കേരളത്തിൽ എത്ര നിയമസഭ മണ്ഡലമുണ്ടെന്ന് അറിയാത്ത ചോദ്യകർത്താവിനോട് വിശദീകരണം തേടി പി.എസ്.സി
text_fieldsതിരുവനന്തപുരം: കേരളത്തിൽ എത്ര നിയമസഭ മണ്ഡലമുണ്ടെന്ന് അറിയാത്ത ചോദ്യകർത്താവിനോട് വിശദീകരണം തേടാൻ പി.എസ്.സി തീരുമാനിച്ചു. മാർച്ച് 20 ന് നടന്ന പൊലീസ് കോൺസ്റ്റബിൾ/വിമൻ പൊലീസ് കോൺസ്റ്റബിൾ തസ്തികകളിലേക്ക് നടന്ന ഒ.എം.ആർ പരീക്ഷയിലാണ് കേരളത്തിലെ നിയമസഭ മണ്ഡലങ്ങളുടെ എണ്ണമെത്ര എന്ന ചോദ്യം വന്നത്.
140 എന്ന ശരിയുത്തരത്തിന് പകരം 141, 143, 145, 142 എന്നീ ഓപ്ഷനുകളാണ് ചോദ്യകർത്താവ് നൽകിയത്. ഇതിനെതിരെ ഉദ്യോഗാർഥികൾ പരാതിയുമായി പി.എസ്.സിയെ സമീപിച്ചതോടെയാണ് ചോദ്യം ഒഴിവാക്കാനും ചോദ്യകർത്താവിനോട് വിശദീകരണം ചോദിക്കാനും തീരുമാനിച്ചത്. ഈ ചോദ്യം ഒഴിവാക്കി താൽക്കാലിക ഉത്തരസൂചിക പി.എസ്.സി പ്രസിദ്ധീകരിച്ചു. വിവിധ വിഷയങ്ങളിൽ പ്രാഗല്ഭ്യമുള്ള ചോദ്യകർത്താക്കളിൽനിന്ന് ചോദ്യപേപ്പറുകൾ സമാഹരിച്ചാണ് പി.എസ്.സി പരീക്ഷകൾ നടത്തുന്നത്.
ഓരോ വിഷയത്തിനും സമാഹരിക്കുന്ന ചോദ്യപേപ്പറുകളിൽ ഒരെണ്ണം തെരഞ്ഞെടുത്താണ് പരീക്ഷ നടത്തുക. പരീക്ഷക്ക് മുമ്പായി ചോദ്യകർത്താക്കളിൽനിന്ന് ലഭിക്കുന്ന ചോദ്യപേപ്പറുകൾ പി.എസ്.സി പരിശോധിക്കാറില്ല. അതിനാൽ ചോദ്യപേപ്പറുകളിൽ സംഭവിക്കുന്ന പിശകുകൾ പരീക്ഷക്ക് മുമ്പ് പരിഹരിക്കാൻ സാധിക്കില്ലെന്നും പി.എസ്.സി വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

