ചോദ്യംചെയ്യലിന് പോകില്ല; നിലപാട് കടുപ്പിച്ച് പി.എസ്.സി, വരില്ലെന്ന് ക്രൈംബ്രാഞ്ചും
text_fieldsതിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പിലെ ചോദ്യം ചെയ്യലിനെ ചൊല്ലി പി.എസ്.സിയും ക്രൈംബ്രാഞ്ചും തമ്മിലെ തർക്കം തുടരുന്നു. ക്രൈംബ്രാഞ്ച് ഓഫിസിൽ നേരിട്ടെത്തി മൊഴി നൽകണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം പി.എസ്.സി അംഗങ്ങളുടെ യോഗം തള്ളി. അന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് പോകേണ്ടതില്ലെന്ന് ഇന്ന് ചേർന്ന യോഗം ആവർത്തിച്ചു.
അന്വേഷണ സംഘത്തിന് മൊഴിയെടുക്കണം എന്നുണ്ടെങ്കിൽ പി.എസ്.സി ഓഫിസിൽ നേരിട്ടെത്തി നടപടികൾ പൂർത്തിയാക്കാവുന്നതാണെന്നും യോഗം വ്യക്തമാക്കി. സ്ഥാപനത്തിന്റെ അന്തസ്സ് തകർക്കാനും ഭരണഘടനാ സ്ഥാപനത്തെ ബോധപൂർവം ഇകഴ്ത്തിക്കാട്ടാനുമുള്ള ശ്രമങ്ങളാണ് നിലവിൽ നടക്കുന്നതെന്നും യോഗം വിമർശിച്ചു.
ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലെ പരീക്ഷ ക്രമക്കേട് പരാതിയിൽ പി.എസ്.സി അംഗങ്ങൾ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫിസിൽ നേരിട്ട് ഹാജരാകണമെന്നാണ് എസ്.ഐ.ടി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാകാൻ ആകില്ലെന്നും മൊഴിയെടുക്കാൻ ഓഫിസിലേക്ക് വരണമെന്നും ആയിരുന്നു പി.എസ്.സി സെക്രട്ടറിയുടെ നിലപാട്.
നിലവിൽ പി.എസ്.സിയുടെ നാല് അംഗങ്ങൾക്കാണ് ആരോപണവിധേയമായി ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് നോട്ടീസ് നൽകും. പി.എസ്.സി ചെയർമാൻ ഉൾപ്പെടെ പതിനാറ് പേർക്കെതിരെയാണ് പരാതിയുള്ളത്.
കേസിൽ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയത്തിലാണ് അന്വേഷണ സംഘം. ക്രമക്കേടുമായി ബന്ധപ്പെട്ട് ഗുരുതര വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്ത് എസ്.ഐ.ടി ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് സർക്കാറിന് കൈമാറിയ ശേഷം സർക്കാർ ആവശ്യപ്പെടുന്നതിന് അനുസരിച്ചായിരിക്കും തുടർനടപടികൾ ഉണ്ടാവുകയെന്നാണ് വിവരം.
അതേസമയം, ചോദ്യം ചെയ്യാൻ പി.എസ്.സി ആസ്ഥാനത്തേക്ക് പോകില്ലെന്ന് കാട്ടി ക്രൈംബ്രാഞ്ച് ഇന്ന് കത്ത് നൽകുമെന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

