പരസ്യമദ്യപാനം: ടി.പി കേസ് പ്രതികൾക്കെതിരെ ഒടുവിൽ കേസ്
text_fieldsകണ്ണൂർ: പൊലീസ് ഒത്താശയോടെ പരസ്യമായി മദ്യപിച്ച സംഭവത്തിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കെതിരെ ഒടുവിൽ സ്വമേധയാ കേസെടുത്ത് പൊലീസ്. ടി.പി കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കെതിരെ തലശ്ശേരി സബ് ഇൻസ്പെക്ടർ പി.പി. ഷമീൽ ആണ് കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ജൂൺ 17ന് വൈകീട്ട് നാലിന് തലശ്ശേരി വിക്ടോറിയ ഹോട്ടലിന്റെ പാർക്കിങ് ഏരിയയിൽ പ്രതികളും കണ്ടാലറിയാവുന്ന ഏതാനുംപേരും മദ്യപിക്കുന്ന സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പരസ്യമദ്യപാനം നടത്തിയതായുള്ള ഉത്തമവിശ്വാസത്തിലാണ് കേസെന്നാണ് എഫ്.ഐ.ആർ.
മാഹി ഇരട്ടക്കൊല കേസിലെ വിചാരണക്കായി തലശ്ശേരി സെഷൻസ് കോടതിയിൽ ഹാജരാക്കി കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മടങ്ങുന്ന വേളയിലാണ് പ്രതികൾ മദ്യപിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിച്ച കുറ്റവാളികൾ പൊലീസ് ഒത്താശയിൽ മദ്യപിച്ചത് സേനക്കകത്ത് വിവാദമായി.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ കണ്ണൂർ സിറ്റി പൊലീസ് ആസ്ഥാനത്തെ മൂന്ന് സിവിൽ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. വ്യവസ്ഥ ലംഘിച്ചതിന് കൊടി സുനിയുടെ പരോളും റദ്ദാക്കി. അതിനിടെ, മദ്യപിക്കുന്ന സി.സി ടി.വി ദൃശ്യങ്ങളും പുറത്തുവന്നു.
ആദ്യം കേസെടുക്കാൻ മടിച്ച പൊലീസ്, മദ്യമാണെന്നതിന് തെളിവില്ലെന്നും പരാതിയില്ലെന്നുമാണ് പറഞ്ഞിരുന്നത്. പിന്നാലെ കെ.എസ്.യു സംസ്ഥാന ജന. സെക്രട്ടറി ഫർഹാൻ മുണ്ടേരി സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. കണ്ണൂരിലെത്തിയ ഡി.ജി.പി റവഡ ചന്ദ്രശേഖർ പ്രതികൾക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

