പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമനം തകൃതി
text_fieldsമലപ്പുറം: യു.ഡി.എഫ് തീരുമാനത്തിന് കാത്തുനിൽക്കാതെ പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമനം തകൃതിയായി നടക്കുന്നു. വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും ചേർന്ന ലോബികളാണ് നിയമനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. വ്യവസായ വകുപ്പിന് കീഴിലുള്ള ഏതാണ്ടെല്ലാ പൊതുമേഖല സ്ഥാപനങ്ങളിലും എം.ഡിമാരുടെ കാര്യത്തിൽ ഏകദേശ ധാരണ ആയിട്ടുണ്ട്. എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് എം.ഡിമാർ ആയവരെ വിവിധ സ്ഥാപനങ്ങളിൽ മാറ്റിനിയമിച്ചും അധികച്ചുമതല നൽകിയും നിലനിർത്തുകയാണ്.
വ്യവസായ വകുപ്പിന് കീഴിലുള്ള ഏഴ് സഹകരണ സ്പിന്നിങ് മില്ലുകളുടെ അപെക്സ് ബോർഡായ ടെക്സ് ഫെഡ് എം.ഡി എബി തോമസിനാണ് കുറ്റിപ്പുറം മാൽകോടെക്സ് എം.ഡിയുടെ അധിക ചുമതല നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ബുധനാഴ്ചയാണ് ഇറങ്ങിയത്. തൃശൂർ സഹകരണ മിൽ, കോട്ടയം പ്രിയദർശനി സഹകരണ മിൽ എന്നിവയുടെ എം.ഡിയുടെ അധിക ചുമതലയിലും ഇടതുപക്ഷ യൂനിയൻ സംസ്ഥാന ഭാരവാഹിയായ ഇദ്ദേഹം തുടരുന്നുണ്ട്. പൊതുമേഖല എം.ഡിമാരുടെ നിയമനത്തിൽ യു.ഡി.എഫ് താൽപര്യം പരിഗണിക്കാതെയുള്ള വഴിവിട്ട നീക്കങ്ങളാണ് ഉണ്ടാവുന്നതെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ വസതിയിൽ വ്യാഴാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തിലെ പ്രധാന ചർച്ച ബോർഡുകളുടെയും കോർപറേഷനുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും പുനഃസംഘടനയാണ്. വിവിധ ഘടകകക്ഷികൾ മുന്നോട്ടുവെച്ച അവകാശവാദങ്ങളും താൽപര്യങ്ങളും പരിഗണിച്ച് പദവി പങ്കുവെക്കുന്നത് സംബന്ധിച്ച് മുന്നണി യോഗത്തിൽ ചർച്ച നടക്കാനിരിക്കെയാണ് വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമനം നടന്നുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

