പി.എസ്.സി പരീക്ഷ ക്രമക്കേട്: ഒന്നാം റാങ്കുകാരനെ ചോദ്യം ചെയ്യും
text_fieldsതിരുവനന്തപുരം: പി.എസ്.സി പരീക്ഷ ക്രമക്കേടില്‍ ആസൂത്രണ ബോർഡ് പരീക്ഷയിലെ ഒന്നാം റാങ്കുകാരനെ ചോദ്യം ചെയ്യാനും പി.എസ്.സി ചെയർമാന്റെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്താനും എസ്.ഐ.ടി നീക്കം. പരീക്ഷകളിൽ പി.എസ്.സിയിലെ ഉന്നതതല ഇടപെടലുണ്ടായെന്നും രാഷ്ട്രീയപരമായ നിയമനങ്ങളുണ്ടായെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പരീക്ഷ ക്രമക്കേടിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന പി.എസ്.സിയിലെ മറ്റ് ഉദ്യോഗസ്ഥരെ നോട്ടീസ് നൽകി വിളിച്ചുവരുത്തിയാകും മൊഴി രേഖപ്പെടുത്തുക. ആസൂത്രണ ബോർഡ് പരീക്ഷയിൽ മാത്രമല്ല മറ്റ് പല പരീക്ഷകളിലും ഇടത് സംഘടന നേതാക്കൾക്കും അനുകൂലികൾക്കും നിയമനം ലഭിച്ചതായുള്ള വിവരങ്ങൾ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ആസൂത്രണ ബോർഡ് പരീക്ഷയിൽ ക്രമക്കേടും രാഷ്ട്രീയ ഇടപെടലും ഉറപ്പിക്കുകയാണ് എസ്.ഐ.ടി. ഇടത് അനുഭാവിയായ അരുണ്‍ ജെ. പ്രതാപിന് നിയമനം ലഭിക്കാനായി ക്രമക്കേട് നടത്തിയെന്ന വിലയിരുത്തലിലാണ് എസ്.ഐ.ടി. നേരത്തെ പി.എസ്.സി ആഭ്യന്തര വിജിലൻസും ക്രൈംബ്രാഞ്ചും അരുണിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. പക്ഷെ തനിക്ക് ഒരു രാഷ്ട്രീയ ബന്ധവുമില്ലെന്ന നിലയിലുള്ള മൊഴിയാണ് ഇയാൾ നൽകിയതെന്നാണ് വിവരം. എന്നാൽ, പരീക്ഷയിലെ ഒമ്പത് മുതൽ 18 വരെയുള്ള 58 മാർക്കിന്റെ പത്ത് ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താത്തതാണ് ഇയാളുടെ നിയമനത്തിനായിരുന്നെന്ന സംശയം വർധിപ്പിക്കുന്നത്.
അരുണ്‍ ജെ. പ്രതാപ് ഒമ്പത് മുതൽ ആറ് ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയിരുന്നില്ല. തുടർന്നുള്ള മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരമെഴുതി. ഒരു ചോദ്യത്തിന് രണ്ടു വരി മാത്രമാണ് ഉത്തരം എഴുതിയത്. എഴുതിയ ഉത്തരങ്ങൾ തെറ്റാണെന്ന സംശയം ഉണ്ടായെന്നാണ് എസ്.ഐ.ടി വിലയിരുത്തൽ. അക്കാര്യം പി.എസ്.സിയിലെ ഉദ്യോഗസ്ഥരെ അറിയിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പരീക്ഷ എഴുതിയ മുഴുവൻ ഉദ്യോഗാർഥികളുടെയും പത്ത് ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയുമായിരുന്നെന്നാണ് കരുതുന്നത്.
ആ സാഹചര്യത്തിലാണ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ചീഫായി നിയമനം ലഭിച്ച അരുണിനെ വിശദമായി ചോദ്യം ചെയ്യാൻ എസ്.ഐ.ടി ഉദ്ദേശിക്കുന്നത്. നിയമനങ്ങളിൽ പി.എസ്.സി ചെയര്മാന് എം.ആര്. ബൈജുവിന്റെ പങ്കാളിത്തം ഉൾപ്പെടെ പരാതികൾ എസ്.ഐ.ടിക്ക് ലഭിച്ചിട്ടുണ്ട്. ആ സാഹചര്യത്തിലാണ് ചെയർമാൻ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കാൻ ഉദ്ദേശിക്കുന്നതെന്നാണ് വിവരം. അന്വേഷണ സംഘം വിപുലീകരിച്ച് വിശദ അന്വേഷണത്തിലേക്ക് എസ്.ഐ.ടി ഉടൻ കടക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

