രണ്ടര ലക്ഷത്തോളം ഹാൾ ടിക്കറ്റ് റദ്ദാക്കി
text_fieldsതിരുവനന്തപുരം: പി.എസ്.സിയുടെ വെബ്സൈറ്റിൽ കയറി ഹാൾ ടിക്കറ്റ് കൂട്ടത്തോടെ ജനറേറ്റ് ചെയ്ത് ഒരേ പരീക്ഷാഹാളും അടുത്തടുത്ത രജിസ്റ്റർ നമ്പറും തരപ്പെടുത്തുന്ന തട്ടിപ്പിന് വിരാമം. കൂട്ടത്തോടെ ജനറേറ്റ് ചെയ്തെന്ന സംശയം കാരണം സിവിൽ പൊലീസ് ഒാഫിസർ, വനിതാ സിവിൽ പൊലീസ് ഒാഫിസർ തസ്തികയുടെ 2,32,000 ഹാൾ ടിക്കറ്റുകൾ പി.എസ്.സി റദ്ദാക്കി. ഇവർക്ക് പുതിയ രജിസ്റ്റർ നമ്പറും പരീക്ഷാകേന്ദ്രവും നൽകാനും ഹാൾ ടിക്കറ്റ് ഉദ്യോഗാർഥികൾ ജനറേറ്റ് ചെയ്യുന്ന രീതി അവസാനിപ്പിക്കാനും പി.എസ്.സി തീരുമാനിച്ചു. ‘ജനറേറ്റ്’ ചെയ്യലിനു പകരം പി.എസ്.സി പുതുതായി നടപ്പാക്കുന്ന ‘കൺഫേം’ (പരീക്ഷയെഴുതുെന്നന്ന് ഉറപ്പ് നൽകൽ) രീതി നടപ്പാക്കും. സിവിൽ പൊലീസ് ഒാഫിസർ തസ്തികകളിലെ പരീക്ഷക്ക് കൂട്ടത്തോടെ ഹാൾ ടിക്കറ്റ് ജനറേറ്റ് ചെയ്ത് കോപ്പിയടിക്ക് കളമൊരുക്കുെന്നന്ന ‘മാധ്യമം’ വാർത്തയെ തുടർന്നാണ് നടപടി.
മേയ് 26ന് നടക്കുന്ന സിവിൽ പൊലീസ് ഒാഫിസർ തസ്തികകളുടെ പരീക്ഷക്ക് മേയ് ആറിനകം ഹാൾ ടിക്കറ്റ് എടുക്കാനാണ് ഉദ്യോഗാർഥികൾക്ക് ലഭിച്ച നിർദേശം. ഇതിനകം എടുത്തതെന്ന് കണ്ടെത്തിയതിനാലാണ് 2,32,000 ഹാൾ ടിക്കറ്റുകൾ അസാധുവാക്കിയത്. ജനറേറ്റ് ചെയ്തത് കൺേഫം ആയി കണക്കാക്കും. ഇവർ ഒഴികെയുള്ള ഉദ്യോഗാർഥികൾ മേയ് ആറ് വരെ ഹാൾ ടിക്കറ്റിനായി കൺഫേം ചെയ്യണം. റദ്ദാക്കിയവർക്കും അല്ലാത്തവർക്കും മേയ് ഏഴ് മുതൽ പരീക്ഷത്തലേന്ന് വരെ ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാമെന്ന് പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചൊവ്വാഴ്ച പി.എസ്.സിയുടെ പ്രത്യേക യോഗം ചേർന്നാണ് സുപ്രധാന തീരുമാനമെടുത്തത്. മൊത്തം 6,60,000 പേരാണ് സിവിൽ പൊലീസ് ഒാഫിസർ, വനിതാ സിവിൽ പൊലീസ് ഒാഫിസർ തസ്തികയിലേക്ക് അപേക്ഷിച്ചത്.
ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ നിന്ന് സ്വയമെടുക്കാൻ നിർദേശിച്ച ആദ്യ ദിവസം തന്നെ രണ്ടുലക്ഷത്തോളം പേർ അങ്ങനെ ചെയ്തു. തട്ടിപ്പ് നടക്കുെന്നന്നത് ബോധ്യപ്പെട്ട തിങ്കളാഴ്ച തന്നെ ഇൗ രീതി പി.എസ്.സി നിർത്തി. പകരം ഹാൾ ടിക്കറ്റ് ഉദ്യോഗാർഥിയുടെ പ്രൊഫൈലിൽ ലഭ്യമാക്കുകയും ചെയ്തു. ആഗസ്റ്റ് 15ന് കൺേഫം സമ്പ്രദായം നടപ്പാക്കാനാണ് പി.എസ്.സി തീരുമാനിച്ചിരുന്നത്. പൊലീസ് തസ്തികയിൽ ഹാൾ ടിക്കറ്റ് ഒപ്പിച്ച് തട്ടിപ്പ് നടത്തുെന്നന്ന് കണ്ടതോടെ കൺഫേം രീതി ഉടൻ നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. ചില പരിശീലന കേന്ദ്രങ്ങളിൽനിന്ന് പഠിച്ചിറങ്ങുന്നവരാണ് ‘ന്യൂജെൻ’ തട്ടിപ്പിെൻറ ആസൂത്രകർ. ഇവിടെ പഠിക്കുന്നവർ ഒരേ സമയം ഉദ്യോഗാർഥിയുടെ പ്രൊഫൈലിൽ കയറി ജനറേറ്റ് ബട്ടൺ അമർത്തുന്നതോടെ ഒരേ പരീക്ഷാകേന്ദ്രം ലഭിക്കും. ഫയർമാൻ തസ്തികയിലും ഇത്തരം തട്ടിപ്പ് നടന്നെങ്കിലും തെളിവില്ലാത്തതിനാൽ ഒന്നും ചെയ്യാനാവില്ലെന്നാണ് പി.എസ്.സി നിലപാട്.
