എല്ലാത്തിനുമുണ്ട് മറുപടി; വിവാദങ്ങളിൽ വിശദീകരണവുമായി പി.എസ്.സി
text_fieldsതിരുവനന്തപുരം: സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആരോപണങ്ങൾക്ക് മറുപടിയുമായി പി.എസ്.സി. 15 തസ്തികകളിലേക്ക് നടത്തിയ പരീക്ഷകളും നിയമനങ്ങളും സംബന്ധിച്ച ആക്ഷേപങ്ങൾക്കുള്ള മറുപടി അക്കമിട്ട് പി.എസ്.സി വിശദീകരിക്കുന്നു. ഉന്നയിച്ച പല പരാതികളും പരിശോധിച്ച് പരാതിക്കാരെ ബോധ്യപ്പെടുത്തിയതാണ്. കോടതി തീർപ്പാക്കിയവ പോലും വീണ്ടും ഉന്നയിച്ചിട്ടുണ്ട്.
ആസൂത്രണബോർഡ് പരീക്ഷ ക്രമക്കേട് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. മൂല്യനിർണയം നടത്തിയ കമ്പ്യൂട്ടർ സംവിധാനം അടക്കം പരിശോധനക്ക് അനുവദിച്ചു. ആവശ്യപ്പെട്ട രേഖകൾ കൈമാറി- പി.എസ്.സി വാർത്തകുറിപ്പിൽ അറിയിച്ചു. ആസൂത്രണബോർഡ് ചീഫ് (സോഷ്യൽ സർവിസസ്), ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ, ഡിവൈ.എസ്.പി (സ്പെഷൽ റിക്രൂട്ട്മെന്റ്), ഡയറ്റ് ലക്ചറർ, കോളജ് വിദ്യാഭ്യാസ വകുപ്പ് അസി. പ്രഫസർ(ഹോട്ടൽ മാനേജ്മെന്റ് ), കയർഫെഡ് പഴ്സനൽ മാനേജർ തസ്തികയിൽ ഉത്തരക്കടലാസിന്റെ പകർപ്പ് ഉദ്യോഗാർഥിക്ക് മാറിനൽകിയത്, കെ.എ.എസ്, സർവകലാശാലകളിലെ പ്രഫഷനൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, കയർഫെഡ് മാർക്കറ്റിങ് മാനേജർ, ഖാദി ബോർഡ് വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, കേരഫെഡ് അസിസ്റ്റന്റ്/ കാഷ്യർ തുടങ്ങിയ തസ്തികകൾ സംബന്ധിച്ച പരാതികൾക്കാണ് മറുപടി നൽകിയത്.
ഉത്തരങ്ങളിലെ ‘ബി’ ചായ്വും സിലബസ് മാറ്റവും
ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് റിസർച്ച് ഓഫിസർ തസ്തികയുടെ താൽക്കാലിക ഉത്തര സൂചികയിൽ 54 ബി ഓപ്ഷൻ വന്നത് സ്വാഭാവികം. ചോദ്യപേപ്പർ തയാറാക്കുന്നത് ഏതെങ്കിലും ഒരു വിഷയവിദഗ്ധൻ അല്ല. സിലബസിൽ ഉൾപ്പെട്ട വ്യത്യസ്ത വിഷയങ്ങളിലെ വ്യത്യസ്ത ചോദ്യകർത്താക്കളാണ്.
ഉത്തര സൂചികകളിൽ ക്രമരഹിതമായി ഓപ്ഷനുകൾ നൽകണമെന്നാണ് അവർക്ക് നൽകിയ നിർദേശം. വിഷയ വിദഗ്ധർ പരസ്പരം അറിയാതെ ചെയ്യുന്ന പ്രക്രിയ ആയതിനാൽ ചില ഓപ്ഷനുകൾ ആവർത്തിച്ചുവരാം. റിസർച്ച് ഓഫിസർ തസ്തികയിലേക്ക് നിഷ്കർഷിച്ച യോഗ്യതകളിൽ ആദ്യം കൊമേഴ്സ് പി.ജി. ഉൾപ്പെട്ടിരുന്നില്ല. പിന്നീട് അതുകൂടി ഉൾപ്പെടുത്തി. തുടർന്നാണ് സിലബസ് മാറ്റിയത്. ഇതു സംബന്ധിച്ച് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നൽകിയ പരാതി ‘ഒരു തസ്തികയുടെ യോഗ്യതയുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും ചോദ്യം ചോദിക്കുമെന്ന’ പി.എസ്.സിയുടെ ഓരോ സിലബസിലെയും കുറിപ്പ് ചൂണ്ടിക്കാട്ടി തള്ളിയതാണ്.
നശിപ്പിച്ചത് ആക്ഷേപങ്ങൾ ഇല്ലാത്ത ഉത്തരക്കടലാസുകൾ
റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ച് ആറുമാസത്തിനകം മറ്റ് കേസുകളോ ആക്ഷേപങ്ങളോ വരാത്ത ഉത്തരക്കടലാസുകൾ സൂക്ഷിച്ചുവെക്കാറില്ല. വെബ്സൈറ്റിൽ അറിയിപ്പും പത്രക്കുറിപ്പും നൽകിയ ശേഷം നശിപ്പിക്കും. 2023 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരയുള്ള ഉത്തരക്കടലാസുകൾ നശിപ്പിച്ചതും ഇത്തരത്തിൽ അറിയിപ്പു നൽകിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

