പി.എസ്.സി പരീക്ഷാ ക്രമക്കേട്; അന്വേഷണം പരീക്ഷാ കണ്‍ട്രോളര്‍ക്ക് നല്‍കിയ ചെയര്‍മാന്റെ തീരുമാനത്തില്‍ മറ്റു അംഗങ്ങള്‍ക്ക് അതൃപ്തിയെന്ന് സൂചന
text_fieldsതിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടിലെ അന്വേഷണം പരീക്ഷാ കണ്‍ട്രോളര്‍ക്ക് നല്‍കിയ ചെയര്‍മാന്റെ തീരുമാനത്തില്‍ മറ്റു അംഗങ്ങള്‍ക്ക് അതൃപ്തിയെന്ന് സൂചന. ബോര്‍ഡ് യോഗം ചേര്‍ന്ന് എടുത്ത തീരുമാനം ചെയര്‍മാന്‍ എം.ആര്‍. ബൈജു മാറ്റിയതിലാണ് അംഗങ്ങൾക്ക് അതൃപ്തിയുള്ളത്. സംസ്ഥാന ആസൂത്രണ ബോര്‍ഡിലേക്കുള്ള പരീക്ഷാ വിവാദത്തില്‍ പി.എസ്.സി ചെയര്‍മാനെതിരെ മറ്റു അംഗങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. ബോര്‍ഡ് യോഗത്തിലെ തീരുമാനത്തിന് വിരുദ്ധമായാണ് ചെയര്‍മാന്‍ പ്രവര്‍ത്തിച്ചതെന്നും, സെക്രട്ടറി പോലും ഇക്കാര്യം അറിഞ്ഞില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്.
അതേസമയം, അന്വേഷണം പൊലീസ് ഏറ്റെടുക്കുമെന്ന് സൂചനയുണ്ട്. ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയുമായി ബന്ധപ്പെട്ട ക്രമക്കേട് അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് നിയമോപദേശം തേടിയിട്ടുണ്ട്. പി.എസ്.സിയുടെ നേതൃത്വത്തിലുള്ള അന്വേഷണം ശരിയായ ദിശയിലല്ലെന്നാണ് ആരോപണം. ചെയര്‍മാന്റെ കീഴിലുള്ള ഉദ്യോഗസ്ഥനാണ് ഇപ്പോൾ അന്വേഷണച്ചുമതല. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ സർക്കാർതല അന്വേഷണത്തിൽ അന്തിമ തീരുമാനമെടുത്തേക്കും. പി.എസ്.സിയുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഇതിനോടകം മുഖ്യമന്ത്രിക്ക് അടക്കം ലഭിച്ചിരിക്കുന്നത്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തെ മുഴുവൻ പരീക്ഷകളിലും അന്വേഷണം വേണമെന്നും ആവശ്യം ഉയരുന്നുണ്ട്.
ആസൂത്രണ ബോർഡിലെ പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണമാണ് ചെയർമാൻ അട്ടിമറിച്ചത്. ആഭ്യന്തര വിജിലൻസിന് അന്വേഷണം കൈമാറാനാണ് പി.എസ്.സി യോഗം തീരുമാനിച്ചത്. പുതുതായി ചുമതലയേറ്റ ആഭ്യന്തര വിജിലൻസ് എസ്.പി. സിനി എഫ്. ഡെന്നീസ് ഇതുപ്രകാരം അന്വേഷണം തുടങ്ങുകയും ചെയ്തു. ആസൂത്രണ ബോർഡ്, കെ.എ.എസ്. പരീക്ഷകളുടെ മൂല്യനിർണയത്തിന് ഉപയോഗിച്ചത് സുരക്ഷാപരിശോധന നടത്താത്ത സോഫ്റ്റ്‌വെയറാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഉദ്യോഗാർഥികളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപനയ്ക്ക് വെച്ച വിവരവും പുറത്തുവന്നിരുന്നു.
തുടർന്ന്, വെള്ളിയാഴ്ച രാത്രിയാണ് അന്വേഷണം നിർത്തിവെക്കാൻ ചെയർമാൻ നിർദേശം നൽകിയത്. പരീക്ഷാ കൺട്രോളറോട് അന്വേഷിക്കാൻ വാക്കാൽ ആവശ്യപ്പെട്ടെങ്കിലും ഇവർ രേഖാമൂലമുള്ള ഉത്തരവ് ആവശ്യപ്പെട്ടു. പി.എസ്.സി വിഷയങ്ങളിൽ സ്ഥാപനത്തിനകത്ത് അന്വേഷണം നടത്താനേ പരീക്ഷാ കൺട്രോളർക്ക് അധികാരമുള്ളൂ. സാധാരണഗതിയിൽ ആഭ്യന്തര വിജിലൻസാണ് ഇത്തരം കേസുകൾ അന്വേഷിക്കാറുള്ളത്.
കഴിഞ്ഞദിവസം ചേർന്ന പി.എസ്.സി യോഗത്തിൽ പുറത്തുള്ള ഏജൻസിക്ക് അന്വേഷണം കൈമാറണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ, പി.എസ്.സിയുടെ ആഭ്യന്തര വിജിലൻസിന് അന്വേഷണച്ചുമതല നൽകാമെന്നായിരുന്നു ഒടുവിൽ ചെയർമാൻ ഉൾപ്പെടെ സമ്മതിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പി.എസ്.സി ഔദ്യോഗിക വാർത്താക്കുറിപ്പും ഇറക്കിയിരുന്നു. ആ തീരുമാനമാണ് ഇപ്പോൾ അട്ടിമറിക്കപ്പെട്ടത്. വിഷയം വിവാദമായതിനെത്തുടർന്ന് തിങ്കളാഴ്ചയിലെ യോഗത്തിൽ അന്വേഷണകാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പി.എസ്.സി വൃത്തങ്ങൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

