാണ് ഭരണകൂടങ്ങള്‍ തങ്ങളുടെ ജനാധിപത്യ പ്രതിബദ്ധത തെളിയിക്കേണ്ടതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
യൂത്ത് ലീഗ്
കോഴിക്കോട്: കേന്ദ്ര നടപടി അടിയന്തരാവസ്ഥയുടെ ലക്ഷണമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി.കെ. ഫൈസൽ ബാബു. ജനാധിപത്യത്തിെൻറ എല്ലാ തൂണുകളെയും മോദി സർക്കാർ വരുതിയിലാക്കുകയാണ്. തയാറാകാത്തവരെ തകർക്കാൻ ശ്രമിക്കുകയാണ്.
മുനവ്വറലി ശിഹാബ് തങ്ങൾ
കേന്ദ്ര നീക്കം ജനാധിപത്യ ധ്വംസനമാണെന്ന് യൂത്ത് ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങൾ. എതിർശബ്ദം ഉയർത്തുന്നവരെ നിശ്ശബ്ദരാക്കാനുളള നീക്കം ആപത്കരമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള നീക്കത്തിൽ ജനാധിപത്യ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണം.
പിൻവലിക്കണം -മെക്ക
കേന്ദ്ര നടപടി ഉടൻ പിൻവലിക്കണമെന്ന് മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലി ആവശ്യപ്പെട്ടു.
അബ്ദുന്നാസിർ മഅ്ദനി
ഫാഷിസത്തിെൻറ കുഴലൂത്തുകാരിൽപെട്ടില്ല എന്ന കാരണംകൊണ്ടുമാത്രം മീഡിയവണിനെ തകർക്കാനുള്ള ശ്രമത്തെ മുഴുവൻ ജനാധിപത്യ ശക്തികളും ചെറുത്തുതോല്പിക്കണമെന്ന് അബ്ദുന്നാസിർ മഅ്ദനി അഭ്യർഥിച്ചു.
പി.ഡി.പി
ഭരണകൂടങ്ങളോടും ഭരണകൂട നിലപാടുകളോടും സ്വീകരിക്കുന്ന സമീപനങ്ങളെ മാനദണ്ഡമാക്കി മാധ്യമ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനുള്ള കേന്ദ്ര നീക്കം ഫാഷിസ്റ്റ് നിലപാടാണെന്ന് പി.ഡി.പി കേന്ദ്രകമ്മിറ്റി. മാധ്യമങ്ങളെ സര്‍ക്കാറിന്റെ വരുതിയിലാക്കാനുള്ള കുതന്ത്രമാണ് നടപടിയെന്ന് ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പറഞ്ഞു.
എം.എസ്.എസ്
കേന്ദ്ര നടപടി മാധ്യമ സ്വാതന്ത്ര്യത്തിനും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനുമെതിരെയുള്ള കടന്നുകയറ്റമാണെന്ന് മുസ്ലിം സർവിസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. പി. ഉണ്ണീൻ പറഞ്ഞു.
ഐ.എൻ.എൽ
കേന്ദ്ര നടപടി ദുരൂഹവും ഫാഷിസത്തിന്റെ സൂചനയുമാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിത്. മോദിസർക്കാറിന്റെ നയങ്ങളെ എതിർക്കുന്ന എത്രയോ മാധ്യമങ്ങളുണ്ട്. അവയുടെ നാവടക്കാൻ നിരോധനം ഏർപ്പെടുത്തുന്നത് ഭീരുത്വമാണ്.
പോപ്പുലർ ഫ്രണ്ട്
സംഘ്പരിവാറിന്റെ സ്തുതിപാഠകരല്ലാത്ത മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനുള്ള കേന്ദ്ര നീക്കം പ്രതിഷേധാര്‍ഹമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍. രാജ്യത്ത് നടക്കാനിരിക്കുന്ന വലിയ ദുരന്തത്തിന്റെ മുന്നൊരുക്കവും ആര്.എസ്.എസ് നേതൃത്വത്തില്‍ നടന്നുവരുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുന്നതിന്റെ ഭാഗവുമാണിത്.
പു.ക.സ
കേന്ദ്ര നടപടി ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനുമെതിരായ സംഘ്പരിവാർ ഭരണകൂട നടപടികളുടെ തുടർച്ചയാണെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി. രാജ്യത്തെ മാധ്യമങ്ങളെ ഭയപ്പെടുത്താനും കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്താനും കൂച്ചുവിലങ്ങിടാനും സംഘ്പരിവാർ ശ്രമങ്ങൾ തുടങ്ങിയതിന്റെ അടയാളമാണിതെന്നും പ്രസിഡന്റ് ഷാജി എൻ. കരുൺ, ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ എന്നിവർ അഭിപ്രായപ്പെട്ടു.
ഹൈബി ഈഡൻ എം.പി
കേന്ദ്ര മന്ത്രിസഭയുടേത് ഏകപക്ഷീയ നിലപാടാണ്. സസ്പെൻഷന് കാരണംപോലും വ്യക്തമാക്കാത്തത് ജനാധിപത്യ വിരുദ്ധമാണെന്നും ഹൈബി ഈഡൻ എം.പി ചൂണ്ടിക്കാട്ടി. കേന്ദ്ര വാർത്തവിനിമയ മന്ത്രി അനുരാഗ് സിങ് ഠാകുറിന് കത്ത് നൽകി.
ബെന്നി ബഹനാൻ
കേന്ദ്ര നടപടി മാധ്യമ സ്വാതന്ത്ര്യത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണെന്ന് ബെന്നി ബഹനാൻ എം.പി. കേന്ദ്ര സർക്കാറിനെതിരെ തിരിയുന്ന മാധ്യമങ്ങളുടെ പ്രവർത്തനാനുമതിയെ വിലക്കിയും മാധ്യമപ്രവർത്തകരെ ജയിലിലാക്കിയും മാധ്യമ സ്വാതന്ത്ര്യത്തെ വായടപ്പിക്കാൻ ശ്രമിക്കുന്ന മോദി ഭരണകൂടത്തിന്റെ ചെയ്തികളെ കണ്ടില്ലെന്നു നടിക്കാൻ സാധിക്കുകയില്ലെന്നും എം.പി പറഞ്ഞു.
ടി. സിദ്ദീഖ് എം.എൽ.എ
രാജ്യത്ത് അടിയന്തരാവസ്ഥക്ക് സമാന സാഹചര്യമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എ. പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യേണ്ട സാഹചര്യത്തിൽ മാറിനിൽക്കാൻ കഴിയില്ല.
കേരള മീഡിയ അക്കാദമി
കൊച്ചി: കേന്ദ്രസർക്കാർ നടപടി മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള വെല്ലുവിളിയാണെന്ന് കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു പറഞ്ഞു. പട്ടാള ഭരണം ഉള്ള രാജ്യങ്ങളിൽ മാത്രം കാണുന്ന കാര്യങ്ങളാണ് ഇപ്പോൾ ഇന്ത്യയിൽ സംഭവിക്കുന്നത്.
പ്രസ് ക്ലബ് ഓഫ് ഇന്ത്യ
ന്യൂഡൽഹി: ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റിന് ഭൂഷണമല്ല മീഡിയ വൺ നിരോധിച്ച നടപടിയെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ പ്രസിഡന്റ് ഉമാകാന്ത് ലഖേര. ദേശവിരുദ്ധ പ്രവർത്തനം തടയാൻ പര്യാപ്തമായ നിയമങ്ങളുണ്ട് എന്നിരിക്കെ, സംശയത്തിന്റെ പുകമറ സൃഷ്ടിക്കാതെ വിലക്കിനു കാരണമെന്തെന്നു വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഓൾ ഇന്ത്യ മജ് ലിസെ മുശാവറ
വിലക്ക് ജനാധിപത്യത്തിനു നേരെയുള്ള കടന്നാക്രമണവും ധീരവും നിഷ്പക്ഷവുമായ മാധ്യമപ്രവർത്തനത്തിനെതിരായ പ്രതികാര നടപടിയുമാണെന്ന് ഓൾ ഇന്ത്യ മജ് ലിസെ മുശാവറ പ്രസിഡന്റ് നവീദ് ഹാമിദ് പ്രസ്താവിച്ചു.
ജോൺ ബ്രിട്ടാസ്
ഇത്രയും കാലം പ്രവർത്തിച്ച ചാനൽ, സുരക്ഷക്ക് എന്ത് പ്രശ്നമാണ് ഉണ്ടാക്കിയതെന്ന് വെളിപ്പെടുത്താൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥമാണ്. ഒരു മാധ്യമസ്ഥാപനത്തിന് നേരെ നടപടി എടുക്കുമ്പോൾ അത് സുതാര്യവും നടപടിക്രമത്തിന്റെ പിൻബലത്തിലുമായിരിക്കണമെന്ന് ഐ.ടി -ഇൻഫർമേഷൻ പാർലമെൻറ് സ്റ്റാൻഡിങ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
ടി.എൻ. പ്രതാപൻ
സുരക്ഷ കാരണങ്ങളുടെ പേരിൽ നടപടിയെടുക്കുന്നു എന്നുമാത്രം പറഞ്ഞ് ഏകപക്ഷീയ നടപടി ഏകാധിപത്യ രാജ്യത്ത് മാത്രമേ നടക്കൂവെന്ന് ടി.എൻ. പ്രതാപൻ എം.പി പറഞ്ഞു.
പി.വി. അബ്ദുല്‍ വഹാബ് എം.പി
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമെതിരായ കടന്നുകയറ്റമാണിത്. മാധ്യമങ്ങളോട് വിയോജിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. എന്നാല്‍, അവയുടെ വായടക്കുന്നത് ഫാഷിസമാണ്.
ഡോ. വി. ശിവദാസന്‍ എം.പി
വ്യാജ വാർത്തകളെ നിയമപരമായി നേരിടാൻ സൗകര്യം ഒരുക്കേണ്ടതിനു പകരം കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയുള്ള ഇത്തരം ഇടപെടലുകൾ മാധ്യമസ്വാതന്ത്ര്യത്തിനുനേരെയുള്ള അക്രമമാണെന്ന് ഡോ.വി. ശിവദാസന്‍ എം.പി പ്രസ്താവനയില്‍ പറഞ്ഞു.
രമ്യ ഹരിദാസ് എം.പി
മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്താന്‍ ഒരുഭാഗത്ത് നീക്കം നടത്തുമ്പോള്‍ മുന്നറിയിപ്പുപോലും നല്‍കാതെ, കാരണങ്ങള്‍ ബോധിപ്പിക്കാതെ സംപ്രേഷണം തടസ്സപ്പെടുത്തിയ നടപടി അങ്ങേയറ്റം അപലപനീയമാണ്.
കേരള ജംഇയ്യത്തുൽ ഉലമ
മീഡിയ വൺ പ്രക്ഷേപണം റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

