സബ് കലക്ടറുടെ സ്ഥലം മാറ്റത്തിനുപിന്നിൽ ഗൂഢാലോചന –പി.ടി. തോമസ്
text_fieldsതൊടുപുഴ: ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമെൻറ സ്ഥലം മാറ്റത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പിന്നിൽ പ്രവർത്തിച്ചത് മന്ത്രി എം.എം. മണിയും ജോയ്സ് ജോർജ് എം.പിയുമെന്ന് പി.ടി. തോമസ് എം.എൽ.എ. കർഷകരെ മറയാക്കി വിലസുന്ന കൈയേറ്റ മാഫിയയുടെ തലവന്മാരാണ് ഇവരെന്ന് പി.ടി. തോമസ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. മന്ത്രി മണിയും പെരുമ്പാവൂരിലെ സ്വകാര്യ കമ്പനിയും തമ്മിലുള്ള ബന്ധം അന്വേഷിക്കണം. ഇതാവശ്യപ്പെട്ട് പെരുമ്പാവൂരിലെ സി.പി.എം നേതൃത്വം സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. കൊട്ടക്കാമ്പൂരിൽ 300 ഏക്കറോളം സ്ഥലം ഇൗ കമ്പനി കൈയേറിയതായി പി.ടി. തോമസ് ആരോപിച്ചു.
ഇതേ ബ്ലോക്കിലാണ് എം.പിയുടെ ഭൂമിയുമുള്ളത്. 1999ലാണ് ആദിവാസികൾ ഉൾെപ്പടെയുള്ളവരെ മറയാക്കി കൃത്രിമരേഖ ചമച്ച് ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നത്. പെരുമ്പാവൂരിനടുത്തുള്ള ഒരു ഷോപ്പിങ് മാളിൽ താമസിക്കുന്നു എന്ന രേഖ കാട്ടിയാണ് 60 ഏക്കറിെൻറ രജിസ്ട്രേഷൻ നടത്തിയിരിക്കുന്നത്. ജനുവരിയിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ കുറിഞ്ഞി സാങ്ച്വറിയുടെ അതിർത്തി പുനർനിർണയിക്കണമെന്ന് ആവശ്യമുയർന്നതും ഇവരുടെ ഭൂമി ജനവാസകേന്ദ്രമാണെന്ന് വരുത്തിത്തീർക്കാനാണെന്ന് എം.എൽ.എ ആരോപിച്ചു.
എം.പിയുടെ കേസ് ഹൈകോടതിയിൽ അന്തിമഘട്ടത്തിൽ നിൽക്കുമ്പോഴാണ് ശ്രീറാം വെങ്കിട്ടരാമെൻറ സ്ഥലം മാറ്റം. കർഷകരെ മറയാക്കിയുള്ള വ്യാജപ്രചാരണത്തിൽ ജില്ലയിലെ മറ്റ് രാഷ്ട്രീയ നേതാക്കളും വീണിരിക്കുകയാണ്. കോൺഗ്രസ് ജില്ല നേതൃത്വം പ്രശ്നങ്ങൾ അറിഞ്ഞിരുന്നോ എന്നും അതോ അറിഞ്ഞിട്ടും മിണ്ടാതിരിക്കുകയാണോയെന്നും മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളായ ജോൺ നെടിയപാല, എൻ.ഐ. ബെന്നി, മനോജ് കോക്കാട്ട് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
