എങ്ങും പരസ്യ സംവാദ വെല്ലുവിളികൾ; വല്ലതും നടക്കുമോ...?
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ തലങ്ങും വിലങ്ങും ഉയരുന്നത് പരസ്യ സംവാദ വെല്ലുവിളികൾ. സ്ഥാനാർഥികൾ തമ്മിലും നേതാക്കൾ തമ്മിലും വെല്ലുവിളി അരങ്ങുതകർക്കുന്നതല്ലാതെ ഒന്നുപോലും കാണാനുള്ള യോഗം വോട്ടർമാർക്കുണ്ടാകുമെന്ന് തോന്നുന്നില്ല. വെല്ലുവിളി ഏറ്റെടുക്കാൻ ആരും തയാറല്ലെന്നതാണ് പ്രശ്നം. ഇത്തവണ പ്രചാരണം മുറുകിയതോടെ ആദ്യ വെല്ലുവിളികളിലൊന്ന് തൃത്താല മണ്ഡലത്തിൽനിന്നായിരുന്നു. ഇടത് സ്ഥാനാർഥി മന്ത്രി എം.ബി. രാജേഷിന് എതിർ സ്ഥാനാർഥി കോൺഗ്രസിലെ വി.ടി. ബൽറാമിനെ പരസ്യ വികസന സംവാദത്തിന് കിട്ടണം. സംവാദത്തിനുണ്ടോ എന്ന വെല്ലുവിളിക്ക് മറുപടി പറയാൻ ബൽറാം ശ്രമിച്ചെങ്കിലും ഇതുവരെ പിടികൊടുത്തിട്ടില്ല.
സംവാദം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളിലും ബൽറാം വീണിട്ടില്ല. പിന്നാലെ വന്ന വെല്ലുവിളി, കടുപ്പമേറിയ പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തിൽനിന്ന് മന്ത്രി വി. ശിവൻകുട്ടിയുടേതായിരുന്നു. എതിർ സ്ഥാനാർഥിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിനെയാണ് ശിവൻകുട്ടിക്ക് സംവാദത്തിന് കിട്ടേണ്ടത്. രാജീവ് വെല്ലുവിളി ഏറ്റെടുക്കുംമുമ്പ് തന്നെ ശിവൻകുട്ടി സംവാദത്തിന് സമയവും സ്ഥലവും കുറിച്ചു. വെല്ലുവിളി തള്ളാതിരുന്ന രാജീവ് ചന്ദ്രശേഖർ പക്ഷെ, സംവാദത്തിനുള്ള തീയതിയും സമയവും സ്ഥലവും താൻ പറയാമെന്ന് മറുപടി നൽകി. ശിവൻകുട്ടിയോട് വെയ്റ്റ് ചെയ്യാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പിന് മുമ്പ് ഇത് നടക്കുമോ എന്നൊന്നും രാജീവ് വ്യക്തമാക്കിയിട്ടില്ല. വെയ്റ്റ് ചെയ്യാൻ പറഞ്ഞ രാജീവ് പക്ഷെ, ഇതിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയനെ സംവാദത്തിന് വെല്ലുവിളിച്ചിട്ടുണ്ട്. കരുത്തും ധൈര്യവും ഉണ്ടെങ്കിൽ തന്റെ ഒപ്പം വന്ന് സംവാദം നടത്താൻ മുഖ്യമന്ത്രി തയാറാകണമെന്നാണ് രാജീവിന്റെ ആവശ്യം. തന്റെ പൊട്ടമലയാളത്തിൽ സംവാദത്തിന് തയാറാണെന്നും പത്ത് മിനിറ്റിൽ പൊളിച്ചുതരാമെന്നുമാണ് രാജീവിന്റെ വെല്ലുവിളി.
ഏറ്റവും ഒടുവിൽ മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തുറന്ന സംവാദത്തിന് വെല്ലുവിളിച്ചിരിക്കുകയാണ്. എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രി വിളിച്ചോട്ടെ എന്നാണ് സതീശന്റെ ‘വെല്ലുവിളി ഓഫർ’. എന്നാൽ രണ്ട് വെല്ലുവിളികളും മുഖ്യമന്ത്രി അറിഞ്ഞ മട്ടില്ല. വെല്ലുവിളിക്കാരുടെ കൂട്ടത്തിൽ വി.ഡി. സതീശന് മാത്രമാണ് പരസ്യ സംവാദത്തിൽ മുൻപരിചയമുള്ളത്. 2010 സെപ്റ്റംബറിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കുമായി ലോട്ടറി വിഷയത്തിൽ സതീശൻ നടത്തിയ പരസ്യ സംവാദം ഏറെ ചർച്ചയായതാണ്. പിന്നീട് നിയമസഭയിൽ ഉൾപ്പെടെ സതീശൻ വെല്ലുവിളിച്ചിട്ടുണ്ടെങ്കിലും തോമസ് ഐസക് സംവാദത്തിനിറങ്ങിയിട്ടില്ല. പ്രചാരണച്ചൂടിൽ തലസ്ഥാനത്തെ കുടിവെള്ള പ്രശ്നത്തിൽ മേയർ വി.വി. രാജേഷ് ശിവൻകുട്ടിയെ സംവാദത്തിന് വെല്ലുവിളിച്ചെങ്കിലും ശിവൻകുട്ടി സമയം കുറിക്കാൻ തയാറായിട്ടില്ല. പരസ്യ പ്രചാരണം കഴിയുന്നത് വരെ ഇനിയും സംവാദ വെല്ലുവിളികൾ വോട്ടർമാർ കേൾക്കേണ്ടിവരും. പക്ഷെ ഒന്നും നടക്കാൻ പോകുന്നില്ലെന്ന് ഉറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

