പി.എസ്.സി ശമ്പള വർധനയിൽ പ്രതിഷേധം കത്തുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ, പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളത്തിൽ 1.6 ലക്ഷത്തോളം രൂപയുടെ വർധന വരുത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം. തുച്ഛമായ വേതന വർധന ആവശ്യപ്പെട്ട് നൂറുകണക്കിന് ആശ വർക്കർമാർ കുടുംബം ഉപേക്ഷിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ രാപ്പകൽ നടത്തുന്ന സമരം ഒന്നരയാഴ്ച പിന്നിട്ടിട്ടും കണ്ണുതുറക്കാത്ത സർക്കാർ നിലവിൽ പ്രതിമാസം 2.60-2.42 ലക്ഷംവരെ ശമ്പളം വാങ്ങുന്നവരുടെ വേതനം 3.5 മുതൽ നാലു ലക്ഷം വരെ ആക്കിയതിനെതിരെ ഭരണപ്രതിപക്ഷ സംഘടനകളടക്കം രംഗത്തെത്തി.
സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ സ്കൂൾ പാചക തൊഴിലാളികൾ, ആശ, അംഗൻവാടി വർക്കർമാർ, പൊതുവിതരണ മേഖലയിലെ താൽക്കാലിക ജീവനക്കാർ, റേഷൻ വിതരണക്കാർ, സ്പെഷൽ സ്കൂൾ ജീവനക്കാർ, സർക്കാറിന്റെ വിവിധ വകുപ്പുകളിൽ കരാർ-താൽക്കാലിക ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ളവർക്ക് അർഹമായ വേതന വർധന നൽകാനും കൃത്യമായി വേതനം നൽകാനും സാധിക്കുന്നില്ല. കായിക ഹോസ്റ്റലുകളിലെ കുട്ടികൾക്കുപോലും ഭക്ഷണ അലവൻസ് എട്ടുമാസത്തോളമായി കുടിശ്ശികയാണ്.
സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനംപോലും ലഭിക്കാതെ നാമമാത്രമായ വേതനംകൊണ്ട് ജോലിചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികൾ നിലവിലുള്ളപ്പോൾ സാധാരണക്കാരായ ഇത്തരം വിഭാഗത്തെ പരിഗണിക്കാതെ ഇപ്രകാരമൊരു തീരുമാനം കൈക്കൊള്ളുന്നത് ഇടതുമുന്നണി സർക്കാറിന് ഭൂഷണമല്ലെന്ന് എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസും ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രനും ചൂണ്ടിക്കാട്ടി.
കേരളത്തിൽ ഐ.എ.എസുകാരും ഐ.പി.എസുകാരും പി.എസ്.സി അംഗങ്ങളും മാത്രം സുഭിക്ഷമായി ജീവിച്ചാൽ മതിയെന്ന ധാരണ എൽ.ഡി.എഫ് ഭരണത്തിന് ചേർന്നതല്ലെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ വ്യക്തമാക്കി. 1600 രൂപ മാത്രം കൈപ്പറ്റുന്ന ക്ഷേമ പെൻഷൻ, വാഗ്ദാനം ചെയ്തതുപോലെ 2500 രൂപയാക്കാനോ അവരുടെ കുടിശ്ശിക നൽകാനോ, കേവലം 7000 രൂപ മാത്രം ലഭിക്കുന്ന ആശ പ്രവർത്തകരുടെ ഓണറേറിയം വർധിപ്പിക്കാനോ ജീവനക്കാരുടെ കുടിശ്ശികയായ ആറ് ഗഡു ഡി.എ നൽകാനോ തയാറാകാത്തത് സർക്കാറിന് ചേർന്നതല്ലെന്നും ജീവനക്കാരുടെ പ്രതിനിധികൾ അറിയിച്ചു. സർക്കാർ ജീവനക്കാർക്കും സ്കൂൾ പാചക തൊഴിലാളികൾക്കും വിവിധ ക്ഷേമ പെൻഷൻകാർക്കും കൃത്യമായ വേതനം ലഭിക്കാത്ത സാഹചര്യത്തിൽ ഇത്തരമൊരു വേതനവർധന ആശങ്കയുളവാക്കുന്നതാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ പറഞ്ഞു.
പി.എസ്.സി ചെയർമാന് ജില്ല ജഡ്ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകക്ക് തുല്യവും അംഗങ്ങൾക്ക് ജില്ല ജഡ്ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകക്ക് തുല്യവുമായിട്ടാണ് കഴിഞ്ഞദിവസം പുതുക്കിയ ശമ്പളത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത്. ഇതുവഴി പി.എസ്.സി ചെയർമാന്റെ നിലവിലുള്ള അടിസ്ഥാന ശമ്പളമായ 76,460 രൂപ 2,24,100 രൂപയാകും. അംഗങ്ങൾക്ക് നിലവിൽ 70,290 രൂപ അടിസ്ഥാന ശമ്പളമുള്ളത് 2,19,090 ആയും വർധിക്കും. ചെയർമാന് നിലവിൽ മറ്റ് ആനുകൂല്യങ്ങളും ചേർത്ത് മൊത്തം ശമ്പളം ഏകദേശം 2.60 ലക്ഷം രൂപയാണ്. പരിഷ്കരണം വഴി ഇത് 3.5 നും നാലുലക്ഷത്തിനുമിടയിലായി വർധിക്കും.
അംഗങ്ങൾക്ക് നിലവിൽ 2.42 ലക്ഷം രൂപ ശമ്പളമായി ലഭിക്കുന്നത് പരിഷ്കരണം വഴി 3.4 -3.5 ലക്ഷമാകും. ശമ്പളത്തിന് പുറമെ, സിറ്റിങ് ഫീസ്, യാത്രാബത്ത ഉൾപ്പെടെ ആനുകൂല്യങ്ങളും ചെയർമാനും അംഗങ്ങൾക്കും ലഭിക്കും. ആനുപാതികമായി പെൻഷനും വർധിക്കും. ചെയർമാൻ ഉൾപ്പെടെ 20 അംഗങ്ങളാണ് പി.എസ്.സിക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

