പി.എസ്.സി പരീക്ഷാക്രമക്കേട്; അന്വേഷണം ഉന്നതരിലേക്ക്
text_fieldsതിരുവനന്തപുരം: പി.എസ്.സി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും. പരീക്ഷ നടത്തിപ്പ് ക്രമക്കേടുകളിലും നിമനത്തിലും പി.എസ്.സിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടെന്ന വിലയിരുത്തലിലാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി). ആസൂത്രണ ബോർഡ് തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴി എസ്.ഐ.ടി രേഖപ്പെടുത്തി. ഡെപ്യൂട്ടി സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കൂടുതൽ ഉന്നതർക്ക് പരീക്ഷാതട്ടിപ്പുമായി ബന്ധമുണ്ടെന്നാണ് എസ്.ഐ.ടി വിലയിരുത്തൽ. മൂല്യനിർണയത്തിലുണ്ടായ വീഴ്ച സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനാണ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുന്നത്.
വരുംദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാൽ പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി ഇത് സാധ്യമല്ലെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുത്ത് അന്വേഷണം നടത്തേണ്ടിവരുമെന്നുമുള്ള നിലപാടിലാണ് എസ്.ഐ.ടി. അതിനിടെ നിത്യേന പുതിയ പരാതികൾ ലഭിക്കുന്നതും എസ്.ഐ.ടിക്ക് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പി.എസ്.സി വഴി നടന്ന മിക്ക പരീക്ഷകളിലും ക്രമക്കേട് നടന്നെന്ന നിലയിലുള്ള പരാതികളും തെളിവുകളുമാണ് എസ്.ഐ.ടിക്ക് ലഭിക്കുന്നത്. നിലവിൽ മൂന്ന് വകുപ്പുകളുമായി ബന്ധപ്പെട്ട പരീക്ഷാക്രമക്കേടിലാണ് അന്വേഷണം ആരംഭിച്ചത്. തിങ്കളാഴ്ച പ്രാഥമികാന്വേഷണ റിപ്പോർട്ട് എസ്.ഐ.ടി കൈമാറുമെന്നാണ് വിവരം. പി.എസ്.സി ആഭ്യന്തര വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടും തിങ്കളാഴ്ച പി.എസ്.സി യോഗവും പരിഗണിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

