പരീക്ഷ ക്രമക്കേടിൽ ഉത്തരവാദി ആര്? പരസ്പരവിരുദ്ധ മൊഴികളുമായി പി.എസ്.സി ചെയർമാനും അംഗങ്ങളും
text_fieldsതിരുവനന്തപുരം: പരീക്ഷ ക്രമക്കേട് അന്വേഷണത്തിൽ എസ്.ഐ.ടി മുമ്പാകെ ഭിന്നമൊഴി നൽകി പി.എസ്.സി ചെയർമാനും അംഗങ്ങളും. പി.എസ്.സി എല്ലാ തീരുമാനങ്ങളും കൂട്ടായാണ് എടുക്കുന്നതെന്നാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജു മൊഴി നൽകിയത്. എന്നാൽ, പല തീരുമാനങ്ങളും ചെയർമാൻ ഒറ്റക്കാണ് എടുക്കാറുള്ളതെന്നാണ് ചില അംഗങ്ങളുടെ മൊഴി.
ചില തീരുമാനങ്ങളെടുത്ത ശേഷം അടിച്ചേൽപ്പിക്കാനുള്ള നീക്കവും ചെയർമാൻ നടത്താറുണ്ടെന്ന മൊഴിയും എസ്.ഐ.ടിക്ക് മുന്നിലുണ്ട്. കേസിൽ ഇപ്പോൾ ഒളിവിൽ കഴിയുന്ന പ്രതി അഡീഷനൽ ചീഫ്സെക്രട്ടറി ആർ. ഹരിയും ചെയർമാൻ എം.ആർ. ബൈജുവും നല്ല അടുപ്പത്തിലാണെന്നും ഇരുവരും പല വിവരങ്ങളും കൈമാറാറുണ്ടെന്നും ഇത് സംബന്ധിച്ച് മറ്റ് ചില ജീവനക്കാർ തങ്ങളോട് പരാതിപ്പെട്ടിരുന്നെന്നും അംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ആറ് മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് വിധേയനായ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജു ആരോപണങ്ങളെല്ലാം തള്ളി.
റാങ്ക് പട്ടിക പ്രസിദ്ധീകരണത്തിൽ ചെയർമാനോ അംഗങ്ങളോ ഇടപെടാറില്ലെന്നും ആസൂത്രണ ബോർഡ് പരീക്ഷയിലുൾപ്പെടെ ഒരു ഇടപെടലും ഉണ്ടായില്ലെന്നും അദ്ദേഹം മൊഴി നൽകി. ഒരു കള്ളക്കളിയും നടന്നിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് ചില സാങ്കേതിക പിഴവുകളാണ് സംഭവിച്ചതെന്നും അദ്ദേഹം മൊഴി നൽകി.
ആസൂത്രണ ബോർഡ് പരീക്ഷയിൽ പ്രതിസ്ഥാനത്തുള്ള പി.എസ്.സി ഉദ്യോഗസ്ഥരായ ആർ. ഹരി, സതീഷ് എന്നിവരെ സംരക്ഷിക്കുന്ന രീതിയിലുള്ള മൊഴിയാണ് ചെയർമാൻ നൽകിയത്. ആസൂത്രണ ബോർഡ് പരീക്ഷയിലെ പത്ത് ചോദ്യങ്ങളുടെ മൂല്യനിർണയം നടക്കാതെ പോയതിന് കാരണം സാങ്കേതിക പിഴവാണെന്നും ബോധപൂർവ വീഴ്ചയല്ലെന്നുമുള്ള ഉദ്യോഗസ്ഥരുടെ മൊഴിയാണ് ചെയർമാന്റേതും.
ഇത് ക്രൈംബ്രാഞ്ച് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. ചെയർമാനെ വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ടെന്നാണ് വിവരം. മുഴുവൻ അംഗങ്ങളെയും ചോദ്യം ചെയ്തശേഷം ചെയർമാനെ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കാനാണ് സാധ്യത.
അതിനിടെ കേസിൽ പ്രതിയായ പി.എസ്.സി അഡീ. സെക്രട്ടറി ഹരി ഒളിവിൽ തുടരുകയാണ്. വീട് പൂട്ടിയ നിലയിലാണ്. കഴിഞ്ഞദിവസം അറസ്റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെത്ത മറ്റ് രണ്ട് പരീക്ഷാ ക്രമക്കേടുകളിലും അന്വേഷണം പുരോഗമിക്കുകയാണ്.

