പി.ടി-5 ദൗത്യം പൂർണം; കണ്ണിന് ചികിത്സ നൽകി; റേഡിയോ കോളർ ഘടിപ്പിച്ച് ഉൾക്കാട്ടിലേക്ക് തുരത്തി
text_fieldsപി.ടി-5ന്റെ കാഴ്ച നഷ്ടപ്പെട്ട വലതുകണ്ണിന് ചികിത്സ നൽകുന്നു
പാലക്കാട്: കണ്ണിന് പരിക്കേറ്റ കൊമ്പൻ പി.ടി -5ന്റെ ചികിത്സ നൽകുന്ന ദൗത്യം പൂർത്തിയായി. ആനക്ക് കാഴ്ചപരിമിതിക്കുള്ള മരുന്ന് നൽകിയാണ് കാട്ടിലേക്ക് അയച്ചത്. ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളില്ലെന്ന് ദൗത്യസംഘം വ്യക്തമാക്കി. മയക്കംവിടാനുള്ള മരുന്നും നൽകി.
മയക്കുവെടി വെച്ചതിനെ തുടർന്ന് രണ്ടു മണിക്കൂർ നേരമാണ് പി.ടി-5 ഉറങ്ങിയത്. ആനയെ ചികിത്സിക്കുന്നതിന്റെ ഭാഗമായിട്ടാണ് മയക്കുവെടിവെച്ച് പിടികൂടിയത്. മൂന്നു മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് റേഡിയോ കോളർ ഘടിപ്പിച്ച് ആനയെ ഉൾക്കാട്ടിലേക്ക് തുരത്തിയത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ രാവിലെ എട്ടു മണിയോടെയാണ് ദൗത്യത്തിന് തുടക്കമിട്ടത്.
ദൗത്യസംഘാംഗങ്ങള്‍ ആറു ഗ്രൂപ്പുകളായി തിരിഞ്ഞാണ് കാട്ടിലേക്കു നീങ്ങിയത്. മലമ്പുഴക്കു സമീപം മാന്തുരുത്തിൽ ആനയെ സംഘം വളഞ്ഞു. രണ്ടു ഡോസ് മയക്കുവെടി വെച്ചതോടെ ഓടാനാകാതെ ആന അവിടെതന്നെ നിലയുറപ്പിച്ചു. പൂർണ മയക്കമായതോടെ പരിശോധനയും ചികിത്സയും തുടങ്ങി. ആനയുടെ കണ്ണിനേറ്റത് ഗുരുതര പരിക്കെന്ന് സംഘം വിലയിരുത്തി. കാഴ്ച വീണ്ടെടുക്കാനുള്ള മരുന്നും നൽകി.
പിന്നീടാണ് റേഡിയോ കോളർ ഘടിപ്പിച്ച് ഉൾക്കാട്ടിലേക്ക് വിട്ടത്. മുത്തങ്ങയിൽ നിന്നെത്തിച്ച ഭരത്, വിക്രം എന്നീ കുങ്കികളെ വെച്ചായിരുന്നു ആനയെ ഉള്‍ക്കാട്ടിലേക്ക് അയച്ചത്. നിലവിലെ ചികിത്സയിൽ ഫലമുണ്ടോ എന്ന് രണ്ടാഴ്ച പരിശോധിക്കും. ആവശ്യമെങ്കിൽ തുടർനടപടികൾ സ്വീകരിക്കും. ആനക്ക് എങ്ങനെ പരിക്കേറ്റു എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. മലമ്പുഴ, കഞ്ചിക്കോട്, വാളയാർ മേഖലകളിൽ സ്ഥിരം സാന്നിധ്യമായ ആനയെ കഴിഞ്ഞ ദിവസമാണ് അവശനിലയില്‍ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

