പി.എസ്.സി നിയമന തട്ടിപ്പ്: മുഖ്യപ്രതികൾ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: കേരള പബ്ലിക് സർവിസ് കമീഷന്‍റെ പേരിൽ വ്യാജ കത്ത് നിർമിച്ച് ഉദ്യോഗാർഥികളിൽനിന്ന് 35 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ മുഖ്യപ്രതികൾ അറസ്റ്റിൽ. പൊലീസ് ഉദ്യോഗസ്ഥ ചമഞ്ഞ് ഉദ്യോഗാർഥികളിൽനിന്ന് പണംതട്ടിയ പത്തനംതിട്ട അടൂർ സ്വദേശിനി ആർ. രാജലക്ഷ്മി, ഉദ്യോഗാർഥികളെ ഓൺലൈൻ ഇന്‍റർവ്യൂ ചെയ്ത കോട്ടയം സ്വദേശി ജോയ്‌സി ജോർജ് എന്നിവരാണ് പിടിയിലായത്.
ജോയ്സിയെ കോട്ടയത്തുനിന്നാണ് കസ്റ്റഡിയിലെടുത്തതെങ്കിൽ രാജലക്ഷ്മി അഭിഭാഷകനുമായി കഴക്കൂട്ടം പൊലീസിൽ കീഴടങ്ങുകയായിരുന്നു. നേരത്തേ കേസിലെ മുഖ്യപ്രതികളിലൊരാളായ തൃശൂർ അമ്പലൂർ സ്വദേശി രശ്മിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
രാജലക്ഷ്‌മി അടൂരിൽ താമസിച്ചിരുന്നപ്പോൾ കുട്ടിയെ നോക്കിയിരുന്നത് ജോയ്‌സിയാണ്. ആ സമയത്ത് തുടങ്ങിയ പരിചയമാണ് തട്ടിപ്പിലേക്ക് നീണ്ടത്. പണം വാങ്ങി വാട്സ്ആപ് ഗ്രൂപ്പിൽ അംഗങ്ങളാക്കിയവരെ പി.എസ്.സി ഉദ്യോഗസ്ഥയെന്ന വ്യാജേനയാണ് ജോയ്‌സി അഭിമുഖം നടത്തിയത്.
പരാതിക്കാരുടെ വാട്സ്ആപ്പിൽനിന്ന് ഇവരുടെ ചിത്രം കഴിഞ്ഞ ദിവസം വീണ്ടെടുത്തതോടെയാണ് ജോയ്‌സിയുടെ ഇടപെടൽ വ്യക്തമായത്.രണ്ടാം പ്രതി രശ്‌മിയടക്കമുള്ളവർ അറസ്റ്റിലായതോടെ മറ്റ് മാർഗമില്ലാതെയാണ് രാജലക്ഷ്‌മി കീഴടങ്ങിയത്. ചോദ്യം ചെയ്യലിനുശേഷം ചൊവ്വാഴ്‌ച ഇവരെ കോടതിയിൽ ഹാജരാക്കും. ആറ് മാസം മുമ്പാണ് രാജലക്ഷ്‌മി തട്ടിപ്പിന് തുടക്കമിട്ടതെന്നാണ് നേരത്തേ പൊലീസിന് ലഭിച്ചിരുന്ന വിവരം. എന്നാൽ, പണം നൽകിയവരുടെ മൊഴി രേഖപ്പെടുത്തിയതോടെ 2022 ജനുവരി ഒന്നുമുതൽ രാജലക്ഷ്‌മി തട്ടിപ്പ് നടത്തിയിരുന്നതായി വ്യക്തമായി.