പി.എസ്.സി പരീക്ഷയിലെ ക്രമക്കേട്: അന്വേഷണം നടക്കാനിരിക്കെ ലഭിക്കുന്നത് നിരവധി പരാതികൾ, ഡിവൈ.എസ്.പി സ്‌പെഷൽ റിക്രൂട്ട്‌മെന്റ്, കെ.എ.എസ് പരീക്ഷകളിലും ക്രമക്കേടെന്ന് ആരോപണം
text_fieldsതിരുവനന്തപുരം: പി.എസ്.സി പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കാനിരിക്കെ ലഭിക്കുന്നത് നിരവധി പരാതികൾ. അടുത്തിടെ ഉയർന്ന പരാതികളെക്കുറിച്ചാണ് ആദ്യം അന്വേഷിക്കുന്നത്. കോടതികളുടെ പരിഗണനയിലുള്ള പരാതികൾ ഈ ഘട്ടത്തിൽ പരിഗണിക്കില്ല. പ്ലാനിങ് ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷ, ഡിവൈ.എസ്.പി സ്‌പെഷൽ റിക്രൂട്ട്‌മെന്റ്, കെ.എ.എസ് എന്നിങ്ങനെ ആദ്യം അന്വേഷിക്കേണ്ട പരീക്ഷകളുടെ പട്ടിക എസ്.ഐ.ടി തയാറാക്കിയിട്ടുണ്ട്.
ഓരോ ദിവസവും ആരോപണങ്ങൾ ഉയരുന്നത് കണക്കിലെടുത്ത് പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം തുടർനടപടിയെന്ന നിലപാടാണ് എസ്.ഐ.ടിക്കുള്ളത്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. തിങ്കളാഴ്ചക്കുള്ളിൽ രേഖകൾ ആവശ്യപ്പെട്ട് പി.എസ്.സിക്ക് കത്തു നൽകും. പരീക്ഷയുമായും നിയമനവുമായും ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നൽകണം. പരാതിക്കാരുടെ മൊഴിയും പി.എസ്.സി നൽകുന്ന രേഖകളും വിശദമായി പരിശോധിച്ച് ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് നടന്നുവെന്ന് ബോധ്യപ്പെടുന്ന സാഹചര്യത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നടപടികളിലേക്ക് കടക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എ.സി.പി സക്കറിയ മാത്യു, ഡിവൈ.എസ്.പി ജി. അജയ്‌നാഥ് എന്നിവരുമുണ്ട്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കടേഷിനാണ് മേൽനോട്ടച്ചുമതല. പി.എസ്.സിയിലെ ക്രമക്കേട് ആരോപണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആദ്യമാണ്. സംഭവത്തിൽ വിജിലൻസ് വിഭാഗം പി.എസ്.സിയിൽ പരിശോധന നടത്തി ശേഖരിച്ച ഫയലുകൾ പുതിയ സംഘത്തിനു കൈമാറും.
അതേസമയം, പി.എസ്.സി പരീക്ഷയിൽ ക്രമക്കേട് നടന്നതായാണ് ഉദ്യോഗാർഥികൾ ആരോപിച്ചത്. ജൂൺ 18ന് കഴിഞ്ഞ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിസർച്ച് ഓഫിസർ പരീക്ഷയിലാണ് ക്രമക്കേട് നടന്നെന്ന ആരോപണം ഉയരുന്നത്. അനധികൃതമായി സിലബസ് മാറ്റിയെന്നും ഇക്കാര്യം അറിയിച്ചില്ലെന്നും ഉദ്യോഗാർഥികൾ പറയുന്നു. പി.എസ്.സി നടത്തുന്ന പരീക്ഷകൾക്ക് വ്യക്തമായ സിലബസ് നൽകാറുണ്ട്. പരീക്ഷയുടെ രണ്ടു മാസം മുമ്പാണ് അതുവരെ ഉണ്ടായിരുന്ന സിലബസ് മാറ്റിയത്. അറിയിപ്പില്ലാതെ അനധികൃതമായാണ് സിലബസ് മാറ്റിയതെന്ന് പരാതിയിൽ പറയുന്നു.
വർഷങ്ങളായി ഈ തസ്തികയിലേക്കുള്ള പരീക്ഷ സിലബസിൽ പ്രധാനമായും ഉൾപ്പെടുന്നത് എക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ജനറൽ നോളജ് എന്നീ വിഷയങ്ങളാണ്. ഇത്തവണ അറിയിപ്പില്ലാതെ പരീക്ഷക്ക് തൊട്ട് മുമ്പ് ജനറൽ നോളജ് ഒഴിവാക്കി കൊമേഴ്‌സ് ഉൾപ്പെടുത്തുകയായിരുന്നു. എന്നാൽ ഈ തസ്തികക്ക് എന്തിനാണ് കൊമേഴ്‌സ് ഉൾപ്പെടുത്തിയതെന്ന് ഉദ്യോഗാർഥികൾ ചോദിക്കുന്നു. മാസങ്ങളും വർഷങ്ങളും എടുത്ത് പി.എസ്.സി പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾ നിരവധിയാണ്.
ഉത്തര സൂചികയിലും ഉദ്യോഗാർഥികൾ അസ്വാഭാവികത ചൂണ്ടിക്കാണിക്കുന്നുണ്ട്. 100 ചോദ്യങ്ങളിൽ 54 ചോദ്യത്തിന്റെ ഉത്തരങ്ങളും ബി ഓപ്ഷനാണ് എന്നതാണ് അസ്വാഭാവികത. ചിലരെ സഹായിക്കാനായി നടത്തിയ ക്രമക്കേടാണിതെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. പരീക്ഷ റദ്ദാക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. മുഖ്യമന്ത്രിക്കും പി.എസ്.സി ചെയർമാനും ഉദ്യോഗാർഥികൾ പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

